33.9 C
Kottayam
Saturday, April 27, 2024

1996-ലെ ലഹരിമരുന്നുകേസ്: സഞ്ജീവ് ഭട്ടിന് 20 കൊല്ലം തടവുശിക്ഷ

Must read

അഹമ്മദാബാദ്: 1996-ലെ ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിന് 20 വര്‍ഷത്തെ തടവുശിക്ഷ വിധിച്ച് ഗുജറാത്തിലെ സെഷന്‍സ് കോടതി.മുറിയില്‍ ലഹരിമരുന്നുവെച്ച് അഭിഭാഷകനെ കുടുക്കിയെന്ന കേസിലാണ് ശിക്ഷ.

കേസില്‍ സഞ്ജീവ് ഭട്ട് കുറ്റക്കാരനെന്ന് കോടതി മാര്‍ച്ച് 26-ന് കണ്ടെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് എന്‍.ഡി.പി.എസ്. നിയമത്തിലെ 21-ാം വകുപ്പു പ്രകാരം 20 വര്‍ഷത്തെ തടവു ശിക്ഷയും രണ്ടു ലക്ഷം രൂപ പിഴയും വിധിച്ചിരിക്കുന്നത്.

1990-ലെ കസ്റ്റഡി മരണ കേസുമായി ബന്ധപ്പെട്ട് 2019-ല്‍ ഭട്ടിന് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. വിചാരണ കോടതിയുടെ വിധിക്കെതിരെ സഞ്ജീവ് ഭട്ട് നല്‍കിയ ഹര്‍ജി ജനുവരിയില്‍ ഗുജറാത്ത് ഹൈക്കോടതി തള്ളിയിരുന്നു.

1996-ല്‍ സഞ്ജീവ് ഭട്ട് ബനസ്‌ക്കന്ധ എസ്.പി.യായിരുന്നപ്പോഴുണ്ടായ സംഭവത്തിലാണ് ഇപ്പോള്‍ പാലന്‍പുര്‍ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. രാജസ്ഥാനിലെ അഭിഭാഷകനായ സുമേര്‍സിങ് രാജപുരോഹിതിനെ മയക്കുമരുന്നു കേസില്‍പ്പെടുത്തിയെന്നാണ് കേസ്. പാലന്‍പുരില്‍ അഭിഭാഷകന്‍ താമസിച്ച മുറിയില്‍ 1.15 കിലോ കറുപ്പ് ഒളിപ്പിച്ചുവെച്ച ശേഷം അറസ്റ്റ് ചെയ്തുവെന്നാണ് ആരോപണം.

പിന്നീട് രാജസ്ഥാന്‍ പോലീസിന്റെ അന്വേഷണത്തില്‍ കേസ് വ്യാജമെന്ന് കണ്ടെത്തി. ഗുജറാത്ത് ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് സഞ്ജീവ് ഭട്ടിനെ 2018-ല്‍ അറസ്റ്റ്ചെയ്തത്. ഇതിനിടെ ജംജോധ്പുരിലെ കസ്റ്റഡി മരണക്കേസില്‍ ഭട്ടിനെ ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തു.

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് അന്നത്തെ മുഖ്യമന്ത്രി നരേന്ദ്രമോദിക്കെതിരേ സഞ്ജീവ് ഭട്ട് തെളിവ് നല്‍കിയതോടെയാണ് സംസ്ഥാന സര്‍ക്കാര്‍ അദ്ദേഹത്തിനെതിരായ കേസുകള്‍ സജീവമാക്കിയത്. 20 വര്‍ഷത്തിനുശേഷമാണ് മയക്കുമരുന്ന് കേസില്‍ ഗുജറാത്ത് ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവായത്. ഹര്‍ജിക്കാരനായ പോലീസ് ഇന്‍സ്പെക്ടര്‍ ഐ.ബി. വ്യാസ് ആദ്യം പ്രതിപ്പട്ടികയില്‍ ഉണ്ടായിരുന്നു. പിന്നീട് ഭട്ടിനെതിരേ മൊഴിനല്‍കി മാപ്പുസാക്ഷിയായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week