NationalNews

MIGRATION ✈️2011 മുതൽ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചത് 16 ലക്ഷം പേർ,കഴിഞ്ഞവർഷം മാത്രം 2 ലക്ഷത്തിലധികം- കേന്ദ്രം

ന്യൂഡല്‍ഹി: 2011 മുതലുള്ള കാലയളവില്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചത് 16 ലക്ഷത്തിലധികം പേര്‍. 2022-ല്‍ മാത്രം 2,25,620 പേരാണ് പൗരത്വം ഉപേക്ഷിച്ചത്. ഇതാകട്ടെ 2011 മുതലുള്ള കാലത്തെ ഏറ്റവും ഉയര്‍ന്ന കണക്കാണ്. 2020-ലാണ് ഏറ്റവും കുറഞ്ഞ സംഖ്യ രേഖപ്പെടുത്തിയിട്ടുള്ളത്. 85,256 പേരാണ് 2020-ല്‍ പൗരത്വം വേണ്ടെന്നുവെച്ചത്. കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരമുള്ള വിവരങ്ങളാണിവ. വിഷയവുമായി ബന്ധപ്പെട്ട് രാജ്യസഭയിലുന്നയിച്ച ചോദ്യത്തിന് മറുപടിയായി കേന്ദ്ര വിദേശകാര്യമന്ത്രി ഡോ. എസ്. ജയ്ശങ്കറാണ് കണക്ക് വ്യക്തമാക്കിയത്.

2015-ല്‍ 1,31,489 പേരും 2016-ല്‍ 1,41,603 പേരും, 2017-ല്‍ 1,33,049 പേരും പൗരത്വം ഉപേക്ഷിച്ചു. 1,34,561 പേരാണ് 2018-ല്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചത്. 2019-ല്‍ ഇത് 1,44,017 ആയി ഉയര്‍ന്നു. തൊട്ടടുത്ത കൊല്ലം ഇത് 85,256 ആയി കുറഞ്ഞിരുന്നു. എന്നാല്‍ 2021-ല്‍ ഇത് വീണ്ടുമുയര്‍ന്ന് 1,63,440 ആയി. 2011 മുതല്‍ ഇതുവരെ ഇന്ത്യന്‍ പൗരത്വം വേണ്ടെന്നുവെച്ചത് 16, 63,440 പേരാണ്.

കഴിഞ്ഞ മൂന്ന് കൊല്ലത്തിനിടെ അഞ്ച് ഇന്ത്യക്കാര്‍ യുഎഇ പൗരത്വം കരസ്ഥമാക്കിയതായി പ്രത്യേക ചോദ്യത്തിനു മറുപടിയായി ജയ്ശങ്കര്‍ പറഞ്ഞു. ഇന്ത്യയില്‍ നിന്നുള്ളവര്‍ പൗരത്വം നേടിയ 135 രാജ്യങ്ങളുടെ പട്ടികയും അദ്ദേഹം നല്‍കി.

കഴിഞ്ഞ കുറച്ചുമാസങ്ങളിലായി യുഎസ് കമ്പനികളില്‍ നിന്ന് പിരിച്ചുവിട്ട ഇന്ത്യാക്കാരുടെ വിഷയം സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കുന്നതായി മറ്റൊരു ചോദ്യത്തിനു മറുപടിയായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ വ്യക്തമാക്കി. എച്ച്-1ബി, എല്‍1 വിസകളുള്ള ഇന്ത്യാക്കാരാണ് ഇക്കൂട്ടത്തില്‍ ഒരുവിഭാഗമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഐടി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുള്‍പ്പെടെ മികച്ച പ്രവര്‍ത്തന നൈപുണ്യമുള്ള ഇന്ത്യാക്കാരുടെ യുഎസ് കുടിയേറ്റവുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങള്‍ യുഎസ് അധികൃതരുമായി കേന്ദ്രസര്‍ക്കാര്‍ നിരന്തരം ചര്‍ച്ച ചെയ്യാറുണ്ടെന്നും മുരളീധരന്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button