ചെന്നൈ: തമിഴ്‌നാട്ടിലെ ട്രാൻസ്പോർട്ട് കോർപ്പറേഷനുകളുടെ പ്രതിദിന നഷ്ടം 15 കോടി രൂപ. സർക്കാർ ബസുകളിലെ ടിക്കറ്റ് നിരക്കുവഴിയുള്ള വരുമാനം പ്രതിദിനം 25 കോടി രൂപയാണ്. എന്നാൽ, ഡീസൽ ചെലവ്, ശമ്പളം, ടോൾ നിരക്ക്, കസ്റ്റംസ് തീരുവ തുടങ്ങിയവ കണക്കാക്കിയാൽ നഷ്ടം 15 കോടി രൂപയിലെത്തും.
എട്ടു ട്രാൻസ്പോർട്ട് കോർപ്പറേഷനുകളുടെ കഴിഞ്ഞ നാലുവർഷത്തെ നഷ്ടം 25,160 കോടി രൂപയാണ്. 2017-2018 കാലയളവിൽ പ്രതിദിന നഷ്ടം ഒമ്പതു കോടിയായിരുന്നത് 2021-2022 ൽ 18 കോടിയായി ഉയർന്നു. എന്നാൽ, 2022 ഏപ്രിലിനും 2023 ഫെബ്രുവരിക്കും ഇടയിൽ പ്രതിദിന നഷ്ടം 15 കോടിയായി കുറഞ്ഞു.
2022-ൽ ട്രാൻസ്പോർട്ട് കോർപ്പറേഷനുകൾ 12,007 കോടി രൂപ വരുമാനം നേടി. ടിക്കറ്റു നിരക്കു വഴി 6,705.69 കോടിയും പരസ്യം ഉൾപ്പെടെ പ്രവർത്തനേതര വരുമാനം വഴി 5,256.86 കോടിയും നേടി. എങ്കിലും ചെലവ് 16,985 കോടിയായി ഉയർന്നു. ജീവനക്കാരുടെ ശമ്പളത്തിൽ മാത്രം 9,015 കോടി രൂപയാണ് ചെലവ്. ഇന്ധനച്ചെലവ് 4,815.94 കോടിയും വായ്പാ പലിശ നിരക്ക് 11 ശതമാനവുമാണ്.
തമിഴ്‌നാട് ട്രാൻസ്പോർട്ട് കോർപ്പറേഷനുകൾക്കു കീഴിൽ 19,000 ബസുകളുണ്ട്. 1.25 ലക്ഷം ജീവനക്കാരുണ്ട്. പ്രതിദിനം 1.30 കോടി പേർ സർക്കാർ ബസുകളിൽ യാത്രചെയ്യുന്നു. 35 ലക്ഷം വിദ്യാർഥികളും 55 ലക്ഷം സ്ത്രീകളും പ്രതിദിനം സൗജന്യമായി യാത്ര നടത്തുന്നു. മുതിർന്ന പൗരർക്കും ഭിന്നശേഷിക്കാർക്കും സൗജന്യയാത്ര അനുവദിച്ചിട്ടുണ്ട്.
സൗജന്യ യാത്രകളുടെ ടിക്കറ്റ് നിരക്ക് സർക്കാർ ട്രാൻസ്പോർട്ട് കോർപ്പറേഷനുകൾക്ക് നൽകുന്നു. ട്രാൻസ്പോർട്ട് കോർപ്പറേഷനുകൾ ടോൾ നിരക്കായി മാത്രം പ്രതിമാസം 30 കോടി രൂപ നൽകുന്നുണ്ട്. ചെന്നൈ മുതൽ കന്യാകുമാരി വരെ 13 ടോൾ പ്ലാസകളുണ്ട്. ദീപാവലി, പൊങ്കൽ തുടങ്ങിയ ആഘോഷങ്ങളിൽ പ്രത്യേക ബസുകൾ ഓടിക്കുന്നുണ്ടെങ്കിലും ഇതും നഷ്ടത്തിലാണ് കലാശിക്കുന്നത്.
വർധിച്ചുവരുന്ന ഡീസൽ വില, ടോൾ നിരക്ക്, കസ്റ്റംസ് തീരുവ, അസംസ്കൃത വസ്തുക്കളുടെ വില വർധന, പെൻഷൻകാർക്ക് നൽകാനുള്ള തുക, വർഷം തോറും ശമ്പള വർധന, ക്ഷാമബത്ത തുടങ്ങി വിവിധ ചെലവുകൾ വർധിച്ചത് കടുത്ത നഷ്ടത്തിലേക്കു നയിക്കാനുള്ള പ്രധാന കാരണങ്ങളായി അധികൃതർ ചൂണ്ടിക്കാട്ടുന്നു.
നിലവിൽ പഴഞ്ചൻ ബസുകൾ മാറ്റി പുതിയവ വാങ്ങാൻപോലും ട്രാൻസ്പോർട്ട് കോർപ്പറേഷനുകൾക്ക് സാമ്പത്തിക സ്രോതസ്സില്ലാത്ത അവസ്ഥയാണ്. അഞ്ചുവർഷം മുമ്പാണ് സർക്കാർ ബസുകളിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചത്. കഴിഞ്ഞ നാല് വർഷത്തിനിടെ ഇന്ധനച്ചെലവിൽ 955 കോടി രൂപയുടെ വർധനയുണ്ടായിട്ടും ടിക്കറ്റ് നിരക്ക് വരധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചിട്ടില്ല.