CrimeKeralaNews

ശ്രീചിത്ര പുവർ ഹോമിൽ 14കാരന് അതിക്രൂര മർദനം;അഞ്ച് സഹപാഠികൾ ചേർന്ന് മർദ്ദിച്ചെന്ന് പരാതി

തിരുവനന്തപുരം: ശ്രീചിത്ര പുവർ ഹോമിൽ 14കാരന് സഹപാഠികളുടെ ക്രൂരമർദനം. ആര്യനാട് സ്വദേശിയായ കുട്ടിയെ അഞ്ച് സഹപാഠികൾ ചേർന്നാണ് മർദിച്ചത്. ഇരുമ്പുവടി കൊണ്ട് അടിച്ചെന്നും ബൂട്ടിട്ട് ചവിട്ടിയെന്നും പരാതിയുണ്ട്. നടുവിനും കാലിനും സാരമായി പരിക്കേറ്റ കുട്ടി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

‘ആദ്യം ഒരാൾ കവിളത്തടിച്ചു. പിന്നീട് ഒരാൾ പിന്നിൽ നിന്ന് തലയിൽ ഷീറ്റ് മൂടി അടിച്ചു. ഒരാൾ പാത്രം കൊണ്ട് തലയ്ക്കടിച്ചു. ശേഷം അടുത്ത മുറിയിൽ കൊണ്ടുപോയി. കൈ കയറുകൊണ്ട് കെട്ടി. ‘- മർദനമേറ്റ കുട്ടി പറഞ്ഞു. അതേസമയം, പൊലീസിൽ പരാതിപ്പെടാൻ ശിശു പരിപാലന സമിതി പറഞ്ഞെങ്കിലും പുവർ ഹോം സൂപ്രണ്ട് ഇതിനെ എതിർത്തതായി കുട്ടിയുടെ മാതാവ് പറഞ്ഞു. മർദിച്ച കുട്ടികളെ മാറ്റാൻ ആവശ്യപ്പെട്ട് സിഡബ്ല്യൂസിയ്ക്ക് കത്തയക്കുന്നുണ്ടെന്നും അപ്പോൾ വിളിക്കുമ്പോൾ വന്നാൽ മതിയെന്നും സൂപ്രണ്ട് പറഞ്ഞിരുന്നെങ്കിലും ഇതുവരെ നടപടിയൊന്നും എടുത്തില്ലെന്നും കുട്ടിയുടെ അമ്മ വ്യക്തമാക്കി.

ഈ മാസം ആറിന് ഓണാഘോഷം നടക്കുന്നതിനിടെയാണ് കുട്ടിക്ക് മർദനമേറ്റത്. ഈ വിവരം കുട്ടി ആരെയും അറിയിച്ചിരുന്നില്ല. എന്നാൽ അവധിക്ക് വീട്ടിലെത്തിയ കുട്ടിയോട് വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് മർദനമേറ്റ കാര്യം പറഞ്ഞത്. തുടർന്ന് കുട്ടിയെ നെടുമങ്ങാട് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു. വിഷയത്തിൽ കുട്ടിയുടെ ബന്ധുക്കൾ വകുപ്പുമന്ത്രിക്ക് പരാതി നൽകാനൊരുങ്ങുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button