കൃഷ്ണഗിരി: തമിഴ്നാട്ടിലെ കൃഷ്ണഗിരിയിൽ വ്യാജ എൻസിസി ക്യാംപിൽ പങ്കെടുത്ത 13 പെൺകുട്ടികൾക്ക് ലൈംഗിക പീഡനത്തിനിരയായെന്ന റിപ്പോർട്ടിൽ ഇടപെട്ട് ദേശീയ വനിതാ കമ്മീഷൻ. ഓഗസ്റ്റ് ആദ്യ വാരം കൃഷ്ണഗിരിയിലെ സ്വകാര്യ സ്കൂളിൽ വച്ച് നടന്ന വ്യാജ എൻസിസി ക്യാംപിൽ വച്ചാണ് അതിക്രമം നടന്നത്. സ്കൂൾ പരിസരത്ത് സംഘടിപ്പിച്ച ക്യാംപിൽ വച്ചായിരുന്നു അതിക്രമം. സംഭവത്തിൽ ക്യാംപ് സംഘടിപ്പിച്ചവർ അടക്കമുള്ള 11 പേരെ ഇതിനോടകം പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്. സ്കൂൾ പ്രിൻസിപ്പലും അധ്യാപകരും അടക്കമുള്ളവരാണ് അറസ്റ്റിലായിട്ടുള്ളത്. 17 പെൺകുട്ടികൾ അടക്കം 41 വിദ്യാർത്ഥികളാണ് ക്യാംപിൽ പങ്കെടുത്തത്. ക്യാംപിലുണ്ടായ അതിക്രമത്തേക്കുറിച്ച് വീട്ടിലെത്തിയ ഒരു പെൺകുട്ടി രക്ഷിതാക്കളോട് പറഞ്ഞതോടെയാണ് സംഭവം പുറത്ത് വരുന്നത്. സംഭവത്തേക്കുറിച്ച് അധ്യാപകർക്ക് അറിവുണ്ടായിരുന്നുവെങ്കിലും മറച്ച് വയ്ക്കാനുള്ള ശ്രമങ്ങൾ നടന്നതായാണ കൃഷ്ണഗിരി ഡിഎസ്പി പി തംഗദുരൈ മാധ്യമങ്ങളോട് പ്രതികരിച്ചത്.
എൻസിസി യൂണിറ്റില്ലാത്ത സ്കൂളിൽ വച്ച് ക്യാംപ് നടത്തിയാൽ യൂണിറ്റ് അനുവദിക്കുമെന്നാണ് ക്യാംപ് സംഘാടകർ സ്കൂൾ അധികൃതരെ ബോധിപ്പിച്ചിരുന്നത്. സംഘാടകരേക്കുറിച്ചുള്ള പശ്ചാത്തല പരിശോധനകൾ പോലും നടത്താതെയാണ് ക്യാംപ് നടത്താൻ അനുമതി നൽകിയതെന്നാണ് പൊലീസ് വിശദമാക്കുന്നത്.
ഓഗസ്റ്റ് 5 മുതൽ ഓഗസ്റ്റ് 9 വരെയായിരുന്നു ത്രിദിന ക്യാംപ് നടന്നത്. പെൺകുട്ടികൾ രാത്രിയിൽ തങ്ങിയിരുന്ന ഓഡിറ്റോറിയത്തിൽ വച്ചാണ് പീഡനം നടന്നത്. അതേസമയം സ്കൂളിൽ നടന്ന ക്യാംപുമായി ബന്ധമില്ലെന്നും സംഘാടകർ എൻസിസിയുമായി ബന്ധമുള്ളവർ അല്ലെന്നും എൻസിസി വിശദമാക്കി. ഈ സ്ഥാപനം എൻസിസിയിൽ എൻറോൾ ചെയ്തിട്ടില്ലെന്നും അധികൃതർ വിശദമാക്കി.