ന്യൂഡൽഹി: റഷ്യ-യുക്രൈൻ യുദ്ധത്തിൽ 12 ഇന്ത്യക്കാർ കൊല്ലപ്പെടുകയും 16 പേരെ കാണാതാവുകയും ചെയ്‌തതായി വിദേശകാര്യ മന്ത്രാലയം. മരിച്ച ഇന്ത്യക്കാർ റഷ്യയുടെ ഭാഗത്ത് നിന്ന് പോരാടിയവരാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. മൂന്നാം വർഷത്തിലേക്ക് കടന്ന യുദ്ധത്തിൽ നിരവധി ഇന്ത്യക്കാരാണ് റഷ്യക്ക് വേണ്ടി പോരാടുന്നത്. ഇവരിൽ 12 പേരുടെ മരണമാണ് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചത്. ഇതുമായി ബന്ധപ്പെട്ട കണക്കുകളും മന്ത്രാലയം പുറത്തുവിട്ടു.
ഇതുവരെ റഷ്യൻ ആർമിയിൽ സേവനമനുഷ്ഠിക്കുന്ന 126 ഇന്ത്യൻ പൗരന്മാർ ഉണ്ട്. ഈ 126 കേസുകളിൽ 96 പേർ ഇന്ത്യയിൽ തിരിച്ചെത്തി. റഷ്യൻ സൈന്യത്തിൽ 18 ഇന്ത്യൻ പൗരന്മാർ ഇപ്പോഴും അവശേഷിക്കുന്നു, അവരിൽ 16 പേർ എവിടെയാണെന്ന് അറിവായിട്ടില്ല; മന്ത്രാലയം വ്യക്തമാക്കി. എംഇഎ വക്താവ് രൺധീർ ജയ്‌സ്വാൾ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
റഷ്യ അവരെ കാണാതായതായി സ്ഥിരീകരിച്ചിട്ടുണ്ട്…അവശേഷിക്കുന്നവരെ നേരത്തെ മോചിപ്പിക്കാനും തിരിച്ചയക്കാനും ഞങ്ങൾ ശ്രമം തുടരുകയാണ്. റഷ്യൻ സൈന്യത്തിൽ സേവനമനുഷ്‌ഠിച്ച 12 ഇന്ത്യൻ പൗരന്മാർ മരിച്ചു; ജയ്‌സ്വാൾ കൂട്ടിച്ചേർത്തു. റഷ്യൻ സൈന്യം റിക്രൂട്ട് ചെയ്‌ത ഒരു ഇന്ത്യൻ പൗരന്റെ മരണത്തെ തുടർന്നാണ് വിദേശകാര്യ മന്ത്രാലയം ഈ കണക്കുകൾ പുറത്തുവിട്ടത്.
അടുത്തിടെയാണ് യുദ്ധത്തിന്റെ മുൻനിരയിലുള്ള ഒരു മലയാളി കൊല്ലപ്പെടുകയും ബന്ധുവിന് ഗുരുതരമായ പരിക്കേൽക്കുകയും ചെയ്‌തത്. തൃശൂർ ജില്ലയിലെ വടക്കാഞ്ചേരി സ്വദേശി ബിനിൽ ടിബി (32) ആണ് ആക്രമണത്തിൽ മരിച്ചത്. അദ്ദേഹത്തിന്റെ ബന്ധു കൂടിയായ ജെയിൻ ടികെ (27) പരിക്കേറ്റ് ചികിത്സയിൽ കഴിയുകയാണ്.
'ബിനിൽ ബാബുവിന്റെ മരണം അങ്ങേയറ്റം ദൗർഭാഗ്യകരമാണ്. ഞങ്ങൾ കുടുംബത്തെ അനുശോചനം അറിയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഭൗതിക ശരീരം എത്രയും വേഗം ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാൻ ഞങ്ങളുടെ എംബസി റഷ്യൻ അധികാരികളുമായി ബന്ധപ്പെട്ടിരിക്കുകയാണ്' ബിനിലിന്റെ മരണത്തിൽ ദുഃഖം അറിയിച്ചുകൊണ്ട് ജയ്‌സ്വാൾ പറഞ്ഞു.
ഇലക്‌ട്രീഷ്യൻ, പാചകത്തൊഴിലാളി, പ്ലംബർ, ഡ്രൈവർ എന്നീ തസ്‌തികളിൽ രാജ്യത്തെ സൈനിക സഹായ സേവനത്തിൽ ജോലി ലഭിക്കുമെന്ന പ്രതീക്ഷയിൽ ഏപ്രിലിൽ റഷ്യയിലേക്ക് പോയ നിരവധി ഇന്ത്യൻ യുവാക്കളിൽ ഉൾപ്പെടുന്നവരാണ് ബിനിലും ജെയിനും. എന്നാൽ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെയാണ് മരണവാർത്ത പുറത്തുവന്നത്.
മോസ്‌കോയിലെ അധികാരികളോടും ന്യൂഡൽഹിയിലെ റഷ്യൻ എംബസിയോടും ഇക്കാര്യം ശക്തമായി ഉന്നയിച്ചിട്ടുണ്ടെന്നാണ് ഈ ആഴ്‌ച ആദ്യം വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത്. പരിക്കേറ്റ ജെയിനിനെ എത്രയും പെട്ടെന്ന് ഇന്ത്യയിൽ എത്തിക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്.