കാഞ്ഞിരപ്പള്ളി: കൈയില്‍ തട്ടിയ കാപ്പിക്കമ്പില്‍ പിടിച്ച് ജീവിതത്തിന്റെ കരയിലേയ്ക്ക് കയറി 11 കാരന്‍ ജെബിന്‍. ഉരുള്‍പൊട്ടലില്‍ കുത്തിയൊലിച്ചുവന്ന മലവെള്ളത്തില്‍ നിന്ന് അത്ഭുതകരമായാണ് ജെബിന്‍ ജീവിതത്തിലേയ്ക്ക് തിരികെ എത്തിയത്. എന്നാല്‍ ജെബിന് നഷ്ടപ്പെട്ടതാകട്ടെ സ്വന്തം പിതാവിനെയും.
കൊക്കയാര്‍ മാക്കോച്ചി ഭാഗത്ത് താമസിക്കുന്ന ചിറയില്‍ ഷാജിയുടെ മകനാണ് ജെബിന്‍. ഷാജിയുടെ മൃതദേഹം ഏറെനേരത്തെ, തെരച്ചിലിനൊടുവില്‍ കിലോമീറ്ററുകള്‍ അകലെ മണിമലയാറ്റില്‍ നിന്നാണ് കണ്ടെടുത്തത്. ‘ഞാന്‍ ഒഴുകിപ്പോകുമ്പോള്‍ വലിയ പാറക്കല്ലുകള്‍ വന്നുവീഴുന്നതിന്റെ ശബ്ദം കേള്‍ക്കുന്നുണ്ടായിരുന്നു. ചിലത് അച്ഛന്റെ ദേഹത്ത് വീഴുന്നതും കണ്ടു” -ജെബിന്‍ പറഞ്ഞു.
ചെറിയ പരിക്കുകളോടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ച ജെബിന്‍ ഞായറാഴ്ച ഉച്ചയോടെ ആശുപത്രി വിട്ടു. സംഭവം നടക്കുമ്പോള്‍ ജെബിനും ഷാജിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ശനിയാഴ്ച ഉച്ചയോടെ വീടിനുമുകളില്‍നിന്ന് വലിയ ശബ്ദത്തോടെ വെള്ളവും കല്ലും ഒഴുകിയെത്തുന്നതുകണ്ടാണ് വീടിനുപുറത്തേക്ക് ഇറങ്ങിയത്. നിമിഷങ്ങള്‍ക്കുള്ളില്‍ പാഞ്ഞെത്തിയ വെള്ളം ജെബിനെയും ഷാജിയെയും ഒഴുക്കിക്കൊണ്ടുപോവുകയായിരുന്നു.
വീടിനുമുന്നിലൂടെ ഒഴുകുന്ന പുല്ലകയാറിന്റെ സമീപംവരെ ജെബിന്‍ ഒഴുകിയെത്തി. കാല്‍ ചെളിക്കുഴിയില്‍ താഴ്ന്നുപോയെങ്കിലും സമീപത്തുനിന്നിരുന്ന കാപ്പിയുടെ കമ്പില്‍ പിടിത്തംകിട്ടി. അതില്‍ തൂങ്ങിക്കയറി സമീപത്തെ വീട്ടിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. മുഖത്ത് ചെളിയില്‍ ഉരഞ്ഞുള്ള പോറലും കാലിന് ചെറിയ പരിക്കുകളുമാണ് ജെബിന് ഉള്ളത്. അമ്മ ആനി എറണാകുളത്തായിരുന്നു. സഹോദരങ്ങളായ ജെറിനും ജെസ്റ്റിനും ഈ സമയം വീട്ടിലുണ്ടായിരുന്നില്ല.