KeralaNews

അമ്മയ്ക്കും കുഞ്ഞിനും പുതുജീവനേകി കനിവ് 108 ആംബുലന്‍സ്

തിരുവനന്തപുരം: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കാറില്‍ പ്രസവിച്ച അമ്മയ്ക്കും കുഞ്ഞിനും പുതുജീവനേകി കനിവ് 108 ആംബുലന്‍സ് ജീവനക്കാര്‍. ഇടുക്കി വട്ടവട കോവിലൂര്‍ സ്വദേശി കൗസല്യ (20) ആണ് കനിവ് 108 ആംബുലന്‍സിന്റെ പരിചരണത്തില്‍ ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്.

അടിമാലിയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. സമയബന്ധിതമായി പ്രവര്‍ത്തിച്ച 108 ആംബുലന്‍സ് ജീവനക്കാരെ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അഭിനന്ദിച്ചു. കോവിഡ് പ്രതിരോധത്തിനിടയിലും ആരോഗ്യ പ്രവര്‍ത്തകര്‍ നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും മന്ത്രി വ്യക്തമാക്കി.

ചൊവ്വാഴ്ച പുലര്‍ച്ചെ 1.55ന് ആണ് സംഭവം. കലശലായ പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കൗസല്യയുമായി ബന്ധുക്കള്‍ കാറില്‍ ആശുപത്രിയിലേക്ക് തിരിച്ചു. ഇതിനിടയില്‍ ഇവര്‍ 108 ആംബുലന്‍സിന്റെ സേവനവും തേടി. കണ്‍ട്രോള്‍ റൂമില്‍ നിന്ന് ഉടന്‍ തന്നെ അത്യാഹിത സന്ദേശം വട്ടവട കുടുംബാരോഗ്യ കേന്ദ്രത്തിലെ കനിവ് 108 ആംബുലന്‍സിന് കൈമാറി. എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ ബി.എസ്. അജീഷ്, പൈലറ്റ് നൗഫല്‍ ഖാന്‍ എന്നിവര്‍ ഉടന്‍ സ്ഥലത്തേക്ക് തിരിച്ചു.

യാത്രാമധ്യേ കൗസല്യയുടെ നില വഷളാകുകയും തുടര്‍ന്ന് കാറില്‍ മുന്നോട്ട് പോകാന്‍ പറ്റാത്ത അവസ്ഥയുമായി. പാമ്പാടുംചോല ദേശിയ പാര്‍ക്കിന് സമീപം വച്ച് കനിവ് 108 ആംബുലന്‍സ് എത്തുകയും തുടര്‍ന്ന് എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ അജീഷ് നടത്തിയ പരിശോധനയില്‍ പ്രസവം എടുക്കാതെ കൗസല്യയെ ആംബുലന്‍സിലേക്ക് മാറ്റാന്‍ കഴിയാത്ത സാഹചര്യം ആണെന്നും മനസിലാക്കി.

ഉടന്‍ തന്നെ അജീഷും നൗഫലും കാറിനുള്ളില്‍ വച്ചുതന്നെ പ്രസവം എടുക്കേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കി. 2.15ന് കാറിനുള്ളില്‍ വച്ച് അജീഷിന്റെ പരിചരണത്തില്‍ കൗസല്യ കുഞ്ഞിന് ജന്മം നല്‍കി. പ്രസവ ശേഷം അമ്മയ്ക്കും കുഞ്ഞിനും പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം ഇരുവരെയും ആംബുലന്‍സിന് ഉള്ളിലേക്ക് മാറ്റി. ഉടന്‍ തന്നെ ഇരുവരെയും മൂന്നാര്‍ ഹൈറേഞ്ച് ആശുപത്രിയിലും തുടര്‍ന്ന് അടിമാലിയില്‍ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button