KeralaNews

സഹകരണ സൊസൈറ്റിയിൽ 10 കോടിയുടെ തട്ടിപ്പ്; ബി.ജെ.പി. നേതാക്കൾക്കെതിരേ കേസ്

തിരുവനന്തപുരം: നിക്ഷേപകരുടെ പത്തുകോടിയിലധികം രൂപ തട്ടിയെന്ന പരാതിയിൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഭാരവാഹികൾക്കെതിരേ പോലീസ് കേസെടുത്തു. തകരപ്പറമ്പിലുള്ള തിരുവിതാംകൂർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ 11 ബോർഡംഗങ്ങളുടെ പേരിലാണ് കേസ്.

50-ലധികം പേരുടെ പരാതിയെത്തുടർന്നാണ് നടപടി. ബി.ജെ.പി. നേതാക്കളാണ് സംഘത്തിന്റെ ബോർഡിലുള്ളത്. ബി.ജെ.പി. നേതാവ് എം.എസ്.കുമാർ സംഘത്തിന്റെ മുൻ പ്രസിഡന്റായിരുന്നു.നിലവിൽ പോലീസ് മൂന്ന്‌ കേസാണെടുത്തത്. നിക്ഷേപിച്ച പണം തിരികേ കിട്ടാത്തതിനെത്തുടർന്നാണ് പരാതിക്കാർ പോലീസിനെ സമീപിച്ചത്. നിലവിൽ അഡ്മിനിസ്‌ട്രേറ്ററുടെ ഭരണത്തിലാണ് സൊസൈറ്റിയെന്നും ബോർഡംഗങ്ങൾ ഇപ്പോൾ ഒളിവിലാണെന്നും പോലീസ് പറഞ്ഞു.

100-ലധികം പേർക്കാണ് പണം തിരികേ കിട്ടാനുള്ളത്. പലതവണ സൊസൈറ്റിയുമായി ബന്ധപ്പെട്ടെങ്കിലും പണം ലഭിച്ചില്ലെന്നാണ് നിക്ഷേപകരുടെ പരാതിയിൽ പറയുന്നത്. ഇതിന് ആറ്റുകാലിലും ശാഖയുണ്ട്. പ്രധാന ഓഫീസും ശാഖയും പൂട്ടിയനിലയിലാണ്. പത്തുകോടിക്കു മുകളിൽ നിക്ഷേപകർക്ക് നൽകാനുണ്ടെന്നാണ് വിവരമെന്നും കണക്കെടുക്കാൻ താമസിക്കുമെന്നും പോലീസ് പറഞ്ഞു.

സൊസൈറ്റി പ്രസിഡന്റിനെ ഒന്നും സെക്രട്ടറിയെ രണ്ടും പ്രതികളാക്കിയാണ് കേസ് രജിസ്റ്റർ ചെയ്തത്‌. നിലവിൽ 85 പേരാണ് പരാതി നൽകിയത്. ഇതിൽ മൂന്നുപേരുടെ പരാതിയിൽ വെള്ളിയാഴ്ച രാത്രിയോടെ കേസ് രജിസ്റ്റർ ചെയ്തു.

സ്റ്റാച്യു സ്വദേശി ടി.സുധാദേവി(77)യുടെ പരാതിയിലാണ് ആദ്യം കേസ് എടുത്തത്. ഇവർക്ക് 85 ലക്ഷം രൂപ നഷ്ടമായി. കഴിഞ്ഞ ഏപ്രിൽ 28-ന് നിക്ഷേപത്തിന്റെ കാലാവധി പൂർത്തിയായെങ്കിലും പണം നൽകിയില്ല. വഞ്ചിയൂർ ചിറക്കുളം സ്വദേശി വി.എസ്.ദിവ്യയുടെ 4.70 ലക്ഷം രൂപ നഷ്ടമായെന്നാണ് പരാതി. വെള്ളനാട് സ്വദേശി ദിനചന്ദ്രന് 20 ലക്ഷം രൂപയാണ് നഷ്ടമായി. 50 ലക്ഷം രൂപ മുതൽ നിക്ഷേപിച്ചിട്ടുള്ളവർ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് വിവരം. പെൻഷൻ പറ്റിയവരാണ് കൂടുതലും നിക്ഷേപകർ.

നിക്ഷേപത്തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ചിന് വിട്ടേക്കും. അന്വേഷണം ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന് കൈമാറാനാണ് സാധ്യത. ഇതു ചൂണ്ടിക്കാട്ടി ഫോർട്ട്‌ പോലീസ് കമ്മിഷണർക്ക് റിപ്പോർട്ട് സമർപ്പിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker