KeralaNews

മകൾ ​പ്രണയത്തില്‍,​ഗർഭിണിയാണെന്ന് അറിഞ്ഞില്ല; അമ്മയുടെ വെളിപ്പെടുത്തല്‍ ​

ആലപ്പുഴ: തകഴിയിൽ മൃതദേഹം പുറത്തെടുത്ത് മോർച്ചറിയിലേക്കു മാറ്റിയെങ്കിലും മരണകാരണമറിയാൻ പോസ്റ്റുമോർട്ടം കഴിയുംവരെ കാത്തിരിക്കണം. ജനിച്ചപ്പോൾത്തന്നെ കുഞ്ഞു മരിച്ചോ…അതോ കൊന്നതാണോ…ആണെങ്കിൽ ആര്…എവിടെവെച്ച്… പോലീസ് ഉത്തരം തേടുന്നു. ബുധനാഴ്ച പുലർച്ചെ 1.30-നാണ് പൂച്ചാക്കലിലെ വീട്ടിൽ മുറിയിൽവെച്ച് യുവതി പ്രസവിച്ചത്. അച്ഛനുമമ്മയും സഹോദരനും വീട്ടിലുണ്ടായിരുന്നു. കുഞ്ഞിന്റെ കരച്ചിൽ ആരും കേട്ടിരുന്നില്ലേയെന്ന സംശയവും ബാക്കി.

വെള്ളിയാഴ്ച കാമുകൻ കുഞ്ഞിനെ കൊണ്ടുപോയി കുഴിച്ചിട്ടെന്നാണു വിവരം. കൊണ്ടുപോകുമ്പോൾ ജീവനുണ്ടായിരുന്നോയെന്നും കണ്ടെത്തണം. കഴിഞ്ഞദിവസങ്ങളിൽ തോമസ് ജോസഫ് കൂട്ടുകാരന്റെ വീട്ടിലുണ്ടായിരുന്നതായാണ് വിവരം. അശോക് ജോസഫിന്റെ അച്ഛൻ ഉൾനാടൻ മത്സ്യത്തൊഴിലാളിയാണ്. ജോലിക്കുപോയാൽ രണ്ടുമൂന്നുദിവസം കഴിഞ്ഞേ വരൂ. അമ്മ കൊല്ലത്ത് മകളുടെ വീട്ടിലായിരുന്നു. പിടിയിലാകുന്നദിവസം രാത്രിയിലും ഇവർ ഇവിടെനിന്നാണ് അടുത്തുള്ള കോളനി പരിസരത്തേക്കുപോയത്. സംഭവിച്ചതെന്താണെന്ന് അശോക് ജോസഫിന്റെ അച്ഛനമ്മമാർക്കറിയില്ല. മകൻ പെട്ടുപോയെന്നാണ് അശോക് ജോസഫിന്റെ അച്ഛൻ ജോസഫ് പറഞ്ഞത്. തോമസ് ജോസഫിനെയും കൂട്ടുകാരൻ അശോക് ജോസഫിനെയും പറ്റി നാട്ടുകാർക്ക് നല്ലതേ പറയാനുള്ളൂ.


മകളുടെ പ്രണയബന്ധം അറിയാമായിരുന്നെന്നും വിവാഹത്തിന് ഇരുവീട്ടുകാരും സമ്മതിച്ചിരുന്നതാണെന്നും പൂച്ചാക്കലിലെ യുവതിയുടെ അമ്മ. മകൾ ഗർഭിണിയായിരുന്നത് അറിഞ്ഞില്ലെന്നും ലക്ഷണങ്ങളുണ്ടായിരുന്നില്ലെന്നും അവർ പറഞ്ഞു. തകഴിയിൽ നവജാതശിശുവിന്റെ മൃതദേഹം കുഴിച്ചിട്ടതായ വാർത്തയെത്തുടർന്ന് ജില്ലാ ശിശുസംരക്ഷണയൂണിറ്റിലെ സാമൂഹികപ്രവർത്തകയാണ് അമ്മയുടെ മൊഴിയെടുത്തത്.

ജയ്‌പുരിൽനിന്നു ഫൊറൻസിക് സയൻസിൽ ഡിഗ്രിയെടുത്തശേഷം തിരുവനന്തപുരത്ത് സ്റ്റേറ്റ് ലാബിൽ ജോലിചെയ്യുകയായിരുന്നു യുവതി. കാമുകൻ തകഴിയിലുള്ളതാണെന്നും ജയ്‌പുരിൽ ഹോട്ടൽ മാനേജ്‌മെന്റ പഠിച്ചിരുന്നെന്നും തുടർന്ന്, അമ്പലപ്പുഴയിൽ ജലഅതോറിറ്റിയിൽ ജോലിനോക്കിയിരുന്നതാണെന്നും അവർ പറഞ്ഞു.

ഗർഭത്തിന്റേതായ ലക്ഷണങ്ങളൊന്നും മകളിലുണ്ടായിരുന്നില്ല. വയറുവേദനയെത്തുടർന്ന് കുത്തിവെപ്പെടുത്തിരുന്നു. തുടർന്ന്, രാവിലെ രക്തസ്രാവം കണ്ടതോടെയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. സ്കാനിങ്ങിൽ പ്രസവം നടന്നതായി സൂചനയുള്ളതായി ഡോക്ടർ പറഞ്ഞു.

തുടർന്ന്, മകളോട് അന്വേഷിച്ചപ്പോഴാണ് പ്രസവിച്ചതായും കാമുകനെവിളിച്ച് രാത്രിതന്നെ കുഞ്ഞിനെ അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാനായി കൊടുത്തുവിട്ടെന്നും പറഞ്ഞത്. കുട്ടിയെ പിന്നീട് എന്തുചെയ്തെന്നതു സംബന്ധിച്ച് മകൾക്ക് അറിയില്ലെന്നും അമ്മ ശിശുസംരക്ഷണ യൂണിറ്റ് പ്രതിനിധിയോടു പറഞ്ഞു.യുവതിയും മാതാപിതാക്കളും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണുള്ളത്. റിപ്പോർട്ട് തുടർനടപടിക്കായി ജില്ലാ ശിശുസംരക്ഷണ ഓഫീസർക്കു കൈമാറി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker