News

അലീനയ്ക്ക് അധ്യാപികയായി നിയമനം, മണ്ണിലൊടുങ്ങിയതിന്റെ 24-ാം നാൾ

താമരശ്ശേരി: എയ്‌ഡഡ് സ്കൂൾ അധ്യാപികയായ കട്ടിപ്പാറ വളവനാനിക്കൽ അലീനാ ബെന്നിയെ ആത്മഹത്യയിലേക്കുനയിച്ച ചുവപ്പുനാടയുടെ കുരുക്ക് ഒടുവിൽ അഴിഞ്ഞു. സ്വന്തമായി ഒരുരൂപയെങ്കിലും വേതനം ലഭിക്കാൻ നിയമനാംഗീകാരത്തിനായി കാത്തിരുന്ന് നിരാശയ്ക്കൊടുവിൽ ജീവനൊടുക്കിയ അധ്യാപികയുടെ ഒാർമ്മ മായുംമുൻപേയാണ് നിയമനാംഗീകാരത്തിന്റെ ഉത്തരവെത്തിയത്. അപ്പോഴേക്കും കട്ടിപ്പാറ തിരുക്കുടുംബ ദേവാലയത്തിലെ പ്രത്യേക സെമിത്തേരി ബ്ലോക്കിലെ ഏഴാം നമ്പർ കല്ലറയിൽ അവൾ മണ്ണോടുചേർന്നിട്ട് 24 ദിവസം പിന്നിട്ടിരുന്നു.

നിയമനാംഗീകാരവും ശമ്പളവും ലഭിക്കാതെ അഞ്ചുവർഷത്തോളമാണ് അലീനാ ബെന്നി(30) എയ്ഡഡ് സ്കൂളിൽ ജോലിചെയ്തത്. ഒടുവിൽ അവരുടെ വേർപാട് നാടിനാകെ നോവായിമാറി.

മരിച്ച് ഒരുമാസം തികയുംമുൻപാണ് നിയമനത്തിന് അംഗീകാരമായത്. മാർച്ച് 15-നാണ് അലീനാ ബെന്നിയെ എൽപിഎസ്ടി ആയി നിയമിച്ചുകൊണ്ടുള്ള നടപടിക്ക്‌ താമരശ്ശേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് അംഗീകാരം നൽകിയത്. ഭിന്നശേഷിസംവരണവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തീകരിക്കപ്പെടാത്തതിനാൽ ശമ്പളസ്കെയിൽ പ്രകാരമുള്ള നിയമനത്തിന് പകരം പ്രതിദിനം 955 രൂപ നിരക്കിൽ ദിവസ വേതനവ്യവസ്ഥയിലുള്ള നിയമനമാണ് അംഗീകരിച്ചത്. താമരശ്ശേരി എഇഒ നിയമനനടപടി അംഗീകരിച്ച് സമന്വയ വെബ്‌സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയതോടെയാണ് നിയമനാംഗീകാര ഉത്തരവ് മാനേജ്‌മെന്റായ താമരശ്ശേരി രൂപത കോർപ്പറേറ്റ് എജുക്കേഷണൽ ഏജൻസിക്ക്‌ ലഭിച്ചത്.

കോടഞ്ചേരി സെയ്ന്റ് ജോസഫ് എൽപി സ്കൂളിലേക്ക് മാറ്റിനിയമിച്ച 2024 ജൂൺ അഞ്ചുമുതൽ മരണം നടന്ന 2025 ഫെബ്രുവരി 19 വരെയുള്ള വേതന, അനുബന്ധ ആനുകൂല്യങ്ങൾമാത്രമാണ് അലീനയുടെ കുടുംബത്തിന് ഇനി ലഭ്യമാവുക. അതിനുമുൻപ്‌ നസ്രത്ത് എൽപി സ്കൂളിൽ 2019 ജൂൺ 17 മുതൽ 2019 ഡിസംബർ 31 വരെ താത്കാലികാടിസ്ഥാനത്തിലും കെ-ടെറ്റ് യോഗ്യത നേടിയശേഷം 2021 ജൂലായ് 22 മുതൽ പ്രൊബേഷനറി എൽപിഎസ്ടിയായും ജോലിചെയ്തകാലത്തെ സേവനത്തിന് അംഗീകാരമില്ല. ആകെ ഒൻപതുമാസത്തെ ആനുകൂല്യങ്ങൾമാത്രമാണ് അനുവദിക്കപ്പെട്ടത്.

ഇക്കഴിഞ്ഞ ഫെബ്രുവരി 19-നായിരുന്നു അലീനാ ബെന്നിയെ കട്ടിപ്പാറയിലെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ശമ്പളവും നിയമനാംഗീകാരവുമില്ലാതെ വർഷങ്ങളായി ജോലിചെയ്യേണ്ടിവന്നതിലെ മനോവിഷമമാണ് മകളെ ആത്മഹത്യയിലേക്ക് നയിച്ചതെന്നായിരുന്നു പിതാവ് ബെന്നി അറിയിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker