യുപി നടുങ്ങി; പ്രാർഥനാ യോഗത്തിനിടെ തിക്കും തിരക്കും, സ്ത്രീകളും കുട്ടികളുമടക്കം 107 പേർ കൊല്ലപ്പെട്ടു
ലഖ്നൗ: ഉത്തർപ്രദേശിലെ ഹത്രാസിൽ മതപരമായ ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും സ്ത്രീകളും മൂന്ന് കുട്ടികളുമടക്കം 107 പേർ മരിച്ചു. ‘സത്സംഗ’ (പ്രാർത്ഥനായോഗം) നടക്കുന്നതിനിടെയാണ് തിക്കും തിരക്കുമുണ്ടായത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സമിതിയെ നിയോഗിച്ചു. കുട്ടികളും സ്ത്രീകളും പുരുഷന്മാരുമാണ് മരിച്ചത്. പരിക്കേറ്റവരിൽ ചിലരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ഹത്രാസിലെ സിക്കന്ദ്ര റാവു പൊലീസ് സ്റ്റേഷൻ പരിധിയിലെ ഗ്രാമത്തിലാണ് സംഭവം. പ്രദേശത്തെ ഗുരുവിൻ്റെ ബഹുമാനാർത്ഥം സംഘടിപ്പിച്ചതാണെന്നും ജനക്കൂട്ടം പിരിഞ്ഞുപോകാൻ തുടങ്ങിയതോടെ തിക്കും തിരക്കുമുണ്ടാകുകയായിരുന്നുവെന്നുമാണ് നിഗമനം.
മന്ത്രിമാരായ ലക്ഷ്മി നാരായൺ ചൗധരിയും സന്ദീപ് സിംഗും സംഭവ സ്ഥലത്തേക്ക് തിരിച്ചു. അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (ആഗ്ര), അലിഗഡ് കമ്മീഷണർ എന്നിവരുടെ നേതൃത്വത്തിലാണ് സമിതി രൂപീകരിച്ചിരിക്കുന്നത്.