Health

സിക വൈറസ് – അറിയാം, പ്രതിരോധിക്കാം

കൊതുകുജന്യരോഗമാണ് സിക വൈറസ്. യെല്ലോ ഫീവർ, വെസ്റ്റ്‍നൈൽ എന്നിവയുൾപ്പടെ മറ്റ് ഫ്ലാവി വൈറസ് ഇനത്തിൽ പെട്ടതാണ് രോഗം പരത്തുന്ന സിക വൈറസും.ഈ വൈറസ് മൂലം ഉണ്ടാകുന്ന അണുബാധ തലച്ചോറിനെയാണ് ബാധിക്കുന്നത്. ഗർഭിണികളിലും കുട്ടികളിലുമാണ് വൈറസ് ബാധ സങ്കീർണമാകുന്നത്. സ്ത്രീകളിൽ ഗർഭകാലത്ത് രോഗം ബാധിച്ചാൽ കുഞ്ഞിനെ അത് സാരമായി ബാധിക്കും. കുഞ്ഞിന്‍റെ തലച്ചോറ് ചെറുതാകുന്ന സ്ഥിതി വരെ ഉണ്ടാകം . ഇതുകൂടാതെ ഞരമ്പുകളെയും സുഷുമ്നയെയും രോഗം ബാധിക്കാം. അതുകൊണ്ടു തന്നെ ഗർഭിണികൾ അതീവ ജാഗ്രത പുലർത്തണം.1947ൽ ഉഗാണ്ടയിലെ വനങ്ങളിലെ കുരങ്ങുകളിലാണ് രോഗം ആദ്യമായി കണ്ടെത്തിയത്. അതുകൊണ്ട് ആ വനത്തിന്‍റെ പേരിലാണ് രോഗം അറിയപ്പെടുന്നതും.

ചെറിയ പനിയും തലവേദനയും ആണ് സിക വൈറസിന്‍റെ പ്രധാന ലക്ഷണങ്ങൾ. ശരീരത്തിൽ ചൊറിച്ചിലും ചുവന്നപാടുകളും ഉണ്ടാകാം. സന്ധിവേദനയും പേശിവേദനയും അനുഭവപ്പെടാം. ഒപ്പം കണ്ണുകൾ ചുവക്കൽ, കണ്ണിന്‍റെ പിറകിൽ വേദന എന്നിവയുണ്ടെങ്കിലും ശ്രദ്ധിക്കണം.കൊതുക് കടിക്കുന്നതാണ് പ്രധാനമായും രോഗബാധയുണ്ടാവാനുള്ള കാരണം. കുരങ്ങിൽ നിന്നും രോഗം പകരാം.രക്തത്തിലൂടെയും അവയവദാനത്തിലൂടെയും ലൈംഗിക ബന്ധത്തിലൂടെയും രോഗബാധ ഉണ്ടാകാം.ശുക്ലത്തിലും സ്ത്രീ ജനനേന്ദ്രിയ സ്രവങ്ങളിലും വൈറസ് നിലനിൽക്കാം.

ഈഡിസ് കൊതുകുകളാണ് പ്രധാനമായും രോഗം പരത്തുന്നത്. പകൽസമയത്തും സന്ധ്യാസമയത്തുമാണ്
ഈ കൊതുകുകൾ സാധാരണയായി കാണുന്നത്. കൊതുകു കടിയേൽക്കാതിരിക്കാൻ പരമാവധി ശ്രദ്ധിക്കണം.
ദേഹം മൂടുന്ന വസ്ത്രങ്ങൾ ധരിക്കുക. വെള്ളക്കെട്ടുകൾ ഒഴിവാക്കണം. ജലസംഭരണികൾ മൂടണം.
അഴുക്കുചാലുകൾ അടിക്കടി ശുചിയാക്കുക. വ്യക്തിഗത ശുചിത്വവും പരിസര ശുചിത്വവും ഉറപ്പാക്കുക.
ഉറങ്ങുമ്പോൾ കൊതുകുവലകൾ ഉപയോഗിക്കുക.

സാധാരണയായി ആർടിപിസിആർ പരിശോധന വഴിയാണ് രോഗം കണ്ടെത്തുന്നത്. സിക വൈറസ് ബാധയ്ക്ക് പ്രത്യേക ചികിത്സയില്ല. രോഗലക്ഷണങ്ങളെ ആണ് ചികിത്സിയ്ക്കുന്നത്. പനി, വേദന എന്നിവയ്ക്ക് പാരസെറ്റാമോൾ ഉൾപ്പടെയുള്ള മരുന്നുകളാണ് നൽകുന്നത്. നിർജലീകരണം തടയാനുള്ള ദ്രവങ്ങളും കഴിക്കണം. പരമാവധി വിശ്രമിക്കണം. പനി വന്നാൽ സ്വയം ചികിത്സ അരുത്. അടുത്തുള്ള ആരോഗ്യകേന്ദ്രവുമായി ബന്ധപ്പെട്ട് നിർബന്ധമായും പരിശോധന നടത്തണം. ഡെങ്കിപ്പനി, വൈറൽ പനി എന്നിവ പോലെ ശരിയായ രോഗനിർണയവും ചികിത്സയും നിർണായകമാണ്. വാക്സിൻ വികസനത്തിനുള്ള പരീക്ഷണങ്ങൾ നടന്നുവരുന്നു എന്നതും പ്രതീക്ഷ നൽകുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News
Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker