കോട്ടയം: പാലായിൽ മരുമകൻ ഭാര്യമാതാവിനെ പെട്രോളൊഴിച്ച് തീകൊളുത്തി കൊന്നു. തീകൊളുത്തിയ മരുമകനും മരിച്ചു.അന്ത്യാളം സ്വദേശി സോമന്റെ ഭാര്യ നിർമ്മല (58), മരുമകൻ മനോജ് (42) എന്നിവരാണ് മരിച്ചത്. കുടുംബവഴക്കാണ് അക്രമത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ വിശദീകരണം.
ചൊവ്വ രാത്രി ഏഴരയോടെ നിർമ്മലയുടെ അന്ത്യാളത്തെ വീട്ടിലാണ് സംഭവം. മൊബൈലിൽ ഭീഷണി സന്ദേശം അയച്ച ശേഷം 6വയസുള്ള മകനുമായി ഭാര്യയുടെ വീട്ടിൽ എത്തിയ മനോജ് വീട്ടിൽ ഉണ്ടായിരുന്ന നിർമ്മലയുടെ ദേഹത്ത് പെട്രോൾ ഒഒഴിച്ച് തീ വയ്ക്കുകയും ചെയ്തു. സംഭവ സമയത്ത് നിർമ്മലയുടെ ഭർത്താവ് സോമരാജൻ വീട്ടിൽ എത്തിയിരുന്നില്ല.നിർമ്മലയെ കൂടാതെ ഇവരുടെ അമ്മ കമലാക്ഷി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
കരിങ്കുന്നത്തു നിന്ന് വരുന്ന വഴി അമ്മ വീട്ടിൽ എത്താതിന് കാരണം അമ്മൂമ്മയാണെന്നും അവരെ ഇല്ലാതാക്കിയാലേ അമ്മ വീട്ടിൽ എത്തൂവെന്നും പറഞ്ഞതായി കുട്ടി വീട്ടുകാരോട് പറഞ്ഞു. ഭർത്താവിൻ്റെ ഭീഷണി മൂലം വീട്ടുകാർ ആര്യയെ മാറ്റി പാർപ്പിച്ചിരിക്കയായിരുന്നുവെന്ന് പാലാ പൊലീസ് പറഞ്ഞു.
ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് പാലാ അഗ്നിരക്ഷാ സേനയേയും പൊലീസിനെയും വിവരം അറിയിച്ചത്. ശേഷം ഇരുവരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. ചികിത്സയിലിരിക്കെയാണ് മരണം
ടിപ്പർ ഡ്രൈവറാണ് മനോജ്. ഭാര്യ ആര്യ ജോലിക്ക് പോകുന്നത് സംബന്ധിച്ച് ഇരുവരും തമ്മിൽ തർക്കവും വഴക്കും ഉണ്ടായിരുന്നു. ആറ് മാസം മുൻപ് ഇതിൻ്റെ പേരിൽ മനോജിന് എതിരെ വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു. സ്വകാര്യ ഹോസ്റ്റലിൽ ജോലി ചെയ്യുന്ന ആര്യ ഇതിന് ശേഷം അന്ത്യാളത്തെ സ്വന്തം വീട്ടിലായിരുന്നു. ഭർത്താവിന്റെ നിരന്തര ഭീഷണി മൂലം ഇവർ മാറി നിന്നതാണ് രക്ഷയായത്. ആതിരയാണ് (മേലുകാവ്) നിർമ്മലയുടെ ഇളയ മകൾ.