കോട്ടയം: നാട്ടകം ഗസ്റ്റ് ഹൗസിനു സമീപത്തെ അപകടത്തിൽ മരണമടഞ്ഞ യുവാവിനെ തിരിച്ചറിഞ്ഞു.കൊല്ലാട് കൊല്ലം കവലയ്ക്കു സമീപം പള്ളിക്കുന്നേൽ വീട്ടിൽ സുരേഷിന്റെ മകൻ സച്ചിൻ സുരേഷ് (ജീമോൻ 18) ആണ് മരിച്ചത്.
ഇയാൾക്കൊപ്പം ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന കൊല്ലാട് പള്ളിക്കുന്നേൽ വീട്ടിൽ സെബിനെ (18) ഗുരുതരമായ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച വൈകിട്ട് ആറരയോടെ കോട്ടയം നാട്ടകം ഗസ്റ്റ് ഹൗസിനു മുന്നിലെ വളവിലായിരുന്നു അപകടം.യുവാക്കൾ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം നഷ്ടമായി റോഡരികിലെ വൈദ്യുതി പോസ്റ്റിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു.
ഗസ്റ്റ് ഹൗസ് ഭാഗത്ത് നിന്നും പുന്നയ്ക്കൽ ചുങ്കം ഭാഗത്തേയ്ക്ക് ബൈക്കിൽ വരികയായിരുന്നു യുവാക്കൾ. ഗസ്റ്റ് ഹൗസ് ഭാഗം കഴിഞ്ഞുള്ള വളവിൽ ഇവർ സഞ്ചരിച്ച ബൈക്കിന്റെ നിയന്ത്രണം നഷ്ടമാകുകയായിരുന്നു.
തുടർന്ന് റോഡരികിലൂടെ നിരങ്ങി നീങ്ങിയ ബൈക്ക് റോഡരികിലെ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു.അപകടത്തെ തുടർന്ന് റോഡിൽ തലയിടിച്ചു വീണ യുവാക്കളെ ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചത്.
ഇവിടെ എത്തിച്ചപ്പോഴേയ്ക്കും സച്ചിന്റെ മരണം സംഭവിച്ചിരുന്നു.ഗുരുതരമായി പരിക്കേറ്റ സെബിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.