അടൂർ: പത്തനംതിട്ട കൊടുമണ്ണിൽ സാമൂഹിക വിരുദ്ധ പ്രവർത്തനം നടത്തിയ ഏഴ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. റൗഡി ലിസ്റ്റിൽ പെട്ടയാളുടെ ആത്മഹത്യയ്ക്ക് പിന്നാലെ ഇയാളുടെ സുഹൃത്തുക്കളാണ് പൊലീസിന് നേരെ കല്ലെറിയുകയും സ്വകാര്യ വാഹനങ്ങൾ ആക്രമിക്കുകയും ചെയ്തത്. സ്ഥലത്ത് പൊലീസ് കാവൽ തുടരുകയാണ്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് കൊടുമൺ ഇടത്തിട്ട റോഡിൽ പല ഭാഗങ്ങളിലായി സാമൂഹ്യവിരുദ്ധ അഴിഞ്ഞാടിയത്.
കഴിഞ്ഞ വെള്ളിയാഴ്ച ഗുണ്ടാ ലിസ്റ്റിൽപ്പെട്ട ഇടത്തിട്ട സ്വദേശി അതുൽ പ്രകാശ് ആത്മഹത്യ ചെയ്തിരുന്നു. ഇയാളുടെ സംസ്കാര ചടങ്ങിന് ശേഷമാണ് സുഹൃത്തുക്കൾ പോലീസിനും നാട്ടുകാർക്കും നേരെ തിരിഞ്ഞത്. പൊലീസ് വാഹനങ്ങൾ തടഞ്ഞ് സംഘങ്ങൾ റോഡിൽ കുത്തിയിരുന്നു. റോഡിലൂടെ പോയ വാഹനങ്ങളുടെ ചില്ലുകളിൽ അടിച്ചു.
തുടർന്നാണ് സംഭവുമായി ബന്ധപ്പെച്ച് ഏഴ് യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പിടിയിലായവരും നിരവധി കേസുകളിൽ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. വ്യക്തിപരമായ കാരണങ്ങളാൽ അതുൽ പ്രകാശ ആത്മഹത്യ എന്നാണ് പൊലീസ് പറയുന്നത്.എന്നാൽ പൊലീസ് നിരന്തരം വീട്ടിൽ കയറി ഇറങ്ങുന്നതിന്റെ മനോവിഷമത്തിൽ ആത്മഹത്യ ചെയ്തുവെന്നാണ് സുഹൃത്തുക്കൾ ആരോപിക്കുന്നത്.