KeralaNews

‘സ്‌കൂള്‍ വിടുന്നതിനു മുമ്പേ ഇറങ്ങി ഓടുന്നത് ജലീലിന്റെ ഹോബിയായിരുന്നു’; പരിഹാസവുമായി യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി

തിരുവനന്തപുരം: ബന്ധുനിയമന കേസില്‍ മന്ത്രിസ്ഥാനം രാജിവെച്ച കെ.ടി ജലീലിനെ രൂക്ഷമായി പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍. ‘4 മണിക്ക് സ്‌കൂള്‍ വിടുന്നതിനു മുന്‍പേ 3.55നു ഇറങ്ങി ഓടുന്നത് ജലീലിന്റെ ഹോബിയായിരുന്നു’ എന്നാണ് രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

പിണറായി മന്ത്രിസഭയുടെ കാലാവധി അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ജലീല്‍ രാജിവെച്ചത്. ഇതിനെയാണ് സ്‌കൂള്‍ വിടുന്നതിന് തൊട്ട് മുമ്പ് ഇറങ്ങി ഓടുന്നതിനോട് രാഹുല്‍ ഉപമിച്ചത്. ന്യൂനപക്ഷ വികസന കോര്‍പറേഷന്‍ ജനറല്‍ മാനേജരായി ജലീലിന്റെ ബന്ധു കെ.ടി അദീബിനെ നിയമിച്ചത് നിയമവിരുദ്ധമാണെന്ന് ലോകായുക്ത വിധിച്ചിരുന്നു.

ബന്ധുവിനെ നിയമിക്കാന്‍ മന്ത്രി ജലീല്‍ യോഗ്യതയില്‍ തിരുത്തല്‍ വരുത്തിയെന്നും മന്ത്രിയായി തുടരാന്‍ ജലീലിന് അര്‍ഹതയില്ലെന്നും ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപ ലോകായുക്ത ഹാറുണ്‍ അല്‍ റഷീദ് എന്നിവരുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകായുക്ത നിയമം 12(3) പ്രകാരം റിപ്പോര്‍ട്ട് തുടര്‍നടപടിക്കായി തിങ്കളാഴ്ച്ച മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു.

നിയമനം വിവാദമായിട്ടും മന്ത്രിസ്ഥാനത്ത് തൂങ്ങിക്കിടക്കുന്ന കെ.ടി. ജലീലിനെതിരെ സി.പി.എമ്മില്‍ കടുത്ത അതൃപ്തി നിലനിന്നിരുന്നു. ഒടുവില്‍ സമ്മര്‍ദം കനത്തതോടെയാണ് മന്ത്രിസഭ കാലാവധി പൂര്‍ത്തിയാക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ രാജിവെച്ചൊഴിയുന്നത്.

അതേസമയം എന്റെ രക്തം ഊറ്റിക്കുടിക്കാന്‍ വെമ്പുന്നവര്‍ക്ക് തല്‍ക്കാലം ആശ്വസിക്കാം. രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയ വിവരം സന്തോഷപൂര്‍വം അറിയിക്കുന്നു. രാജിയെക്കുറിച്ച് മന്ത്രി കെ.ടി.ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെയാണ്. കഴിഞ്ഞ രണ്ടു വര്‍ഷമായി നീതീകരണമില്ലാത്ത മാധ്യമവേട്ടക്ക് താന്‍ ഇരയാകുകയാണ്. തത്കാലത്തേക്ക് എങ്കിലും ‘ജലീല്‍ വേട്ടക്ക്’ രാജിയോടെ ശമനമാകുമെന്ന് പ്രതീക്ഷിക്കാമെന്നും ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ജലീലിന്റെ രാജി ധാര്‍മികത ഉയര്‍ത്തിപ്പിടിച്ചാണെന്ന സിപിഎം വാദത്തെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത് വന്നു. നില്‍ക്കകളിയില്ലാതെ ജലീല്‍ രാജിവയ്ക്കുകയായിരുന്നു. മന്ത്രിസ്ഥാനത്ത് അദ്ദേഹത്തെ നിലനിര്‍ത്താന്‍ സിപിഎം പരമാവധി ശ്രമിച്ചു.

പാര്‍ട്ടി പിന്തുണയില്‍ മന്ത്രിസ്ഥാനത്ത് അള്ളിടിച്ചിരിക്കാനാണ് ജലീല്‍ ശ്രമിച്ചത്. എന്നാല്‍ ജനവികാരം എതിരാളെന്ന് കണ്ടതോടെ ഒടുവില്‍ രാജി പ്രഖ്യാപിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബന്ധുനിയമനവും സര്‍വകലാശാലകളുടെ ദൈനംദിന കാര്യങ്ങളില്‍ ഇടപെട്ടതും മാര്‍ക്ക് ദാനവും ഉള്‍പ്പടെ മന്ത്രിയുടെ വഴിവിട്ട നടപടികളെല്ലാം പ്രതിപക്ഷം വെളിച്ചത്തുകൊണ്ടുവന്നതാണ്. എന്നിട്ടും ജലീലിനെ പിന്തുണയ്ക്കാനാണ് മുഖ്യമന്ത്രിയും സിപിഎമ്മും ശ്രമിച്ചത്.

ഒടുവില്‍ ലോകായുക്ത മന്ത്രിയെ പുറത്താക്കണമെന്ന് മുഖ്യമന്ത്രിയോട് ഉത്തരവിട്ട ശേഷവും അദ്ദേഹം അധികാരത്തില്‍ കടിച്ചുതൂങ്ങാന്‍ ശ്രമിച്ചു. ഹൈക്കോടതിയില്‍ നിന്നും അനുകൂല വിധി നേടി മന്ത്രിസ്ഥാനത്ത് തുടരാന്‍ ശ്രമിച്ച ജലീല്‍ ധാര്‍മികത ഉയര്‍ത്തിയാണ് രാജിയെന്ന് പറയുന്നതില്‍ എന്ത് കാര്യമെന്നും രമേശ് ചെന്നിത്തല ചോദിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker