കടുത്തുരുത്തി: ഓണ്‍ലൈന്‍ ട്രേഡിങ് ആപ്പിന്റെ വ്യാജ പതിപ്പിലൂടെ മലയാളി വൈദികനിൽ നിന്ന് കോടികൾ തട്ടിയ യുവാക്കൾ അറസ്റ്റിൽ. കാസർഗോഡ് സ്വദേശിയായ വൈദികനിൽ നിന്ന് താമരശ്ശേരി സ്വദേശികളായ മുഹമ്മദ് മിനാജ്, ഷംനാദ് എന്നിവർ വൻ ലാഭം വാഗ്ദാനം ചെയ്ത് ഓൺലൈൻ ട്രേഡിംഗിലൂടെ തട്ടിയത് 1.41 കോടി രൂപയായിരുന്നു. 67 ലക്ഷം രൂപയ്ക്ക് വൻ ലാഭം നൽകി വിശ്വാസം നേടിയ ശേഷമായിരുന്നു തട്ടിപ്പ്. കോതനല്ലൂരിലെ പള്ളിയിൽ സേവനം ചെയ്യുന്ന വൈദികനാണ് വൻ തട്ടിപ്പിന് ഇരയായത്. സംഭവത്തിൽ കൂടുതൽ പ്രതികളുണ്ടെന്നാണ് പൊലീസ് വിശദമാക്കുന്നത്.
പരാതി ലഭിച്ച ഉടൻതന്നെ ഇടപെട്ടതിനാൽ 28 ലക്ഷം രൂപ ഫ്രീസ് ചെയ്യാൻ പൊലീസിന് സാധിച്ചിരുന്നു. പിന്നാലെ ഈ ബാങ്ക് അക്കൌണ്ടുകളെ പിന്തുടർന്നുള്ള അന്വേഷണത്തിലാണ് താമരശ്ശേരി സ്വദേശികൾ കുടുങ്ങിയത്. മിനാജിന്‍റെയും ഷംനാദിന്‍റെയും അക്കൗണ്ടുകൾ വഴി പണം ഇടപാട് നടന്നെന്നും പൊലീസ് സ്ഥിരീകരിച്ചു. ഡിസംബർ 31 മുതൽ ജനുവരി 15 വരെയുളള കാലയളവിൽ മിനാജിന്‍റെ അക്കൗണ്ടിൽ നിന്ന് എടിഎം വഴി 17 ലക്ഷം രൂപ പിൻ വലിച്ചതിന്‍റെ വിവരങ്ങളും പൊലീസിന് കിട്ടി. ഇതോടെയാണ് പ്രതികളിലേക്ക് പൊലീസ് എത്തിയത്.
തുടക്കത്തിൽ വൻ ലാഭം നേടിയതിന് പിന്നാലെ വൈദികൻ പലരിൽ നിന്നായി സമാഹരിച്ച് 1.41 കോടി രൂപ ട്രേഡിങ് ആപ്പിൽ നിക്ഷേപിക്കുകയായിരുന്നു. ഇതിന് പിന്നാലെ വൈദികന് ട്രേഡിങ് ആപ്പ് സംഘവുമായി ബന്ധപ്പെടാൻ സാധ്യമാകാതെ വരികയായിരുന്നു. ഇതിന് പിന്നാലെയാണ് തട്ടിപ്പിൽ കുടുങ്ങിയതായി വൈദികന് മനസിലായത്. കാസർഗോഡ് സ്വദേശിയായ വൈദികൻ കോതനല്ലൂരിലെ പള്ളിയിൽ സേവനം ചെയ്തു വരുന്നതിനിടയിലാണ് തട്ടിപ്പിൽ കുടുങ്ങിയത്. വൈദികന്റെ പരാതിയിൽ കടുത്തുരുത്തി പൊലീസ് കേസ് എടുത്ത് അന്വേഷണം നടത്തിയത്.