KeralaNews

കൊല്ലത്ത് പരീക്ഷയ്ക്ക് പോകവേ പ്ലസ് ടു വിദ്യാര്‍ഥിനിയെ വഴിയില്‍ തടഞ്ഞ് വെച്ച് പീഡിപ്പിക്കാന്‍ ശ്രമം; ഒളിവിലായിരുന്ന യുവാവ് പിടിയില്‍

കൊല്ലം: ചടയമംഗലത്ത് പ്രായപൂര്‍ത്തിയാകാത്ത പ്ലസ് ടു വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. അഞ്ചല്‍ കുരുവിക്കോണം സ്വദേശിയായ ഇരുപതുകാരന്‍ സുധിയാണ് ചടയമംഗലം പോലീസിന്റെ പിടിയിലായത്.

പീഡനശ്രമം ചെറുത്ത പെണ്‍കുട്ടിയെ യുവാവ് മര്‍ദ്ദിച്ചെന്നും പരാതിയുണ്ട്. മൂന്നു മാസമായി ഒളിവില്‍ കഴിഞ്ഞിരുന്ന യുവാവിനെ കഴിഞ്ഞ ദിവസമാണ് പോലീസ് കണ്ടെത്തിയത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 18നായിരുന്നു കേസിന് ആസ്പദമായ സംഭവം.

പരീക്ഷ എഴുതാനായി പോയ പെണ്‍കുട്ടിയെ ചടയമംഗലത്ത് സ്‌കൂളിന് സമീപത്ത് വച്ച് ശല്യപ്പെടുത്തുകയും എതിര്‍ത്തതിനെ തുടര്‍ന്ന് പ്രതി പെണ്‍കുട്ടിയെ മുഖത്ത് അടിക്കുകയുമായിരുന്നു. പെണ്‍കുട്ടിയുടെ രക്ഷകര്‍ത്താക്കള്‍ ചടയമംഗലം പോലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ അന്നു തന്നെ പ്രതിക്കെതിരെ പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തു.

പക്ഷേ ഇയാള്‍ ഒളിവില്‍ പോയി. മൂന്നു മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് കൊല്ലം പുന്നലയിലെ യുവാവിന്റെ ഒളിയിടം പോലീസ് കണ്ടെത്തിയത്. മുന്‍പും ഈ പെണ്‍കുട്ടിയെ ശല്യം ചെയ്തതിന് അഞ്ചല്‍ പോലീസ് സ്റ്റേഷനില്‍ പലതവണ ഇയാള്‍ക്കെതിരെ പരാതി നല്‍കിയിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button