നിങ്ങളുടെ വിസ റദ്ദാക്കിയിരിക്കുന്നു, സ്വയം നാടുവിടണം; വിദ്യാർഥികളെ ആശങ്കയിലാക്കി യുഎസ് നടപടി

വാഷിങ്ടണ്‍: വിദ്യാഭ്യാസത്തിനായി അമേരിക്കയിലേക്ക് കുടിയേറിയ ആളുകള്‍ക്കെതിരേ നടപടി കര്‍ശനമാക്കി ട്രംപ് ഭരണകൂടം. യുഎസ് അനുവദിച്ചിട്ടുള്ള സ്റ്റുഡന്റ് വിസ റദ്ദാക്കിയെന്നും എത്രയും പെട്ടെന്ന് രാജ്യം വിടണമെന്നുമുള്ള അറിയിപ്പാണ് വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചിരിക്കുന്നത്. പലസ്തീന്‍ അനുകൂല പ്രകടനങ്ങളിലും മറ്റും പങ്കെടുത്തവര്‍ക്കെതിരേയായിരുന്നു ആദ്യഘട്ടത്തില്‍ നടപടി സ്വീകരിച്ചിരുന്നതെങ്കില്‍, ഈ വിഷയവുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയോ ലൈക്ക് ചെയ്യുകയോ ചെയ്താല്‍ പോലും നടപടി സ്വീകരിക്കുന്നുണ്ട്.
വിദ്യാഭ്യാസത്തിനായി വിദേശരാജ്യങ്ങളില്‍ നിന്നെത്തുന്ന വിദ്യാര്‍ഥികളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് പോലും വിലക്കേര്‍പ്പെടുത്തുന്നുവെന്ന ആക്ഷേപങ്ങളാണ് ഈ നടപടിക്കെതിരേ ഉയരുന്നത്. ഇന്ത്യയില്‍ നിന്നുള്ള ഏതാനും വിദ്യാര്‍ഥികള്‍ക്കെതിരേയും അമേരിക്കയുടെ വിസ റദ്ദാക്കല്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരു രാഷ്ട്രീയ പോസ്റ്റ് സാമൂഹികമാധ്യമങ്ങളില്‍ പങ്കിടുന്നത് പോലും വിസ റദ്ദാക്കലിന് കാരണമാകുമെന്നാണ് ഇമിഗ്രേഷന്‍ അഭിഭാഷകര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
2023-24 അക്കാദമിക് ഇയറില്‍ 11 ലക്ഷം വിദ്യാര്‍ഥികളാണ് വിദേശരാജ്യങ്ങളില്‍ നിന്ന് അമേരിക്കയില്‍ എത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ 3,31,000 വിദ്യാര്‍ഥികള്‍ ഇന്ത്യയില്‍ നിന്നുള്ളവരാണ്. എ1 വിസ എന്ന പേരിലാണ് അമേരിക്ക വിദ്യാര്‍ഥികള്‍ക്കുള്ള വിസ അനുവദിക്കുന്നത്. അംഗീകൃത വിദ്യാഭ്യാസ സ്ഥാപനത്തില്‍ പഠിക്കുന്നതിനായി അമേരിക്കയില്‍ താമസിക്കുന്നതിന് വിദേശ വിദ്യാര്‍ഥികള്‍ക്ക് അനുവദിക്കുന്ന നോണ്‍ ഇമിഗ്രന്റ് വിസയാണ് എ1 വിസ. സ്‌കൂള്‍, കോളേജ്, സെമിനാരികള്‍ തുടങ്ങിയവയിലെ വിദ്യാഭ്യാസത്തിന് ഈ വിസ ലഭിക്കും.
വിദ്യാഭ്യാസത്തിന് അമേരിക്കയിലെത്തുന്ന വിദേശവിദ്യാര്‍ഥികള്‍ വിസാ നിബന്ധനകള്‍ പാലിക്കണമെന്ന് യു.എസ്. സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. തുര്‍ക്കിയില്‍നിന്നുള്ള വിദ്യാര്‍ഥിയുടെ വിസ റദ്ദാക്കിയതില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സ്റ്റുഡന്റ്‌സ് വിസ നല്‍കുന്നത് പഠിക്കാനാണെന്നും അല്ലാതെ സാമൂഹിക പ്രവര്‍ത്തനത്തിനല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
ഹമാസിനെ പിന്തുണച്ചുവെന്നാരോപിച്ച് തുര്‍ക്കിയില്‍നിന്നുള്ള റുമേയ ഓസ്ടര്‍ക്ക് എന്ന വിദ്യാര്‍ഥിനിയുടെ വിസ റദ്ദാക്കി നാട്ടിലേക്ക് തിരിച്ചയക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് അമേരിക്ക. ടഫ്റ്റ്‌സ് സര്‍വകലാശാലയിലെ പിഎച്ച്ഡി വിദ്യാര്‍ഥിയാണ് ഓസ്ടര്‍ക്ക്. എന്നാല്‍, ഇവരെ നാടുകടത്താനുള്ള തീരുമാനത്തെ ഫെഡറല്‍ കോടതി താത്കാലികമായി തടഞ്ഞിട്ടുണ്ട്. അമേരിക്ക വിസ നല്‍കുന്നത് പഠിക്കാനും ബിരുദം നേടാനുമാണ്. സര്‍വ്വകലാശാലകളെ കീറിമുറിക്കുന്ന സാമൂഹിക പ്രവര്‍ത്തനത്തിനല്ല. അതുകൊണ്ടാണ് വിസ റദ്ദാക്കിയതെന്നാണ് മാര്‍ക്കോ റൂബിയോ പറയുന്നത്.
പലസ്തീന്‍ അനുകൂല പ്രക്ഷോഭത്തിന്റെ പേരില്‍ ഒട്ടേറെ വിദേശവിദ്യാര്‍ഥികളെ ഫെഡറല്‍ ഏജന്‍സികള്‍ കസ്റ്റഡിയില്‍ എടുത്തിരുന്നു. അതില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളുമുണ്ട്. പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് വിസ റദ്ദാക്കപ്പട്ട ഇന്ത്യന്‍ വിദ്യാര്‍ഥിനി കാനഡയിലേക്ക് പോയിരുന്നു. കൊളംബിയ സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ഥിനിയായ രഞ്ജിനി ശ്രീനിവാസനാണ് കാനഡയിലേക്ക് കടന്നത്. ഈ വിദ്യാര്‍ഥിനിയുടെ വിമാനത്താവളത്തില്‍നിന്നുള്ള ദൃശ്യങ്ങള്‍ യു.എസ്. ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോയിം സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.