പത്തനംതിട്ട: മാസപൂജയ്ക്കിടെ നടന്‍ ചിരഞ്ജീവിക്കൊപ്പം യുവതി ശബരിമലയില്‍ കയറി എന്ന പ്രചാരണത്തിന് പിന്നില്‍ കുബുദ്ധികളെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപന്‍. ആരോപണം ദുരുദ്ദേശപരമാണ്. അടിസ്ഥാന രഹിതവും വ്യാജവുമായ പ്രചാരണമാണ് നടക്കുന്നത്. വ്യാജപ്രചാരണത്തില്‍ പോലീസ് അന്വേഷണം നടത്തുമെന്ന് അനന്തഗോപന്‍ പറഞ്ഞു.
ചിരഞ്ജീവിക്കൊപ്പം 56 വയസ്സുള്ള മധുമിത ചുക്കാപ്പിള്ളിയാണ് ദര്‍ശനം നടത്തിയത്. അവരുടെ ആധാര്‍ കാര്‍ഡില്‍ തന്നെ 1966 ലാണ് ജനിച്ചതെന്ന് വ്യക്തമാണ്. പ്രായം സംബന്ധിച്ച രേഖകള്‍ അന്ന് തന്നെ ദേവസ്വം ബോര്‍ഡ് പരിശോധിച്ചതാണെന്ന് അനന്തഗോപന്‍ പറഞ്ഞു. നടന്‍ ചിരഞ്ജീവി, ഭാര്യ, ഫീനിക്സ് ഗ്രൂപ്പ് ഉടമ സുരേഷ് ചുക്കാപ്പിള്ളി, ഭാര്യ മധുമിത ചുക്കാപ്പിള്ളി എന്നിവരാണ് ശബരിമലയില്‍ ദര്‍ശനത്തിനെത്തിയത്.
13 ന് രാവിലെ ദര്‍ശനത്തിനെത്തിയ അവര്‍ മടങ്ങുകയും ചെയ്തു.അതിന് ശേഷമാണ് മധുമിത 50 വയസ്സില്‍ താഴെയുള്ള സ്ത്രീ ആണെന്ന തരത്തിലുള്ള പ്രചാരവേല നടക്കുന്നതെന്ന് അനന്തഗോപന്‍ പറഞ്ഞു. 56 വയസ്സിലേറെ പ്രായമുള്ള സ്ത്രീയെ യുവതിയാക്കി, ശബരിമലയെ അനാവശ്യ വിവാദത്തിലേക്ക് വലിച്ചിഴക്കാനാണ് ശ്രമിക്കുന്നതെന്നും അനന്തഗോപന്‍ ആരോപിച്ചു. ശബരിമലയെ അപമാനിക്കുന്ന തരത്തിലുള്ള പ്രചാരവേലയാണ് നടക്കുന്നത്.
അയ്യപ്പ ഭക്തര്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ടാക്കാനും ജനങ്ങള്‍ക്കിടയില്‍ ആശങ്കയുണ്ടാക്കാനുമുള്ള നീക്കമാണ് നടക്കുന്നത്. ശബരിമലയെ മോശമാക്കി വിവാദം ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നവരുടെ ആഗ്രഹം മനസ്സിലില്‍ ഇരിക്കുകയേ ഉള്ളൂവെന്നും അനന്തഗോപന്‍ പറഞ്ഞു. 2017 ല്‍ ശബരിമലയിലെ സ്വര്‍ണ കൊടിമരം വഴിപാടായി നല്‍കിയ കുടുംബം മുന്‍പ് പലതവണ ദര്‍ശനം നടത്തിയിട്ടുണ്ട്. സന്നിധാനത്തെ ശബരി ഗസ്റ്റ് ഹൗസ് സ്വന്തം ചെലവില്‍ നവീകരിച്ചു കൊടുക്കാമെന്നും സംഘം ദേവസ്വം ബോര്‍ഡിന് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.