News

കോണ്‍ഗ്രസാണ് തീവ്രവാദത്തിന്റെ അമ്മ, നെഹ്റു ശ്രീരാമനില്‍ വിശ്വസിച്ചിരുന്നില്ല; യോഗി ആദിത്യനാഥ്

കുശിനഗര്‍: കോണ്‍ഗ്രസാണ് രാജ്യത്തെ ഭീകരവാദത്തിന്റെ മാതാവെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉത്തര്‍പ്രദേശിലെ കുശിനഗറില്‍ ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷപാര്‍ട്ടികളെ കടന്നാക്രമിച്ചും ശ്രീരാമനെയും തീവ്രവാദത്തെയും രാഷ്ട്രീയ പ്രചാരണായുധമാക്കിയും യോഗി രംഗത്തെത്തിയത്.

കോണ്‍ഗ്രസ് ശ്രീരാമനില്‍ വിശ്വസിക്കുന്ന ജനങ്ങളെ അപമാനിക്കുകയാണെന്നും യോഗി പറഞ്ഞു. ‘രാജ്യത്ത് തീവ്രവാദത്തിന്റെ മാതാവാണ് കോണ്‍ഗ്രസ്. രാജ്യത്തെ വേദനിപ്പിക്കുന്ന ആളുകളെ സഹിക്കേണ്ടതില്ല. കോണ്‍ഗ്രസ് രോഗം നല്‍കുകയാണ്. രാമനില്‍ വിശ്വാസിക്കുന്നവരെ അപമാനിക്കുന്നു, മാഫിയകള്‍ക്ക് അഭയം നല്‍കുന്നു.’ യോഗി പറഞ്ഞു.

ഈ രാജ്യം ആദ്യം ബ്രിട്ടീഷുകാരും പിന്നീട് കോണ്‍ഗ്രസും കൊള്ളയടിച്ചു. നെഹ്‌റു രാമനെ വിശ്വസിച്ചില്ല. ഇന്ദിരാജി സന്യാസിമാര്‍ക്ക് നേരെ വെടിയുതിര്‍ത്തു. രാമന്റെ അസ്തിത്വം സോണിയ ജി നിഷേധിച്ചു,’ എന്നും യോഗി ആരോപിച്ചു. ബി.ജെ.പി പൗരന്മാരെ സുഖപ്പെടുത്തുകയാണ്, ശ്രീരാമന്റെ ഒരു മഹാക്ഷേത്രത്തിന്റെ നിര്‍മ്മാണത്തിന് വഴിയൊരുക്കുകയും മാഫിയയെ അവര്‍ അര്‍ഹിക്കുന്ന ജയിലിലേക്ക് അയക്കുകയും ചെയ്യുന്നു. ബി.ജെ.പി ഉണ്ടെങ്കില്‍ എല്ലാവരോടും ബഹുമാനമുണ്ട്, വിശ്വാസത്തോടും ബഹുമാനമുണ്ടെന്നും യോഗി അവകാശപ്പെട്ടു.

‘രോഗം, തൊഴിലില്ലായ്മ, മാഫിയ രാജ്, അഴിമതി എന്നിവയല്ലാതെ കോണ്‍ഗ്രസ്, എസ്.പി, ബി.എസ.്പി സര്‍ക്കാരുകള്‍ സംസ്ഥാനത്തിന് എന്ത് നല്‍കി? പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തില്‍ പ്രീണന രാഷ്ട്രീയത്തിന് സ്ഥാനമില്ല. 2017 -ന് മുമ്പ് എല്ലാവര്‍ക്കും റേഷന്‍ ലഭിച്ചിരുന്നോ ? … മുമ്പ് ‘അബ്ബ ജാന്‍’ എന്ന് പറയുന്നവര്‍ പാവപ്പെട്ടവര്‍ക്കുള്ള റേഷന്‍ ഇല്ലാതാക്കിയിരുന്നു’ എന്നും പ്രസംഗത്തില്‍ യോഗി പറഞ്ഞു. രാമന്റെ ഭക്തര്‍ക്ക് നേരെ വെടിയുതിര്‍ത്ത ‘താലിബാന്‍ അനുകൂല, ജാതി, ഉന്നതകുല മാനസികാവസ്ഥ’ സംസ്ഥാനത്തെ ജനങ്ങള്‍ സഹിക്കില്ലെന്നും യോഗി പറഞ്ഞു.

‘രാമന്റെ ഭക്തര്‍ക്ക് നേരെ വെടിയുതിര്‍ത്ത താലിബാന്‍ അനുകൂല, ജാതി, ഉന്നതകുല മാനസികാവസ്ഥ സംസ്ഥാനത്തെ ജനങ്ങള്‍ സഹിക്കില്ല. തേള്‍ എവിടെയുണ്ടെങ്കിലും അത് കടിക്കും. മോദിജി രാജ്യത്ത് മുത്തലാഖ് നിര്‍ത്തലാക്കി, പക്ഷേ ചില സമാജ്വാദി പാര്‍ട്ടി നേതാക്കളുടെ പ്രസ്താവന നിങ്ങള്‍ വായിച്ചിരിക്കണം. അവര്‍ താലിബാന്റെ പ്രവര്‍ത്തനങ്ങളെ പിന്തുണച്ചിട്ടുണ്ട്. പാകിസ്ഥാന്‍ അനുകൂല ഭീകരര്‍ ഇന്ന് രാജ്യത്ത് എവിടെയും ഒളിത്താവളം കണ്ടെത്തുന്നില്ല. 2012 ല്‍ എസ്.പി സര്‍ക്കാര്‍ ഭീകരരുടെ കേസുകള്‍ പിന്‍വലിക്കാന്‍ തുടങ്ങി, ‘ എന്നും യോഗി ആരോപിച്ചു.

അടുത്തവര്‍ഷമാണ് യു.പിയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. 217 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 312 നിയമസഭാ സീറ്റുകള്‍ നേടിയാണ് ബി.ജെ.പി അധികാരത്തില്‍ എത്തിയത്. സമാജ്വാദി പാര്‍ട്ടി 47 സീറ്റും ബി.എസ്.പി 19 സീറ്റും കോണ്‍ഗ്രസിന് ഏഴ് സീറ്റും മാത്രമാണ് അന്ന് നേടാനായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button