ബറോസിന്റെ കഥ കോപ്പിയടി? ആരോപണവുമായി എഴുത്തുകാരന്‍; റിലീസ് തടയണമെന്ന് ഹര്‍ജി
കൊച്ചി: മോഹന്‍ലാല്‍ കന്നി സംവിധായകന്‍ ആകുന്ന മെഗാ ത്രിഡി ചിത്രമായ ബറോസിന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി. ജര്‍മ്മന്‍ മലയാളിയായ എഴുത്തുകാരന്‍ ജോര്‍ജ് തുണ്ടിപ്പറമ്പില്‍ ആണ് ഹര്‍ജി നല്‍കിയത്. എറണാകുളം ജില്ലാ കോടതിയിലാണ് ഹര്‍ജി നല്‍കിയത്.
'ബറോസ്, ഗാര്‍ഡിയന്‍ ഓഫ് ദി ഗാമാസ് ട്രഷര്‍' എന്ന സിനിമ തന്റെ 'മായ' എന്ന നോവലിന്റെ പകര്‍പ്പവകാശ ലംഘനമാണെന്നാണ് ജോര്‍ജി തുണ്ടിപ്പറമ്പില്‍ ആരോപിക്കുന്നത്. സംവിധായകനും നടനുമായ മോഹന്‍ലാല്‍, ജിജോ പുന്നൂസ്, ടി കെ രാജീവ് കുമാര്‍, നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.
പകര്‍പ്പവകാശ പ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ജോര്‍ജ് 2024 ജൂലൈയില്‍ മോഹന്‍ലാല്‍ അടക്കം നാലുപേര്‍ക്കും വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. പ്രശ്നം പരിഹരിക്കുന്നതുവരെ 'ബറോസ്, ഗാര്‍ഡിയന്‍ ഓഫ് ദി ഗാമാസ് ട്രഷര്‍' റിലീസ് ചെയ്യുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, പകര്‍പ്പവകാശ ലംഘനമില്ലെന്നാണ് ജിജോ പുന്നൂസ് അടക്കമുളളവര്‍ മറുപടി നല്‍കിയത്. ഇതോടെയാണ് ജോര്‍ജ് തുണ്ടിപ്പറമ്പില്‍ ജില്ലാ കോടതിയെ സമീപിച്ചത്. തന്റെ കൃതിയുടെ തനിപ്പകര്‍പ്പാണ് ബറോസ് സിനിമയെന്നാണ് പരാതിക്കാരന്‍ ആരോപിക്കുന്നത്.
ജിജോയുടെ 26 പേജ് വരുന്ന നോവല്‍ പകര്‍പ്പാവകാശ ലംഘനം മറയ്ക്കാനുള്ള ശ്രമം മാത്രമെന്നാണ് ഹര്‍ജിക്കാരന്‍ ആരോപിക്കുന്നത്. ഇരുനോവലുകളും വിശദമായി വിശകലനം ചെയ്ത് നിരവധി രംഗങ്ങളും പകര്‍ത്തിയതായി ആരോപണമുണ്ട്. തന്റെ നോവല്‍ മായ ജിജോ പുന്നൂസ് കാണുകയോ, വായിക്കുകയോ ചെയ്തിട്ടില്ലെന്നാണ് ജിജോ പറഞ്ഞിരുന്നതെങ്കിലും നോട്ടീസിനുള്ള മറുപടിയില്‍ ജിജോയ്ക്ക് മായ നോവലിനെ കുറിച്ച് അറിയാമായിരുന്നു എന്ന് വ്യക്തമാകുന്നുണ്ടെന്നും ജോര്‍ജ് തുണ്ടിപ്പറമ്പില്‍ അവകാശപ്പെടുന്നു.
ബറോസിന്റെ കഥയും 2008-ല്‍ ജോര്‍ജ് തുണ്ടിപ്പറമ്പില്‍ എഴുതി പുറത്തിറക്കിയ 'മായ' എന്ന നോവലും തമ്മില്‍ സാമ്യമുണ്ട് എന്നാണ് അവകാശപ്പെടുന്നത്. സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ടി കെ രാജീവ്കുമാറാണ്. മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ലീഡ് റോള്‍ അഭിനയിക്കുന്നതും മോഹന്‍ലാല്‍ തന്നെയാണ്.
ജോര്‍ജിന്റെ 'മായ' എന്ന പുസ്തകം 2008 ഏപ്രിലില്‍ കൊച്ചിയില്‍ വെച്ച് എഴുത്തുകാരനും കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം പിയാണ് പ്രകാശനം ചെയ്തത്. 'കാപ്പിരി മുത്തപ്പന്‍' എന്ന മിത്തിനെക്കുറിച്ച് ഫോര്‍ട്ട് കൊച്ചിയില്‍ പ്രചാരത്തിലുള്ള മിത്താണ് ഈ പുസ്തകത്തിന്റെ പ്രമേയം.
വാസ്‌കോഡഗാമ നിധി സംരക്ഷിക്കാന്‍ ഏല്‍പ്പിച്ച ഒരു ആഫ്രിക്കന്‍ അടിമയുടെ ആത്മാവാണ് കാപ്പിരി മുത്തപ്പന്‍ എന്നാണ് വിശ്വസിക്കപ്പെടുന്നത്. വാസ്‌കോഡഗാമയുടെ പിന്‍ഗാമി പോര്‍ച്ചുഗലില്‍ നിന്ന് വരുന്നതുവരെ നിധികള്‍ സംരക്ഷിക്കാന്‍ അടിമയെ ചുമതലപ്പെടുത്തിയിരുന്നു. ഇതാണ് കഥയുടെ പശ്ചാത്തലം.
'കാപ്പിരി മുത്തപ്പന്റെ പുരാണകഥ പ്രചാരത്തിലുള്ളതാണെന്നും പകര്‍പ്പവകാശമില്ലെന്നും ജോര്‍ജ്ജ് തന്റെ വക്കീല്‍ നോട്ടീസില്‍ പറഞ്ഞിരുന്നു. എന്നാല്‍ ജോര്‍ജ്ജ് ഈ പുരാണ ആശയത്തെ ഒരു കഥാസന്ദര്‍ഭമാക്കുകയും അത് ആവിഷ്‌കരിക്കുകയും ചെയ്തത് പതിനെട്ടുകാരിയായ പെണ്‍കുട്ടിയുടെ കാഴ്ച്ചപ്പാടിലൂടെയാണ്, ഇതാണ് മായ. മായയ്ക്ക് മാത്രമാണ് സാധാരണ ദിവസങ്ങളില്‍ കാപ്പിരിയെ കാണാനും സംസാരിക്കാനും സാധിക്കുക. കാപ്പിരി മുത്തപ്പന്‍ മായയെ താന്‍ കാത്തുസൂക്ഷിക്കുന്ന നിധിയുടെ അവകാശിയായി പിന്നീട് തിരിച്ചറിയുന്നുണ്ട്. ഇതാണ് മായ എന്ന നോവലിന്റെ ഇതിവൃത്തം. ഈ സ്റ്റോറിലൈനിന് പകര്‍പ്പവകാശമുണ്ടെന്നാണ് വാദം.
തന്റെ പുസ്തകം പുറത്തിറങ്ങി വര്‍ഷങ്ങള്‍ക്ക് ശേഷം പ്രഖ്യാപിച്ച ബറോസിന്റെ പ്രമേയം തന്റെ നോവലിനോട് വളരെ സാമ്യമുള്ളതാണെന്ന് ജോര്‍ജ്ജ് വാദിക്കുന്നു. വിപണിയില്‍ ഒരിടത്തും തനിക്ക് സമാനമായ കഥാസന്ദര്‍ഭമുള്ള മറ്റൊരു പുസ്തകം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. മായ എന്ന തന്റെ പുസ്തകത്തിന് സമാനമായ നിരവധി കഥാ സന്ദര്‍ഭങ്ങള്‍ ബറോസിനെക്കുറിച്ച് ഇതുവരെ പുറത്ത് വന്ന വിവരണങ്ങളില്‍ കണ്ടെത്താനായെന്നും ജോര്‍ജ് അവകാശപ്പെടുന്നു.
2016ല്‍ മായ എന്ന പുസ്തകത്തിന്റെ ഒരു കോപ്പി തന്റെ സുഹൃത്ത് രാജീവ് കുമാറിന് കൊടുത്തിരുന്നുവെന്നും ജോര്‍ജ്ജ് അവകാശപ്പെടുന്നു. ജിജോ പുന്നൂസുമായി ചേര്‍ന്ന് നോവല്‍ സിനിമയാകുമെന്ന് സുഹൃത്തിനോട് പറഞ്ഞിരുന്നുവെന്നും ജോര്‍ജ് പറയുന്നു. 2017-ല്‍ ഒരു ആഫ്രോ-ഇന്ത്യന്‍-പോര്‍ച്ചുഗീസ് മിത്തിനെക്കുറിച്ച് ജിജോ പുന്നൂസ് എഴുതിയ ഒരു പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ബറോസിന്റെ തിരക്കഥയെന്നായിരുന്നു ആദ്യം പുറത്ത് വന്ന വാര്‍ത്തകള്‍. എന്നാല്‍ പിന്നീട് ഇത് തന്റെ തിരക്കഥയല്ലെന്നും സംവിധായകന്‍ ടികെ രാജീവ് കുമാറിന്റെ സഹായത്തോടെ മോഹന്‍ലാല്‍ തന്റെ തിരക്കഥയില്‍ നിന്ന് മാറ്റിയെഴുതിയതാണെന്നും ജിജോ പുന്നൂസ് പറഞ്ഞിരുന്നു.
ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മാണം ഒക്ടോബര്‍ മൂന്നിനായിരുന്നു സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ സിനിമയുടെ വിഎഫ്എക്‌സ് വര്‍ക്കുകളും ഐ മാക്‌സ് പതിപ്പും പൂര്‍ത്തിയായിട്ടില്ലെന്നും അതിനാല്‍ സിനിമയുടെ റിലീസ് നീട്ടുകയായിരുന്നു.