ട്രംപിനെതിരെ സ്ത്രീകളുടെ പീപ്പിള്‍സ് മാര്‍ച്ച്; സ്ഥാനാരോഹണത്തിന് കല്ലുകടി
വാഷിംഗ്ടണ്‍:ഡൊണാൾഡ് ട്രംപിനെതിരെ വമ്പൻ പ്രതിഷേധവുമായി സ്ത്രീകൾ. സ്ഥാനാരോഹണത്തിന് മുൻപാണ് കല്ലുകടിയായി പ്രതിഷേധം അരങ്ങേറിയത്. ‘പീപ്പിൾ മാർച്ച്’ എന്ന പേരിലാണ് പ്രതിഷേധം നടന്നത്. കുടിയേറ്റം, പ്രത്യുത്പാദന അവകാശങ്ങൾ, കാലവസ്ഥ വ്യതിയാനം തുടങ്ങിയ വിഷയങ്ങളിൽ ട്രംപ് സ്വീകരിക്കുന്ന നിലപാടുകൾക്കെതിരെയാണ് പ്രതിഷേധം നടന്നത്.
ആയിരങ്ങളാണ് പ്രതിഷേധ റാലിയിൽ അണിനിരന്നത്. 2017 ൽ ട്രംപ് ആദ്യമായ അധികാരത്തിലേറിയ അന്നും പീപ്പിൾസ് മാർച്ച് അരങ്ങേറിയിരുന്നു. രണ്ടാമതും ട്രംപ് ഭരണത്തിലേറുന്നതിൽ കടുത്ത ആശങ്കയാണ് പീപ്പിൾസ് മാർച്ച് അംഗങ്ങൾ പങ്കുവെയ്ക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം അരങ്ങേറി.
സാധാരണ നിലയിൽ പ്രതിഷേധങ്ങളിൽ വലിയ ജനപങ്കാളിത്തം ഉണ്ടാകാറുണ്ട്. എന്നാൽ ഇക്കുറി വാഷിങ്ടൺ ഡിസിയിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തവരുടെ എണ്ണം താരതമ്യേന കുറവായിരുന്നു. അതേസമയം പങ്കെടുത്തവരിൽ പലരും ട്രംപിസത്തിനെതിരെ തുറന്നടിച്ചു. ‘ ട്രംപിനെ വീണ്ടും തിരഞ്ഞെടുത്ത ജനങ്ങളുടെ നടപടിയിൽ സന്തുഷ്ടയല്ല. പ്രസിഡന്റ് എന്ന നിലയിൽ ഒരിക്കൽ പരാജയം രുചിച്ച നേതാവിനെയാണ് വീണ്ടും രാജ്യം തിരഞ്ഞെടുത്തത്.
രാജ്യം ഒരു വനിതയെ തിരഞ്ഞെടുക്കാത്തതിൽ ഏറെ സങ്കടമുണ്ട്’, പ്രതിഷേധകരിൽ ഒരാൾ പ്രതികരിച്ചു.സ്വേച്ഛാധിപതികൾക്കെതിരെ തെളിയിക്കപ്പെട്ട തന്ത്രങ്ങൾ ഉപയോഗിച്ച് ട്രംപിനെ വെല്ലുവിളിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് മാർച്ച് സംഘാടകർ പറഞ്ഞു.