CrimeKerala

ഏഴുവയസ്സുള്ള മകന് ഐസ്ക്രീമിൽ വിഷം കലർത്തി നൽകിയശേഷം അമ്മ തൂങ്ങിമരിച്ചു

അമ്പലപ്പുഴ: ഏഴുവയസ്സുള്ള മകന് ഐസ്ക്രീമിൽ വിഷം കലർത്തി നൽകിയശേഷം അമ്മ തൂങ്ങിമരിച്ചു. അമ്പലപ്പുഴ വടക്ക് ഗ്രാമപ്പഞ്ചായത്ത് നാലാം വാർഡിൽ വണ്ടാനം പള്ളിവെളിവീട്ടിൽ മുജീബിന്റെ ഭാര്യ റഹ്മത്താ (39)ണ് മരിച്ചത്. മകൻ മുഫാസിനെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച വൈകീട്ടായിരുന്നു സംഭവം. ഹോട്ടൽ തൊഴിലാളിയായ ഭർത്താവുവീട്ടിലില്ലാതിരുന്ന സമയത്താണു റഹ്മത്ത് ഇളയമകന് ഐസ്ക്രീമിൽ വിഷം കലർത്തിനൽകിയത്.

മൂത്തമകൾ വിളിച്ചറിയിച്ചതിനെത്തുടർന്ന് എത്തിയ മുജീബ് പെൺമക്കൾക്കൊപ്പം കുട്ടിയെ പുന്നപ്രയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഡോക്ടറുടെ നിർദേശപ്രകാരം പിന്നീട്, മെഡിക്കൽ കോളേജ് ആശുപത്രിലേക്കു കൊണ്ടുപോയി.

ആശുപത്രിയിൽ വെച്ചാണു മാതാവും വിഷംകഴിച്ച വിവരം കുട്ടി പറയുന്നത്. മുജീബ് ഉടൻതന്നെ ഓട്ടോറിക്ഷയിൽ വീട്ടിലെത്തി. അടച്ചിട്ട വാതിൽ തുറന്ന് അകത്തുചെന്നപ്പോൾ കിടപ്പുമുറിയിൽ റഹ്മത്ത് തൂങ്ങിയനിലയിലായിരുന്നു. പരിസരവാസികളുമായി ചേർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറിയിലേക്കുമാറ്റി.

റഹ്മത്ത് ആത്മഹത്യാപ്രവണതയുള്ളയാളാണെന്ന് പോലീസ് പറയുന്നു. എട്ടുകൊല്ലമായി മാനസിക വിഭ്രാന്തിക്കു ജില്ലാ ആശുപത്രിയിലെ ചികിത്സയിലാണ്. രണ്ടാഴ്ച മുൻപ് ഇവർ വീടിനുള്ളിൽ തൂങ്ങിമരിക്കാൻ ശ്രമിച്ചെങ്കിലും മൂത്തമകൾ കണ്ടു കെട്ടഴിച്ച് ആശുപത്രിയിലെത്തിക്കുകയായിരുന്നുവെന്നും പോലീസ് അറിയിച്ചു. കുട്ടിയുടെ സ്ഥിതി ഗുരുതരമല്ലെന്ന് പോലീസ് പറഞ്ഞു. പുന്നപ്ര പോലീസ് അസ്വാഭാവികമരണത്തിനു കേസെടുത്തു. മറ്റുമക്കൾ: മുഹ്സിന, മുബീന.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker