KeralaNews

കൊല നടത്തിയത് വിവാഹചിത്രങ്ങള്‍ പുറത്തുവിട്ട ദേഷ്യത്തില്‍; പ്രവീണിന്റെ മൊഴി പുറത്ത്

തിരുവനന്തപുരം: തമ്പാനൂരിലെ ഹോട്ടല്‍ മുറിയില്‍ യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതി പ്രവീണിന്റെ മൊഴി പുറത്ത്. രഹസ്യമാക്കി വച്ചിരുന്ന വിവാഹചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടതിന്റെ ദേഷ്യത്തിലാണ് ഗായത്രിയെ കൊലപ്പെടുത്തിയതെന്ന് പ്രവീണ്‍ പോലീസിനോടു പറഞ്ഞു.

നഗരത്തിലെ ഒരു ജ്വല്ലറിയിലെ ജീവനക്കാരായിരുന്നു ഗായത്രിയും പ്രവീണും. ഇവിടെ വച്ച് ഇരുവരും പ്രണയത്തിലായി. വിവാഹിതനായ പ്രവീണിന് രണ്ട് കുട്ടികളുണ്ട്. ഗായത്രിയുമായുള്ള ബന്ധം പ്രവീണിന്റെ വീട്ടിലറിഞ്ഞതോടെ പ്രശ്‌നങ്ങളുണ്ടായി. നിലവിലുള്ള വിവാഹ ബന്ധം അവസാനിപ്പിച്ച ശേഷം വിവാഹം കഴിക്കാമെന്ന് പ്രവീണ്‍ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഗായത്രി അതിന് തയാറായിരുന്നില്ല. ഗായത്രിയുമായുള്ള ബന്ധം രഹസ്യമായി തുടരാനാണ് പ്രവീണ്‍ ആഗ്രഹിച്ചത്.

പ്രവീണിന്റെ രഹസ്യ ബന്ധമറിഞ്ഞ ഭാര്യ പരാതിപ്പെട്ടതോടെ സ്ഥാപനം ഇയാളെ തമിഴ്‌നാട്ടിലേക്ക് സ്ഥലം മാറ്റി. തമിഴ്‌നാട്ടിലേക്ക് പോകുന്ന പ്രവീണിനൊപ്പം താനുമുണ്ടെന്ന് ഗായത്രി നിര്‍ബന്ധം പിടിച്ചു. ഗായത്രിയുടെ ആവശ്യപ്രകാരം 2021 ഫെബ്രുവരിയിലാണ് തിരുവനന്തപുരത്തെ ഒരു പള്ളിയില്‍ വച്ച് ഇരുവരും വിവാഹിതരായത്. ഈ ചിത്രങ്ങള്‍ ഇരുവരും രഹസ്യമായി സൂക്ഷിച്ചു. ഗായത്രിയെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കാന്‍ വേണ്ടിയാണ് തമ്പാനൂരില്‍ മുറിയെടുത്തതെന്ന് ഇയാള്‍ പൊലീസിന് നല്‍കിയ മൊഴി.

എന്നാല്‍ ഇവിടെയെത്തിയ ഗായത്രി പ്രവീണുമായി വഴക്കുണ്ടാക്കുകയും വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. ഇതോടെ പ്രകോപിതനായി ഗായത്രിയെ കൊല്ലുകായിരുന്നു. ഷാള്‍ കൊണ്ട് കഴുത്ത് ഞെരിച്ചാണ് പ്രവീണ്‍ ഗായത്രിയെ കൊലപ്പെടുത്തിയത്. മരിച്ചെന്ന് ഉറപ്പായതോടെ പ്രതി സ്ഥലത്ത് നിന്നു രക്ഷപ്പെട്ടു. ഗായത്രിയുടെ ഫോണുമായാണ് പ്രതി കടന്നു കളഞ്ഞത്. ഈ ഫോണില്‍ നിന്ന് ഹോട്ടല്‍ റിസപ്ഷനില്‍ വിളിച്ച് കൊലപാതക വിവരം പ്രവീണ്‍ തന്നെയാണ് പറഞ്ഞത്.

ഞായറാഴ്ചയാണ് കാട്ടാക്കട വീരണകാവ് പുതിയ പാലത്തിനു സമീപം മുറുക്കര വീട്ടില്‍ ഗായത്രി ദേവിയെ (24) തമ്പാനൂരിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊല്ലം സ്വദേശിയായ പ്രവീണ്‍ ഞായറാഴ്ച ഉച്ചയോടെ പരവൂര്‍ സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button