കൊച്ചി: നാടിനെ നടുക്കി വീണ്ടും കാട്ടാന ആക്രമണം. എറണാകുളം ജില്ലയിലെ കുട്ടമ്പുഴയില്‍ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു സംഭവം നാട്ടുകാരുടെ പ്രതിഷേധം ശക്തമാക്കുകയാണ്. കുട്ടമ്പുഴ ക്ണാച്ചേരിയില്‍ ഇന്ന് വൈകിട്ടാണ് സംഭവം. ആനയുടെ ചവിട്ടേറ്റ് മരിച്ച നിലയില്‍ യുവാവിന്റെ മൃതദേഹം റോഡരികില്‍ കണ്ടെത്തുകയായിരുന്നു. ക്ണാച്ചേരി സ്വദേശി എല്‍ദോസാണ് മരിച്ചത്.
വിവരമറിഞ്ഞ് പൊലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. സ്ഥലത്ത് നാട്ടുകാര്‍ വലിയ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്. ജനവാസ മേഖലയില്‍ വന്യമൃഗ ശല്യം രൂക്ഷമാണെന്നും ഫെന്‍സിങ് സ്ഥാപിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു. കോതമംഗലം പ്രദേശമാകെ പ്രതിഷേധത്തിലാണ്. ബസ് ഇറങ്ങി വീട്ടിലേക്ക് പോകുമ്പോഴായിരുന്നു എല്‍ദോസിനെ കാട്ടാന ആക്രമിച്ചത്. കോതമംഗലം ഉരുളന്‍തണ്ണിയിലാണ് ദുരന്തം ഉണ്ടായത്. കോടിയാട്ട് വര്‍ഗീസിന്റെ മകനാണ് എല്‍ദോസ്. അവിവാഹിതനാണ്. ഉരുളന്‍തണ്ണി ഫോറസ്റ്റ് സ്റ്റേഷന്‍ കഴിഞ്ഞ് ക്ണാച്ചേരിക്ക് പോകുന്ന വഴിയിലാണ് സംഭവം. ഇവിടെ ഇരുവശവും കാടാണ് പിന്നിടാണ് ജനവാസ മേഖല. ഉരുളന്‍തണ്ണി ഫോറസ്റ്റ് സ്റ്റേഷന്റ സമീപത്ത് വച്ചാണ് അക്രമണം.
ബസിറങ്ങി വീട്ടിലേക്ക് നടക്കുന്നതിനിടെയാണ് എല്‍ദോസിനെ ആന ആക്രമിച്ചത്. ഛിന്നഭിന്നമായ നിലയിലാണ് എല്‍ദോസിന്റെ മൃതദേഹം. എല്‍ദോസിന് ഒപ്പമുണ്ടായ ആള്‍ തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. ഇയാളാണ് നാട്ടുകാരെയും വനംവകുപ്പിനെയും വിവരം അറിയിച്ചത്. ഇവിടെനിന്ന് ഒരു കിലോമീറ്റര്‍ ദൂരമാണ് എല്‍ദോസിന്റെ വീട്ടിലേക്കുള്ളത്. പാതയില്‍ വഴിവിളക്ക് ഉണ്ടായിരുന്നില്ല. വനാതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന പ്രദേശത്ത് വേലി സ്ഥാപിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നടപടിയുണ്ടായിട്ടില്ല. കുട്ടമ്പുഴ പഞ്ചായത്തിലെ വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള ഈ പ്രദേശത്ത് അറുപതോളം കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. സ്ഥിരമായി ആളുകള്‍ പോകുന്ന വഴിയില്‍ വച്ചാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായതെന്ന് നാട്ടുകാര്‍ പറയുന്നു. ശരീരഭാഗങ്ങള്‍ ചിന്നിച്ചിതറിയ നിലയിലാണ് കണ്ടെത്തിയതെന്ന് പഞ്ചായത്ത് മെമ്പര്‍ പറഞ്ഞു.
സ്ഥലത്തെ എല്ലാ വാര്‍ഡുകളിലും വന്യമൃഗശല്യംരൂക്ഷമെന്ന് പഞ്ചായത്തംഗം പി.സി.ജോഷി പറഞ്ഞു. പലതവണ പ്രശ്‌നം വനംവകുപ്പിനോട് പറഞ്ഞു, ഫെന്‍സിങ് കാടുപിടിച്ച നിലയിലാണ്. സ്ഥിരമായി ആളുകള്‍ നടക്കുന്ന വഴിയിലാണ് ആക്രമണം. പരിശോധനയ്ക്ക് വരാന്‍ പറയുമ്പോള്‍ വാഹനത്തില്‍ ഡീസലില്ലെന്ന് പറയുമെന്നും ജോഷി പറഞ്ഞു. കുട്ടമ്പുഴയില്‍ മുമ്പും കാട്ടാന ആക്രമണം ഉണ്ടായിട്ടുണ്ട്. അന്നെല്ലാം പ്രശ്‌നം പരിഹരിക്കാമെന്ന് പറഞ്ഞ് വനം വകുപ്പ് പോകും. പിന്നെ വീണ്ടും ദുരന്തമുണ്ടാകുമ്പോഴാണ് പ്രശ്‌നം ചര്‍ച്ചയാകുന്നത്. ഇതാണ് നാട്ടുകാരുടെ രോഷമായി മാറുന്നത്.
കുട്ടമ്പുഴ പഞ്ചായത്തിലെ മാമലക്കണ്ടത്ത് വീടിന് നേരെ കാട്ടാന ആക്രമണം കഴിഞ്ഞ മാസം ഉണ്ടായിരുന്നു. അന്ന് വീട്ടുപകരണവും കൃഷിയും കാട്ടാന നശിപ്പിച്ചു. അക്രമസമയം വീട്ടില്‍ ആളുണ്ടായിരുന്നില്ല എന്നതിനാല്‍ വലിയ ദുരന്തം ഒഴിവായി. വെളുപ്പിനാണ് കാടിറങ്ങിയ കാട്ടാന കൂട്ടം എത്തിയത്. വീടിന്റെ ജനാലകള്‍ വാതിലുകള്‍ വീട്ടുപകരണങ്ങള്‍ എന്നിവ നശിപ്പിച്ചു. വീടിനോട് ചേര്‍ന്ന മെഷീന് പുരയും നശിപ്പിച്ചു. ഡെന്നീസ് എന്ന വ്യക്തിയുടെ വീട്ടിലാണ് ആക്രമണമുണ്ടായത്. അന്ന് മുതല്‍ തന്നെ കുട്ടമ്പുഴയില്‍ പ്രതിഷേധം ശക്തമാണ്.
കോതമംഗലം – കുട്ടമ്പുഴ മേഖലയില്‍ കാട്ടാന ശല്യം രൂക്ഷമാണ്. തട്ടേക്കാട് ഭാഗത്ത് നിന്ന് പെരിയാര്‍ കടന്നെത്തുന്ന ആനകളാണ് കുട്ടമ്പുഴ-കീരംപാറ മേഖലയില്‍ ഭീഷണി ഉയര്‍ത്തുന്നത്. 25000 ത്തോളം ജനങ്ങള്‍ വസിക്കുന്ന പ്രദേശത്ത് രാത്രി കാലങ്ങളില്‍ പുറത്ത് ഇറങ്ങാന്‍ കഴിയാത്ത സ്ഥിതിയാണ്. റോഡിനിരുവശവും കാഴ്ച മറച്ച് വളര്‍ന്നു നില്‍ക്കുന്ന കാടും മരങ്ങളും വെട്ടി നീക്കണമെന്നും പ്രദേശത്ത് തമ്പടിച്ചിരിക്കുന്ന ആനകളെ തുരത്തി ജനങ്ങളുടെ ആശങ്കയകറ്റണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.