മലപ്പുറം: മലപ്പുറം ചങ്ങരംകുളത്ത് രണ്ടിടത്തായി കാട്ടുപന്നി ആക്രമണം. കാട്ടുപന്നിയുടെ ആക്രമണത്തില്‍ രണ്ട് കുട്ടികളടക്കം അഞ്ച് പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെയാണ് സംഭവം. വളാഞ്ചേരി കഞ്ഞിപ്പുര ടൗണിലും എടയൂരിലുമാണ് കാട്ടുപന്നി എത്തിയത്. കഞ്ഞിപ്പുരയിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന നാല് വയസുകാരി ആയിഷ റെന്നയെയും സഹോദരൻ ശാമിലിനെയും ( (16) ആണ് പന്നി ആക്രമിച്ചത്.
പ്രദേശത്തെ കവലയിൽ നിർത്തിയിട്ട ആറോളം വാഹനങ്ങളും പന്നി തകർത്തു. എടയൂരിൽ വഴിയാത്രക്കാർക്ക് നേരെയായിരുന്നു പന്നിയുടെ ആക്രമണം. പ്രദേശവാസികളായ ഹരിദാസ്, ബീന, നിർമല എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രികാലങ്ങളിൽ ഈ മേഖലയിലെ പന്നി ശല്യം കൂടുകയാണെന്ന് നാട്ടുകാർ ആരോപിച്ചു.
ആലപ്പുഴയിലെ വള്ളികുന്നത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ 3 പേർക്ക് പരിക്കേറ്റു. ഇവരെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീടിന് മുന്നിൽ വെച്ചു രാവിലെ 8 മണിക്കായിരുന്നു കാട്ടുപന്നിയുടെ ആക്രമണം. കളത്തിൽ പുത്തൻവീട് കരുണാകരൻ, കളത്തിൽ വടക്കേത് അശോകൻ, കളത്തിൽ ഉദയൻ എന്നിവർക്കാണ് പരിക്കേറ്റത്. വയറിനും തുടയ്ക്കുമാണ് പരിക്കേറ്റത്.