കോട്ടയം: ജീവിത പങ്കാളിയെ കൈമാറ്റം ചെയ്യുന്ന സംഘം കോട്ടയം കറുകച്ചാലില്‍ അറസ്റ്റിലായതോടെ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. ആയിരക്കണക്കിനു ദമ്പതിമാരും അംഗങ്ങളും സമൂഹ മാധ്യമങ്ങളില്‍ രൂപം നല്‍കിയിരുന്ന ഇവരുടെ ഗ്രൂപ്പുകളില്‍ ഉണ്ടായിരുന്നതായാണ് സൂചന. ഇതുപോലെയുള്ള 15 സാമൂഹിക ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് പോലീസ് കണ്ടെത്തല്‍. ഈ ഗ്രൂപ്പുകളെ പോലീസ് നിരീക്ഷണത്തില്‍ ആക്കിയിട്ടുണ്ട്.
മെസഞ്ചര്‍, ടെലിഗ്രാം ഗ്രൂപ്പുകള്‍ വഴിയായിരുന്നു ആശയ വിനിമയവും കൂട്ടാമയ്മയും. വീടുകളില്‍ ഒരുക്കുന്ന വിരുന്നുകളുടെ മറവിലായിരുന്നു പങ്കാളികളെ കൈമാറ്റം പ്രധാനമായും അരങ്ങേറിയിരുന്നത്. സമൂഹമാധ്യമങ്ങളുടെ ഗ്രൂപ്പുകളിലൂടെ പരസ്പരം സൗഹൃദത്തിലാവുകയാണ് ആദ്യ പടിയെന്നു പോലീസ് പറയുന്നു. പിന്നീട് ഈ ബന്ധം കൂടുതല്‍ ശക്തമാകും. രഹസ്യങ്ങള്‍ പങ്കുവയ്ക്കുന്ന തലത്തിലേക്കു ബന്ധം ഊഷ്മളമാക്കും. ഇഷ്ടങ്ങളും താത്പര്യങ്ങളുമൊക്കെ സംസാരങ്ങളുടെ ഭാഗമാകും.
തുടര്‍ന്നു വിഡിയോ കോളിലൂടെ പരിചയം കൂടുതല്‍ ശക്തമാക്കും. തുടര്‍ന്നാണ് പങ്കാളിയെ പങ്കുവയ്ക്കാന്‍ താത്പര്യമുണ്ടോയെന്ന സൂചന നല്‍കുന്നത്. ഇതിനു മറുവശത്തുനിന്നു അനുകൂല മറുപടി ലഭിച്ചാല്‍ പിന്നെ അതിനുള്ള സാഹചര്യങ്ങള്‍ ഒരുക്കുകയാണ് ഇരുകൂട്ടരും ചെയ്യുന്നത്. അതിനായി ഇവരില്‍ ആരുടെയെങ്കിലും വീട്ടില്‍ വിരുന്നു സംഘടിപ്പിച്ചിട്ട് മറ്റേ കുടുംബത്തെ ക്ഷണിക്കും. കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരുമായിട്ടാവും എത്തുക. കുടുംബങ്ങള്‍ തമ്മില്‍ മാസങ്ങളായി അടുപ്പമുള്ളതിനാല്‍ കുട്ടികളും പരസ്പരം സൗഹൃദത്തിലാകും. കുടുംബസുഹൃത്തുക്കള്‍ എന്ന പേരിലാകും അയല്‍പക്കത്ത് ഉള്ളവരെയും പരിചയപ്പെടുത്തുക.
രാത്രിയില്‍ കുട്ടികളെയെല്ലാം ഒരിടത്ത് ആക്കി ഉറക്കിയിട്ടായിരിക്കും പങ്കാളിയെ കൈമാറ്റം പോലെയുള്ള വൈകൃതങ്ങള്‍ അരങ്ങേറുന്നത്. ഭര്‍ത്താക്കന്മാരുടെ നിര്‍ബന്ധത്തിനും ഭീഷണിക്കും വഴങ്ങിയാണ് മിക്ക സ്ത്രീകളും ഇതിനു മനസില്ലാ മനസോടെ വഴങ്ങുന്നത്. താത്പര്യത്തോടെ തന്നെ ഇത്തരം പരിപാടികള്‍ക്ക് ഇറങ്ങിത്തിരിക്കുന്ന ദമ്പതികളും ഉണ്ടെന്നാണ് അന്വേഷണത്തില്‍ വ്യക്തമാകുന്നത്. പങ്കാളിയെ അങ്ങോട്ടു നല്‍കിയെങ്കില്‍ മാത്രമേ ഇങ്ങോട്ടും കൈമാറുകയുള്ളൂ. അല്ലെങ്കില്‍ പങ്കാളിയെ കൈമാറിക്കിട്ടുന്നതിനു ചോദിക്കുന്ന പണം കൊടുക്കേണ്ടി വരും.
അതേസമയം, ഒന്നില്‍ കൂടുതല്‍ പുരുഷന്മാരുമായി ഒരേ സമയം കിടക്ക പങ്കിടേണ്ടി വരാറുണ്ടെന്നാണ് ഇരയാകുന്നവരുടെ വെളിപ്പെടുത്തല്‍. ഇതു പലപ്പോഴും ക്രൂരപീഡനങ്ങള്‍ക്കും കാരണമായി മാറുന്നുണ്ട്. മനോവൈകൃതമുള്ളവരും മറ്റും ഇത്തരം ഗ്രൂപ്പുകളില്‍ സജീവമാണെന്നും അവരുടെ കൈകളില്‍ ചെന്നുപെട്ടാല്‍ ക്രൂരപീഡനമാവും ഏറ്റുവാങ്ങേണ്ടി വരുന്നതെന്നും ഇവര്‍ പറയുന്നു. എന്തായാലും പോലീസിന്റെ അന്വേഷണം ഞെട്ടിക്കുന്ന ഒരു റാക്കറ്റിന്റെ പ്രവര്‍ത്തനങ്ങളാണ് പുറത്തുകൊണ്ടുവന്നിരിക്കുന്നത്.
ഇതിനിടെ, പിടികൂടാനുള്ള മൂന്നു പ്രതികളിലൊരാള്‍ വിദേശത്തേക്കു കടന്നതായിട്ടാണ് അറിയുന്നത്. കൊല്ലം സ്വദേശിയാണ് വിദേശത്തേക്കു കടന്നതെന്നു പറയുന്നു. സംസ്ഥാനത്ത് ആദ്യമായിട്ടാണ് ഇത്തരമൊരു സംഘത്തെ അറസ്റ്റ് ചെയ്യുന്നതെന്നാണ് പോലീസ് പറയുന്നത്. അതുകൊണ്ട് ഗൗരവത്തോടെ കേസ് അന്വേഷിക്കുകയാണ് പോലീസ്. കൂടുതല്‍ സ്ത്രീകള്‍ പരാതികളുമായി രംഗത്തുവരുമെന്ന പ്രതീക്ഷയിലാണ് പോലീസ്. സ്ത്രീകള്‍ അതിനു തയാറായാല്‍ ഈ റാക്കറ്റുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന കൂടുതല്‍ പേരെ നിയമത്തിനു മുന്നിലെത്തിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്.