KeralaNews

പന്തീരങ്കാവ് ഇൻസ്പെക്ടറെ എന്തിനാണ് സസ്പെൻഡ് ചെയ്തത്?ഡിജിപിയ്ക്കുള്ള തുറന്ന കത്ത് ചര്‍ച്ചയാവുന്നു

കൊച്ചി: പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസ് സംസ്ഥാനത്ത് വലിയ ചര്‍ച്ചയായി മാറിയിരിയ്ക്കുകയാണ്.പറവൂര്‍ സ്വദേശിയായ യുവതി കോഴിക്കോട് പന്തീരങ്കാവിലെ ഭര്‍തൃവീട്ടില്‍ വലിയ ശാരീരിക പീഡനങ്ങള്‍ക്ക് ഇരയായതായാണ് വെളിപ്പെടുത്തലുകള്‍ പുറത്തുവന്നത്.യുവതിയും കുടുംബവും ആദ്യം പരാതി നല്‍കിയ പന്തീരങ്കാവ് പോലീസിന് വലിയ വീഴ്ച വന്നതായാണ് വിവരങ്ങളും പുറത്തുവന്നില്ല.

യുവതിയുടെ പരാതിയ്ക്ക് അര്‍ഹിയ്ക്കുന്ന ഗൗരവം നല്‍കിയില്ലെന്ന കാരണത്താല്‍ എസ്.എച്ച്.ഒയെ സസ്പന്‍ഡ് ചെയ്യുകയും ചെയ്തു.പ്രതിയ്ക്ക് സഹായം നല്‍കിയെന്ന കാരണത്താല്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ക്കെതിരെയും നടപടിയെടുത്തു.പോലീസുകാര്‍ക്കെതിരായ നടപടികള്‍ക്കെതിരെ സേനയ്ക്കുള്ളിലും വലിയ അമര്‍ഷമുണ്ടെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.ഇതിനിടയിലാണ് പോലീസില്‍ നിന്നും പിരിച്ചവിട്ട രഘു പി.എസ് എന്ന പോലീസുകാരന്റെ പേരില്‍ സമൂഹമാധ്യങ്ങളില്‍ ഒരു തുറന്ന കത്ത് പ്രചരിയ്ക്കുന്നത്.

കത്തിന്റെ പൂര്‍ണ്ണരൂപമിങ്ങനെ

പ്രിയപ്പെട്ട ഡിജിപി,,, സുപ്രിം കോടതി നിര്‍ദ്ദേശവും അങ്ങയുടെ സര്‍ക്കുലറും പാലിച്ച പന്തിരാങ്കാവ് ഇന്‍സ്‌പെക്ടറെ എന്തിനാണ് സസ്‌പെന്‍ഡ് ചെയ്തത് ?
‘മനസിലാവുന്നില്ല അതുകൊണ്ട് ചോദിച്ചതാണ്…

പോലീസ് സേന നിര്‍ജീവമാകണമെന്നാണോ അങ്ങുള്‍പ്പെടെയുള്ളവര്‍ ആഗ്രഹിക്കുന്നത്?
മനസ്സിലാകുന്നില്ല ഡി ജി പി നിങ്ങളുടെയൊക്കെ ഉദ്ദേശമെന്താണെന്ന്
പോലീസ് സ്റ്റേഷനില്‍ നിത്യവും നടക്കുന്ന കാര്യങ്ങള്‍ ,അവരുടെ സാഹചര്യങ്ങള്‍ താങ്കളുള്‍പ്പെടെയുള്ള മേലുദ്യോഗസ്ഥര്‍ ദയവായി പഠിക്കണം മനസ്സിലാക്കണം..


പരിശീലന കാലത്ത് രണ്ടോ മൂന്നോ മാസം സ്റ്റേഷന്‍ ചുമതല വഹിച്ചതിന് ശേഷം പിന്നിട് പോലീസ് സ്റ്റേഷനില്‍ നടക്കുന്ന കാര്യങ്ങള്‍, പോലിസുകാരനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ എന്തെങ്കിലും താങ്കളുള്‍പ്പെടുന്ന മേലുദ്ദോഗസ്ഥര്‍ അറിയുന്നുണ്ടോ..
പോലീസുകാരെ ഭയപ്പെടുത്താനും, അവര്‍ക്കെതിരെ വകുപ്പ് തല നടപടികള്‍ സ്വീകരിക്കാനും, അവരെ ശിക്ഷിക്കാനും, അവര്‍ പിടിക്കുന്ന കേസുകളുടെ പേരില്‍ പ്രശസ്തിയുടെ പങ്ക് പറ്റാനുമല്ലാതെ അവരുമായി മേലുദ്യോഗസ്ഥര്‍ക്ക് എന്ത് ബന്ധമാണുള്ളത്…


സാട്ടയെന്ന പീഡനനത്തില്‍ തുടങ്ങും ഒരു SHOയുടെ ഒരു ദിവസം.. അതിന്റെ പ്രതിഫലനം താഴെയുള്ള പോലീസുകാരും അനുഭവിക്കണം.
കോടതിയും പോലീസും തമ്മിലുള്ള ബന്ധമെന്നാണെന്നറിയാന്‍ കോടതി നല്‍കുന്ന സമ്മര്‍ദ്ദങ്ങള്‍ എന്താണെന്നറിയാന്‍ …,നിങ്ങള്‍ മേലുദ്ദോഗസ്ഥര്‍ എപ്പഴെങ്കിലും കോടതി കയറിയിട്ടുണ്ടോ..?
ഒരു സ്റ്റേഷനില്‍ പോലീസ് ഉദ്യോഗസ്ഥര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ക്ക് പുറമെയാണ് മേലുദ്യോഗസ്ഥരുടെ പിഡനവും, ഈഗോയും മനസ്സ് തകര്‍ക്കുന്ന വാക്കുകളും, അപ്രതീക്ഷിത സ്ഥലം മാറ്റവും,, പിന്നെ സര്‍വ്വസാധാരണമായ സസ്‌പെന്‍ഷനും,,


പോലിസുകാരുടെ ഒരു ഭാഗ്യം എന്താണെന്ന് വച്ചാല്‍ അവര്‍ക്ക് വേണ്ടി ഘോര ഘോരം വാദിക്കാനും നിലകൊള്ളാനും താങ്ങായി നില്‍ക്കാനും ,പോലീസുകാര്‍ ആത്മഹത്യ ചെയ്താല്‍ റീത്ത് വയ്ക്കാനും, പിരിവ് നടത്താനും സംഘടനകള്‍ ഉണ്ടെന്നുള്ളതാണ്… മികച്ച പ്രവര്‍ത്തനമാണ് പോലീസുകാരുടെ സംഘടനകള്‍ നടത്തുന്നത് , ഒരു വീട്ടില്‍ ഒരു വിധവ എന്ന പദ്ധതി വളരെ വേഗം നടപ്പിലാക്കുന്നുണ്ടെന്നുള്ളത് പ്രശംസിനിയമാണ്…
ഒരു ഉദ്യോഗസ്ഥനോട് നീരസം തോന്നിയാല്‍ അവന്റെ പതിനാറ് അടിയന്തിരം കൂടാതെ ഉറക്കം വരില്ല ചില പോലീസ് സര്‍വ്വീസസിലെ ഉദ്യോഗസ്ഥര്‍ക്ക്.

ആ പാവപ്പെട്ട ഉദ്യേഗസ്ഥര്‍ ഊണും ഉറക്കവുമൊഴിച്ച് പണിയെടുത്ത് റിസല്‍ട്ടുണ്ടാക്കിയതിന്റെ കണക്ക് കാണിച്ചാണ് നിങ്ങളില്‍ പലരും പ്രശസ്തരാകുന്നതും സര്‍ക്കാരിന് പ്രിയപ്പെട്ടവരാകുന്നതും,

മനസ്സ് മരവിച്ചാണ് ഇന്ന് ഈ പാവം പോലീസുകാര്‍ SHOമാരുള്‍പ്പെടെ ജോലി ചെയ്യുന്നത്

മിസ്റ്റര്‍ ഡി ജി പി
ആത്മഹത്യക്ക് പരിഹാരമായി നിങ്ങള്‍ നിര്‍ദ്ദേശിക്കുന്ന യോഗയും കൗണ്‍സിലിങ്ങും താഴെ തട്ടിലുള്ള അവര്‍ക്കല്ല നല്‍കേണ്ടത് മുകളിലുള്ളവര്‍ക്കാണ് … ധാര്‍ഷ്ട്യവും ഇഗോയും പകയും ഫ്യൂഡല്‍ മനോഭാവവും എല്ലാം മാറ്റാന്‍ അവര്‍ക്ക് യോഗയും കൗണ്‍സിലിങ്ങും ഉപകരിച്ചാല്‍ ഒരു പക്ഷെ പോലീസിലെ അത്മഹത്യ നിരക്ക് കുറയ്ക്കാന്‍ ഉപകരിക്കും…

ഒരു പോലീസ് ഉദ്യേഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്യും മുമ്പ് അദ്ദേഹത്തിന്റെ ഭാഗം കേള്‍ക്കുക എന്ന സാമാന്യ നീതി പോലും നടപ്പാക്കാത്ത പോലീസ്
ഡിപ്പാര്‍ട്ട്‌മെന്റ് എങ്ങിനെ ജനങ്ങള്‍ക്ക് നീതി നല്‍കും,,,
തങ്ങള്‍ക്ക് കിട്ടാത്ത നീതി, സംരക്ഷണം, മനുഷ്യാവകാശം എങ്ങിനെ ഒരു പോലീസുകാരന്‍ ജനങ്ങള്‍ക്ക് നല്‍കും…
വല്ലാത്ത ഒരു അവസ്ഥയാണ് ഡിയര്‍ ഡി ജി പി പോലീസുകാരനുഭവിക്കുന്നത്..
പോലീസിലെ കൊഴിഞ്ഞ് പോക്കും അത്മഹത്യയും എന്ന വിഷയം നാളെ നമ്മുടെ നാട്ടില്‍ ആരെങ്കിലും ഗവേഷണ വിഷയമാക്കി Phd വരെ എടുക്കാന്‍ സാധ്യതയുണ്ട്


ഈ വിഷയം പഠിക്കാന്‍ ജില്ലകള്‍ തോറും കമ്മറ്റികള്‍ രുപികരിക്കുന്നതറിഞ്ഞു, എന്തിനാണ് ഒരു കമ്മറ്റി.. ദന്തഗോപുരങ്ങളില്‍ നിന്നും വിശാല മനസ്സോടെ ഒന്ന് പുറത്തിറങ്ങി അല്പം ദയയോടെ പെരുമാറിയാല്‍ മനസിലാകും കടലോളം കണ്ണീര്‍ കണ്ണീലൊളിപ്പിച്ച കാക്കിയിട്ടവരുടെ മനസ്സ്…
ഒന്ന് കരയാന്‍ പോലും കഴിയാതെ ഒരു മുഴം കയറില്‍ ജീവിതം അവസാനിപ്പിക്കണമെന്ന് ‘ചിന്തിക്കാത്ത ഒരാളുപോലും ഇന്ന് സേനയില്‍ ഉണ്ടാകുമെന്ന് തോന്നുന്നില്ല..


സേനയിലെ പ്രവര്‍ത്തനം വല്ലാതെ രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു ഡിയര്‍ ഡിജിപി
തങ്ങള്‍ക്ക് അനഭിമതരായവരെ നശിപ്പിക്കുകയെന്ന പോളിസി ഏറ്റെടുത്തിരിക്കുന്നു പോലീസിലെ ഉന്നതരും നേതാക്കന്മാരും,, അവര്‍ ഒത്ത് ചേരുമ്പോള്‍ മരണമല്ലാതെ മാര്‍ഗ്ഗമില്ലെന്ന് ചിന്തിച്ചു പോകുന്നു സേന..
ഓര്‍ക്കണം ഇതൊരു സേനയാണ്… ഒരു സംസ്ഥാനത്തിന്റെ ഒരു നാടിന്റെ ജനങ്ങളുടെ ജീവനും സ്വത്തിനു സംരക്ഷണം നല്‍കേണ്ട സേന
ആ സേനയാണ് ഇന്ന് ഒരു മുഴം കയറില്‍ ജീവിതമവസാനിപ്പിക്കാന്‍ ഒരുങ്ങി നില്‍ക്കുന്നത്…
ആ പാവപ്പെട്ടവരുടെ കഞ്ഞിയില്‍ മണ്ണ് വാരിയിടരുത് ഡിയര്‍ ഡി ജി പി,, ഒരുത്തന്റെ അന്നംമുട്ടിക്കുന്നത് അവനെ കൊല്ലുന്നതിന് തുല്ല്യമാണ്…


ഇന്ന് കാണുന്ന മറ്റൊരു രീതിയെന്താണ് തെറ്റ് ചെയ്യാതെ പോലും ഒരു പോലീസ് ഉദ്യോഗസ്ഥന്‍ ഒരു പ്രശ്‌നത്തില്‍ പെട്ടാല്‍ ആദ്യം ഡിപ്പാര്‍ട്ട്‌മെന്റ് കയ്യൊഴിയും,, പിന്നെ മാധ്യമങ്ങള്‍ക്ക് കൊത്തിക്കിറിത്തിന്നാന്‍ വലിച്ചെറിഞ്ഞ് കൊടുക്കും,, ആ സമയത്ത് പോലീസിലെ നേതാക്കന്മാരും ശത്രുക്കളും പുറകില്‍ നിന്ന് കുത്തും.. ഒരാശ്വസ വാക്ക് പോലും ലഭിക്കാതെ അവര്‍ മരണത്തിന് സ്വയം കീഴടങ്ങും,

അവരും മനുഷ്യരാണ്.. ഈ സമുഹത്തിന്റെ ഭാഗമാണ്,.. തെറ്റ് കുറ്റങ്ങളുള്ളവരാണ്.. ആ ഒരു പരിഗണന നല്‍കണം അവര്‍ക്ക്,

KPDIP & A 1958 റൂള്‍സും ചട്ടങ്ങളും മുന്‍വിധിയോടെ മാത്രം അവര്‍ക്കെതിരെ പ്രയോഗിക്കുമ്പോള്‍ അതിനെ നേരിടാനും തലപ്പത്തിരിക്കുന്നവരുടെ അധികാരശക്തിയെ നേരിടാനും അശക്തരാണ് ഭൂരിഭാഗം പേരും,,

ഒരു നല്ല വാക്ക് പോലിസിലെ പണിയെടുക്കുന്നവര്‍ക്ക് കിട്ടാറില്ല,, കുറ്റങ്ങളും കുറവുകളും മാത്രം കണ്ടു പിടിച്ച് അതിവേഗം അവരെ അടിച്ചൊതുക്കുമ്പോള്‍ നഷ്ട്ടം അവര്‍ക്കും അവരുടെ സേവനം ലഭ്യമാകേണ്ട ജനങ്ങള്‍ക്കുമാണ്..
ഡിയര്‍ ഡിജിപി,,,

അവസാനമായി ഒരു വാക്ക്..
അല്പം മനസാക്ഷി, ദയ, മനുഷത്വം,, അഭിമാനം… ഒരു നല്ല വാക്ക്… അതവര്‍ക്ക് കൊടുക്കണം

രഘു പി എസ് (സിവിലിയന്‍)
റിമൂവഡ് ഫ്രം പോലീസ് സര്‍വ്വീസ്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker