ഡെറാഡൂണ്‍: കീറലുള്ള ജീന്‍സ് വിവാദത്തിന് പിന്നാലെ അടുത്ത വിവാദ പ്രസ്താവനയുമായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തീരഥ് സിംഗ് റാവത്ത്. കൂടുതല്‍ മക്കളുണ്ടായിരുന്നുവെങ്കില്‍ കൊറോണക്കാലത്ത് സര്‍ക്കാരില്‍ നിന്നും അധിക റേഷന്‍ ലഭിക്കുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. നൈനിറ്റാളിലെ രാംനഗറില്‍ നടന്ന പൊതുപരിപാടിക്കിടെയാണ് അദ്ദേഹം ഈ പ്രസ്താവന നടത്തിയത്.
’10 കുട്ടികളുള്ളവര്‍ക്ക് 50 കിലോ റേഷന്‍ ലഭിച്ചപ്പോള്‍ 20 മക്കളുള്ളവര്‍ക്ക് അതിനിരട്ടിയാണ് ലഭിച്ചത്. രണ്ട് മക്കളുള്ളവര്‍ക്കോ വെറും 10 കിലോ മാത്രം. ഇവിടെ പലരും പുതിയ കടകള്‍ തുടങ്ങി കിട്ടിയ റേഷന്‍ വിറ്റഴിച്ചു. ഇതില്‍ ആരെയാണ് കുറ്റപ്പെടുത്തേണ്ടത്. രണ്ട് കുട്ടികള്‍ മാത്രം മതിയെന്ന തീരുമാനമെടുത്തിട്ട് ഇപ്പോള്‍ 20 കുട്ടികളുള്ളവരെ കുറിച്ചോര്‍ത്ത് നിങ്ങള്‍ അസൂയപ്പെട്ടിട്ട് യാതൊരു കാര്യവുമില്ല’.-റാവത്ത് പറഞ്ഞു.
കൂടാതെ ബ്രിട്ടണ് പകരം 200 വര്‍ഷം ഇന്ത്യ ഭരിച്ചത് അമേരിക്കയാണെന്നും അദ്ദേഹം തെറ്റായി പറഞ്ഞു. ലോകം മുഴുവന്‍ അടക്കി വാണ, സൂര്യനസ്തമിക്കാത്ത സാമ്രാജ്യമായിരുന്നു അമേരിക്കയുടേതെന്നും എന്നാലിപ്പോള്‍ കൊവിഡ് കാരണം ലക്ഷക്കണക്കിനാളുകളാണ് അമേരിക്കയില്‍ മരിക്കുന്നതെന്നും റാവത്ത് കൂട്ടിച്ചേര്‍ത്തു.
അതേസമയം, റാവത്തിനെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തതില്‍ കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ബിജെപിയെ പരിഹസിച്ചു.