കൊച്ചി: പാറശ്ശാല ഷാരോൺ വധക്കേസിൽ ഗ്രീഷ്‌മയുടെ പ്രവർത്തിയെ ന്യായീകരിച്ച് ചാനൽ ചർച്ചയിൽ സംസാരിച്ച റിട്ടയേർഡ് ജസ്‌റ്റിസ് കമാൽ പാഷയ്ക്ക് എതിരെ ആഞ്ഞടിച്ച് രാഹുൽ ഈശ്വർ. ഷാരോൺ വധത്തിൽ ഗ്രീഷ്‌മയ്ക്ക് വധശിക്ഷ വിധിച്ചതിന് പിന്നാലെ കമാൽ പാഷ നടത്തിയ അഭിപ്രായ പ്രകടനം ഏറെ വിമർശനങ്ങൾ ക്ഷണിച്ചുവരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രാഹുൽ ഈശ്വറും ഇതിനെതിരെ ആഞ്ഞടിച്ചത്.
ചാനൽ ചർച്ചകളിൽ ഇരുന്ന് കൊണ്ട് ഷാരോണിനെ കുറിച്ച് കമാൽ പാഷ പച്ചക്കള്ളം പറയുകയാണ് എന്നാണ് രാഹുൽ ഈശ്വർ ആരോപിക്കുന്നത്. കോടതിവിധിയിൽ തെളിയിക്കപ്പെട്ട കാര്യങ്ങളിൽ പോലും അദ്ദേഹം കള്ളം പറയുകയാണെന്നും മരിച്ച ഒരാളെ അവഹേളിക്കുകയാണെന്നും രാഹുൽ പറയുന്നു. ഷാരോണിന്റെ കൈയിൽ ഗ്രീഷ്‌മയുടെ മോശം വീഡിയോകൾ ഉണ്ടായിരുന്നുവെന്നൊക്കെ പറഞ്ഞുവെന്നും രാഹുൽ മാധ്യമങ്ങളോട് സംസാരിക്കവേ ആരോപിക്കുന്നുണ്ട്.
‘ഷാരോണിന്റെ കൈയിൽ ഗ്രീഷ്‌മയുടെ മോശം വീഡിയോ ഉണ്ടായിരുന്നു, ഗ്രീഷ്‌മയുടെ കല്യാണം മുടക്കാൻ ഷാരോൺ ശ്രമിച്ചു, അതുകൊണ്ട് റാങ്ക് ഒക്കെ കിട്ടിയിട്ടുള്ള കുട്ടി ഗത്യന്തരമില്ലാതെ അയാളെ കൊന്നു എന്നൊക്കെയാണ് ന്യായീകരിക്കുന്നത്. ഇത് നേരെ തിരിച്ച് ഷാരോൺ ആണ് പ്രതിയും അദ്ദേഹത്തെ പുരുഷന്മാർ ന്യായീകരിക്കുകയും ചെയ്‌തെങ്കിൽ എന്തായേനെ’ രാഹുൽ ഈശ്വർ ചോദിച്ചു.
അന്തസായി കഷായം കൊടുത്തു എന്നൊക്കെയാണ് പറയുന്നത്. യഥാർത്ഥത്തിൽ ഇതാണ് ഈ നാടിന്റെ അവസ്ഥ. അവിടെയാണ് പുരുഷ കമ്മീഷന്റെ ആവശ്യം. വനിതകളോടും കൂടി അതിനായി അഭ്യർത്ഥിക്കുകയാണ്. പുരുഷന് ഇവിടെ നിയമപരമായി യാതൊരു സംരക്ഷണവുമില്ല. സാക്ഷാൽ നിവിൻ പോളി കൊടുത്ത പരാതി പോലും പോലീസ് പരിഗണിക്കുന്നില്ല, പിന്നെയാണോ നമ്മൾ സാധാരണക്കാർ’ രാഹുൽ പറഞ്ഞു.
ഉമ്മൻ ചാണ്ടി സാറിനെ വേട്ടയാടിയ സരിതയ്ക്ക് എതിരെ കേസെടുത്തിട്ടില്ല. ഇതാണ് നമ്മുടെ നാടിന്റെ അവസ്ഥയെന്നും രാഹുൽ ചൂണ്ടിക്കാണിച്ചു. ഷാരോൺ വധക്കേസിൽ ഗ്രീഷ്‌മയ്ക്ക് വധശിക്ഷ വിധിച്ച ജസ്‌റ്റിസ് ബഷീറിന്റെ കട്ടൗട്ടിൽ പാലഭിഷേകം നടത്താൻ ശ്രമിച്ചത് പോലീസ് തടഞ്ഞതിനെയും രാഹുൽ വിമർശിച്ചു.
ഒരു പ്രതിഷേധം നടത്താൻ പോലും സമ്മതിക്കുന്നില്ല. സ്ത്രീകൾക്ക് എതിരെ ഒന്നും പറയരുതെന്ന് മുഖ്യമന്ത്രി ഉൾപ്പെടെ എപ്പോഴും പറയാറുണ്ട്. എന്നാൽ പുരുഷന്മാരെ കുറിച്ച് ആരെങ്കിലും അങ്ങനെ പറഞ്ഞിട്ടുണ്ടോ. പുരുഷ കമ്മീഷൻ എന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് നിയമസഭയിൽ എൽദോസ് കുന്നപ്പള്ളി എംഎൽഎയെ കണ്ടെന്നും ഒരു കരട് രേഖ സമർപ്പിച്ചെന്നും രാഹുൽ ഈശ്വർ വ്യക്തമാക്കി.