FeaturedKeralaNews

നീരൊഴുക്ക് ശക്തം; മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 140 അടിയിലേക്ക്

തൊടുപുഴ: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 140 അടിയിലേക്ക് അടുക്കുന്നു. നിലവില്‍ 139.85 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ ഇടവിട്ട് മഴ പെയ്യുന്നതിനാല്‍ നീരൊഴുക്ക് ശക്തമായി തുടരുകയാണ്. നാലായിരത്തോളം ഘനയടി വെള്ളമാണ് ഒഴുകിയെത്തുന്നത്.

തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് മാറ്റമില്ലാതെ തുടരുന്നു. 556 ഘന അടി വെള്ളം മാത്രമാണ് കൊണ്ടുപോകുന്നത്. കൂടുതല്‍ ജലം കൊണ്ടുപോകണമെന്ന് കേരളം തമിഴ്നാടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 141 അടി വരെ റൂള്‍ ലെവല്‍ പ്രകാരം തമിഴ്‌നാടിന് വെള്ളം സംഭരിക്കാനാകും.

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2398. 68 അടിയായി. കഴിഞ്ഞദിവസത്തെ പുതുക്കിയ റൂള്‍ കര്‍വനുസരിച്ച് 2400.03 അടിവരെ വെള്ളം സംഭരിക്കാനാകുമെങ്കിലും നിലവിലെ സാഹചര്യത്തില്‍ ഇതിനു തയാറാവുകയില്ല. 2403 അടിയാണ് അണക്കെട്ടിലെ പരമാവധി സംഭരണശേഷി. മഴ കനത്താല്‍ ഇടുക്കി അണക്കെട്ട് തുറക്കുന്ന കാര്യം ആലോചിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചിരുന്നു.

മുല്ലപ്പെരിയാര്‍ ഡാം കേസ് ഒരു വിധിയില്‍ തീര്‍പ്പാക്കാന്‍ കഴിയുന്ന പ്രശ്‌നമല്ലെന്നും സാഹചര്യം വിലയിരുത്തി ചോര്‍ച്ച അടക്കമുള്ള പുതിയ വസ്തുതകള്‍ പരിഗണിക്കേണ്ടി വരുമെന്നും സുപ്രീം കോടതി വ്യക്തമാക്കിതോടെ ജലനിരപ്പ് താഴ്ത്താന്‍ കോടതി അനുവദിക്കുമെന്ന പ്രതീക്ഷയിലാണ് കേരളം.

142 അടിയെന്ന 2014ലെ വിധി മറികടക്കാന്‍ കേരളം ആവര്‍ത്തിച്ച് ഹര്‍ജി നല്‍കി പ്രശ്‌നമുണ്ടാക്കുകയാണെന്ന തമിഴ്‌നാടിന്റെ വാദമാണ് ഇതോടെ പൊളിയുന്നത്.അണക്കെട്ടിന്റെ ബലക്ഷയം ബോദ്ധ്യമാകാന്‍ ചോര്‍ച്ചയുടെ (സീപ്പേജ്) കണക്കുകള്‍ ലഭ്യമാക്കണമെന്ന് ഹര്‍ജിക്കാരനായ പെരിയാര്‍ പ്രൊട്ടക്ഷന്‍ മൂവ്‌മെന്റിന്റെ അഭിഭാഷകന്‍ ആവശ്യപ്പെടുകയും തമിഴ്‌നാട് എതിര്‍ക്കുകയും ചെയ്തപ്പോഴാണ് കോടതി ഇങ്ങനെ പറഞ്ഞത്. ചോര്‍ച്ചക്കണക്കുകള്‍ പ്രധാനമാണെന്നും കോടതി വ്യക്തമാക്കി.

കേസ് ഈ മാസം 22ലേക്കു മാറ്റി. ജലനിരപ്പ് 139.5 അടിയായിരിക്കണമെന്ന ഒക്ടോബര്‍ 28ലെ ഉത്തരവ് അതുവരെ പാലിക്കണം.സുര്‍ക്കി കൊണ്ട് നിര്‍മ്മിച്ച 126 വര്‍ഷം പഴക്കമുള്ള ഡാം സുരക്ഷിതമല്ലെന്നാണ് കേരളത്തിന്റെ നിലപാട്. പുതിയ ഡാമാണ് പരിഹാരം. ബേബി ഡാം ബലപ്പെടുത്തിയാല്‍ മതിയെന്നാണ് തമിഴ്‌നാട് പറയുന്നത്. ഇതു വ്യക്തമാക്കി അവര്‍ ഇന്നലെ സത്യവാങ്മൂലം നല്‍കി. കേരളത്തിന്റെ മറുപടി അറിയാനാണ് കേസ് മാറ്റിയത്.

ബേബി ഡാം ബലപ്പെടുത്താനായി മരങ്ങള്‍ മുറിക്കാന്‍ തമിഴ്‌നാടിന് കൊടുത്ത അനുമതി റദ്ദാക്കിയെങ്കിലും തിരിച്ചടി ആകുമോ എന്ന ആശങ്കയിലായിരുന്നു കേരളം. തമിഴ്‌നാട് ഇന്നലത്തെ സത്യവാങ്മൂലത്തില്‍ ഇക്കാര്യം പരാമര്‍ശിച്ചിട്ടുണ്ട്. ഇതിനടക്കം കേരളം മറുപടി നല്‍കേണ്ടിവരും. ജസ്റ്റിസുമാരായ എ.എം.ഖാന്‍വില്‍ക്കര്‍, ദിനേശ് മഹേശ്വരി, സി.ടി.രവികുമാര്‍ എന്നിവരുടെ ബെഞ്ചിലാണ് കേസ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button