പാല്‌സ്തീന്‍-ഇസ്രായേല്‍ യുദ്ധഭീതിയില്‍,ഹമാസ് തൊടുത്തുവിട്ടത് 5000 റോക്കറ്റുകൾ; യുദ്ധസന്നദ്ധമെന്ന് ഇസ്രയേലും
ഗാസ: ഇസ്രയേലിനുനേരെയുള്ള ഹമാസിന്റെ റോക്കറ്റാക്രമണത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു. മൂന്നുപേര്‍ക്ക് പരിക്കുണ്ട്. ഗാസയില്‍നിന്ന് ഹമാസ് പ്രവര്‍ത്തകര്‍ ഇസ്രയേലിന്റെ ഭൂപ്രദേശത്തേക്ക് നുഴഞ്ഞുകയറിയതായി ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് (ഐ.ഡി.എഫ്.) അറിയിച്ചു. റോക്കറ്റാക്രമണത്തിന്റെ ഉത്തരവാദിത്തം പലസ്തീനിയന്‍ സായുധവിഭാഗമായ ഹമാസ് ഏറ്റെടുത്തു.
അല്‍ അഖ്‌സ സ്റ്റോം എന്ന് പേരിട്ടിരിക്കുന്ന ഓപ്പറേഷന്‍ വഴി ശത്രുക്കളുടെ താവളങ്ങളേയും വിമാനത്താവളങ്ങളേയും സൈനിക കേന്ദ്രങ്ങളേയുമാണ് തങ്ങള്‍ ലക്ഷ്യമിട്ടതെന്ന് ഹമാസ് കമാന്‍ഡര്‍ മുഹമ്മദ് അല്‍ ഡെയ്ഫ് റിക്കോര്‍ഡ് ചെയ്ത ശബ്ദസന്ദേശത്തില്‍ അറിയിച്ചു. അതേസമയം, ഗാസ മുനമ്പിന് സമീപം താമസിക്കുന്ന ഇസ്രയേല്‍ പൗരന്മാരോട് വീടുകളില്‍ കഴിയാന്‍ ഐ.ഡി.എഫ്. നിര്‍ദേശിച്ചു.
എഴുപതുകാരിയായ സ്ത്രീയാണ് കൊലപ്പെട്ടത്. പരിക്കേറ്റവരുടെ നില ഗുരുതരമല്ല. ശനിയാഴ്ച രാവിലെ ആറരയോടെയാണ് റോക്കറ്റാക്രമണം ഉണ്ടായത്. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും പ്രതിരോധമന്ത്രി യോവ് ഗാല്ലന്റും സുരക്ഷാ വിലയിരുത്തലുകള്‍ നടത്തിവരികയാണ്.
അതേസമയം, തങ്ങള്‍ യുദ്ധസന്നദ്ധതയ്ക്കുള്ള അവസ്ഥയിലാണെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചു. ആക്രമണത്തിന് പിന്നിലുള്ള ഹമാസ് അനന്തരഫലങ്ങളെ അഭിമുഖീകരിക്കേണ്ടിവരുമെന്നും ആക്രമണങ്ങളെത്തുടര്‍ന്നുള്ള സംഭവങ്ങള്‍ക്ക് ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടിവരുമെന്നും ഇസ്രയേല്‍ സൈന്യം കൂട്ടിച്ചേര്‍ത്തു. പിന്നീട്, ഹമാസിനെതിരെ തങ്ങള്‍ തിരിച്ചടി ആരംഭിച്ചതായി അവര്‍ വ്യക്തമാക്കി.
ഹമാസ് പ്രവര്‍ത്തകര്‍ ഇസ്രയേലി സൈനികരെ ബന്ധികളാക്കി ഗാസയിലേക്ക് കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഹമാസ് തലവന്‍ ഇസ്മായില്‍ ഹനിഹ ഓപ്പറേഷന്റെ വിജയം ആഘോഷിക്കുന്നുവെന്ന് അവകാശപ്പെടുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. 5,000-ലേറെ റോക്കറ്റുകളാണ് ഇസ്രയേലിനുനേരെ തൊടുത്തുവിട്ടതെന്ന് നേരത്തെ മുഹമ്മദ് അല്‍ ഡെയ്ഫിന്റെ ശബ്ദസന്ദേശത്തിലുണ്ടായിരുന്നു.