പാലക്കാട്: വെർച്വൽ അറസ്റ്റിലെന്നു ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ അക്കൗണ്ടുകൾ മരവിപ്പിച്ച് പണം തിരിച്ചു നൽകാൻ കോടതി ഉത്തരവ്. പോലീസ് സമർപ്പിച്ച റിപ്പോർട്ട് പരിഗണിച്ചാണ് ഒറ്റപ്പാലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പണം നഷ്ടപ്പെട്ടവർക്ക് തിരികെ നൽകാൻ ഉത്തരവിട്ടത്. ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർക്ക് നഷ്ടപ്പെട്ട തുകയിൽ നിന്ന് 2.98 ലക്ഷം രൂപ ഇത് വഴി തിരികെ ലഭിക്കും.
ആറ് ലക്ഷം രൂപയാണ് ഡോക്ടറെ വെർച്വൽ അറസ്റ്റിലാക്കി ഓൺലൈൻ വഴി തട്ടിച്ചിരുന്നത്. പണം നഷ്ടപ്പെട്ടയുടൻ നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ(എൻ.സി.ആർ.പി)പരാതി നൽകിയത് കൊണ്ടാണ് 2.98 ലക്ഷം രൂപ നഷ്ടപ്പെടാതിരുന്നത്. ബാക്കി തുക അക്കൗണ്ടുകൾ മരവിപ്പിക്കും മുൻപ് പിൻവലിക്കപ്പെട്ടതിനാൽ തിരിച്ച് പിടിക്കാൻ കഴിഞ്ഞില്ല. പോർട്ടലിൽ ലഭിച്ച പരാതി ഉടനടി പരിഗണിച്ച അധികൃതർ പണം ആദ്യം ട്രാൻസ്ഫർ ചെയ്ത അക്കൗണ്ട് മരവിപ്പിക്കുകയായിരുന്നു.
ഇതിൽ നിന്നും ചെറിയ തുകകളായി ട്രാൻസ്ഫർ ചെയ്യപ്പെട്ട അക്കൗണ്ടുകളും പിന്നാലെ മരവിപ്പിച്ചു. ഇത് സംബന്ധിച്ച് എൻ.സി.ആർ.പിയിൽ പോലീസിന് വിവരം ലഭിച്ചു. തുടർന്ന് ഓൺലൈൻ തട്ടിപ്പിലൂടെ മാറ്റപ്പെട്ട തുകയാണിതെന്ന് കാണിച്ച് പണം മാറ്റപ്പെട്ട എല്ലാ ബാങ്കുകൾക്കും പോലീസ് നിയമാനുസൃതം നോട്ടീസ് നൽകി.
ഓരോ അക്കൗണ്ടിലും എത്ര രൂപ വീതം ഉണ്ടെന്ന് കാണിച്ച് പോലീസ് റിപ്പോർട്ട് കോടതിയിലും സമർപ്പിച്ചു. ഇത് പരിഗണിച്ചാണ് കോടതി തുക തിരികെ നൽകാൻ ഉത്തരവിട്ടത്. ഒറ്റപ്പാലത്ത് വെർച്വൽ അറസ്റ്റിൻ്റെ പേരിൽ ഓൺലൈൻ തട്ടിപ്പിൽ കുടുങ്ങിയത് ഡോക്ടറടക്കം ഏഴ് പേരായിരുന്നു. ഇതിൽ രണ്ടു ഡോക്ടർമാർക്കും ഒരു വ്യവസായിക്കുമാണ് വെർച്വൽ അറസ്റ്റെന്ന ഭീഷണിയിൽ ആകെ 40 ലക്ഷം രൂപ നഷ്ടമായത്. ലഹരി മരുന്നടങ്ങിയ പാഴ്സൽ വന്നിട്ടുണ്ടെന്ന് കൊറിയർ കമ്പനിയിൽ നിന്നെന്ന വ്യാജേന വീഡിയോ കോൾ വഴി വിളിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത്.
വെർച്വൽ അറസ്റ്റിലാണെന്നും വീഡിയോ കോൾ കട്ട് ചെയ്താൽ നിയമക്കുരുക്കിൽ പ്പെടുമെന്ന് ഭീഷണിപ്പെടുത്തി ബാങ്ക് വിവരങ്ങൾ ചോദിച്ചറിഞ്ഞാണ് പണം തട്ടിയത്. നാർക്കോട്ടിക് സെൽ, കസ്റ്റംസ് ഉദ്യോഗസ്ഥരുടെ യൂണിഫോമണിഞ്ഞായിരുന്നു തട്ടിപ്പ്. ഒറ്റപ്പാലം പോലീസ് ഇൻസ്പെക്ടർ എ. അജീഷ്, എസ്.ഐ എം. സുനിൽ, എ.എസ്.ഐ വി.എൻ സിന്ധു, കെ.എ രാജീവ് തുടങ്ങിയവരുൾപ്പെട്ട സംഘമാണ് കേസ് അന്വേഷിക്കുന്നത്.