പാപ്പുവ ന്യൂഗിനിയെ പിടിച്ചുലച്ച് 'നരഭോജന' ചിത്രങ്ങൾ, നടുങ്ങി സോഷ്യൽമീഡിയ, വിശദീകരണവുമായി മന്ത്രി
പോര്‍ട്ട് മൊറസ്‌ബേ: പാപ്പുവ ന്യൂഗിനിയെ പിടിച്ചുലച്ച് സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ച ‘നരഭോജന’ വീഡിയോ. അമ്പും വില്ലും ധരിച്ചവര്‍ മനുഷ്യ ശരീരഭാഗങ്ങളുമായി നില്‍ക്കുന്ന ദൃശ്യമാണ് പ്രചരിച്ചത്. നരഭോജനത്തിന്റെ നടുക്കുന്ന ദൃശ്യമെന്ന് വിശേഷിപ്പിച്ച സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി രംഗത്തെത്തുകയും ചെയ്തു.
ഇതുമായി ബന്ധപ്പെട്ട് രാജ്യത്തെ ഏറ്റവും പ്രചാരമുള്ള ദിനപത്രമായ പാപ്പുവ ന്യൂഗിനി പോസ്റ്റ് പ്രസിദ്ധീകരിച്ച ചിത്രവും സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും കടുത്ത ആശങ്കയ്ക്കും പ്രതിഷേധത്തിനും ഇടയാക്കുകയും ചെയ്തു. വീഡിയോ ദൃശ്യത്തില്‍നിന്ന് പകര്‍ത്തിയ ചിത്രമായിരുന്നു ഇത്.
എന്നാല്‍ യഥാര്‍ഥ വീഡിയോ ദൃശ്യത്തില്‍ ആളുകള്‍ മനുഷ്യ ശരീരഭാഗം ഭക്ഷിക്കുന്നതായി കാണുന്നില്ലെന്നും ഒരാള്‍ ശരീരഭാഗം നക്കുന്നതായി ആംഗ്യം കാണിക്കുകയും മറ്റുള്ളവര്‍ അതുകണ്ട് ചിരിക്കുന്നതും മാത്രമാണുള്ളതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. സംഭവം സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപക ചര്‍ച്ചയായതോടെ വിശദീകരണവുമായി രാജ്യത്തെ പോലീസ് വകുപ്പ് മന്ത്രി പീറ്റര്‍ സിയാമാലിലി രംഗത്തെത്തി.
സഹോദരങ്ങളായ രണ്ടുപേര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നുണ്ടായ ചിത്രമാണ് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടതെന്ന് മന്ത്രി വിശദീകരിച്ചതായി എ.എഫ്.പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.
‘
സഹോദരന്മാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഗ്രാമവാസികള്‍ പക്ഷംചേര്‍ന്നു. അതിനിടെ മൂത്ത സഹോദരനെ അനുജന്‍ കൊലപ്പെടുത്തി. ഈ സംഭവത്തിന്റെ പേരില്‍ രാജ്യത്തെയോ അവിടുത്തെ ജനങ്ങളെയോ മോശക്കാരായി ചിത്രീകരിക്കുന്നതില്‍കാര്യമില്ല. ഇത്തരം കിരാത നടപടികള്‍ സമൂഹത്തിനുതന്നെ ഭീഷണി ഉയര്‍ത്തുന്നതും രാജ്യത്തിന്റെ മൂല്യബോധത്തിന് വെല്ലുവിളി ഉയര്‍ത്തുന്നതുമാണ്. മനുഷ്യത്വ രഹിതമായ പ്രവര്‍ത്തി ഒരുതരത്തിലും പൊറുക്കാനാകാത്തതാണ് – മന്ത്രി പ്രതികരിച്ചു.
ഒരാള്‍ കൊല്ലപ്പെട്ടുവെന്നത് വാസ്തവമാണെങ്കിലും സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്ന വീഡിയോ ഒരുമാസം മുമ്പുള്ളതാണെന്ന് മാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
കോംഗോയിലും കംബോഡിയയിലും ഫിജിയിലുമെല്ലാം നരഭോജനം ഒരുകാലത്ത് യഥേഷ്ടം നടന്നിരുന്നു. ഫിജിയിലെ നൈഹിഹി ഗുഹകളില്‍ ഒരുകാലത്ത് നരഭോജികളായിരുന്നു താമസിച്ചിരുന്നത്. നരഭോജികളുടെ ദ്വീപ് എന്നാണിത് അറിയപ്പെട്ടിരുന്നത് തന്നെ. ഏറ്റവും കൂടുതല്‍ നരഭോജനം നടന്നിരുന്ന സ്ഥലമാണിത്. അവിടെയിപ്പോഴും ആളുകളുടെ എല്ലുകളും അസ്ഥികളും കാണാമത്രേ. പുതിയ ഗോത്രത്തലവനെ തിരഞ്ഞെടുക്കുമ്പോഴും മറ്റൊരു ഗോത്രത്തില്‍നിന്നുള്ള തലവനെ സ്വീകരിക്കുമ്പോഴുമൊക്കെ അവര്‍ നരഭോജനം നടത്തിയിരുന്നു.
ഗുഹയുടെ ഒരു ഭാഗത്ത് വലിയൊരു കുഴിയുണ്ട്. നരഭോജനത്തിനായുള്ള ഓവന്‍ എന്നാണിതിനെ വിളിക്കുന്നത്. കല്ലുകള്‍ ചൂടാക്കിയും മറ്റും ആദ്യം ആളുകളെ കൊല്ലും. എന്നിട്ട് ആളുകളെയും കല്ലുകളും കൂടി ഈ ഓവനിലേക്കിടും. അങ്ങനെയാണവര്‍ ചെയ്തിരുന്നത്. ഇതും പതുക്കെ അവസാനിച്ചു. ഇന്ന് വിനോദസഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഇടമാണ് നൈഹിഹി ഗുഹ.
2003-ല്‍ ഐക്യരാഷ്ട്ര സഭയുടെ സമ്മേളനത്തിനിടയില്‍ കോംഗോയില്‍നിന്നുള്ള പിഗ്മി ഗോത്രക്കാരുടെ പ്രതിനിധി വെളിപ്പെടുത്തിയ കാര്യം കേട്ട് എല്ലാവരും ഞെട്ടി. കോംഗോയിലെ വിമതര്‍ തങ്ങളുടെ ഗോത്രത്തില്‍നിന്നുള്ള ആളുകളെ ജീവനോടെ ഭക്ഷിക്കുന്നുവെന്നാണ് ആ പ്രതിനിധി പറഞ്ഞത്. ശക്തി ലഭിക്കുമെന്ന വിശ്വാസത്താല്‍ ലൈംഗികാവയവങ്ങള്‍ വരെ കഴിക്കുന്നുണ്ടെന്ന തുറന്നുപറച്ചില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിതെളിച്ചത്.
1960-കളിലും 70-കളിലും കംബോഡിയയിലെ ആഭ്യന്തരയുദ്ധത്തിനിടയില്‍, കംബോഡിയന്‍ സൈനികര്‍ നരഭോജനം നടത്തുന്നുവെന്ന് പരാതിയുയര്‍ന്നിരുന്നു. പരാജയപ്പെട്ട് വീഴുന്നവരുടെ ഹൃദയവും കരളുമൊക്കെ മുറിച്ചെടുത്ത് കഴിക്കുകയായിരുന്നുവത്രെ. വിശപ്പ് മാറ്റുകയെന്നതായിരുന്നില്ല പ്രധാനലക്ഷ്യം. കരള്‍ കഴിച്ചാല്‍ മരിച്ചയാളുടെ ശക്തി കൂടി തങ്ങള്‍ക്ക് ലഭിക്കുമെന്നായിരുന്നു അവരുടെ വിശ്വാസം.