വിജയ് ബാബു കേരളത്തിലേക്ക് മടങ്ങി വരുന്നു; വിമാനടിക്കറ്റ് ഹൈക്കോടതിയിൽ ഹാജരാക്കി
കൊച്ചി: നടൻ വിജയ് ബാബു കേരളത്തിലേക്ക് മടങ്ങി വരുന്നു (Vijay babu Coming back to Kerala). ദുബായിൽ നിന്നും കൊച്ചിയിലേക്ക് വിജയ് ബാബു വിമാനടിക്കറ്റ് ബുക്ക് ചെയ്തതിൻ്റെ രേഖകൾ പ്രതിഭാഗം അഭിഭാഷകൻ ഇന്ന് ഹൈക്കോടതിയിൽ ഹാജരാക്കി. മെയ് മാസം മുപ്പതിനുള്ള ദുബായ് – കൊച്ചി വിമാനത്തിലാണ് വിജയ് ബാബു ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നത്. വിജയ് ബാബു നാട്ടിലേക്ക് വരികയാണെന്നും യാത്രയ്ക്ക് വേണ്ടി ടിക്കറ്റെടുത്തുവെന്നും അഭിഭാഷകർ ഇന്ന് കോടതിയെ അറിയിച്ചു. വിശദമായ യാത്രരേഖകൾ നാളെ ഹാജരാക്കമെന്നും അഭിഭാഷകർ വ്യക്തമാക്കിയിട്ടുണ്ട്.
മുൻകൂർജാമ്യം നേടാനുള്ള ശ്രമങ്ങൾക്ക് ഹൈക്കോടതി തന്നെ തടയിട്ടതോടെയാണ് നാട്ടിലേക്ക് തിരിച്ചു വരാൻ വിജയ് ബാബു തയ്യാറായത്. പൊലീസ് കേസെടുക്കുന്നതിന് മുൻപായി ദുബായിലേക്ക് കടന്ന വിജയ് ബാബു അവിടെ നിന്നും ജോർജിയയിലേക്ക് പോയിരുന്നു. കുറ്റവാളികളെ കൈമാറാൻ ഇന്ത്യയുമായി ധാരണയിൽ എത്താത്ത രാജ്യമാണ് ജോർജിയ. ഇതിനാലാണ് വിജയ് ബാബു ഇവിടേക്ക് കടന്നത്. എന്നാൽ ഹൈക്കോടതി മുൻകൂർ ജാമ്യം നൽകാതിരുന്നതോടെ വിജയ് ബാബുവിനെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കാൻ കൊച്ചി സിറ്റി പൊലീസ് നീക്കം തുടങ്ങിയിരുന്നു.