EntertainmentKeralaNews

‘ഉളുന്തൂര്‍പേട്ടൈ നായയ്ക്ക് കിട്ടിയ നാഗൂര്‍ ബിരിയാണിയോ’ നയന്‍താരയെ സ്‌നേഹിച്ചപ്പോള്‍ നേരിട്ട അധിക്ഷേപത്തിന്റെ കൂരമ്പ്;തുറന്നുപറഞ്ഞ് വിഘ്‌നേഷ്‌

ചെന്നൈ: നയന്‍താരയുടെ ജീവിതം ആസ്പദമാക്കി നിര്‍മ്മിച്ച 'നയന്‍താര: ബിയോണ്ട് ദി ഫെയറി ടെയ്ല്‍' നെറ്റ്ഫ്‌ലിക്‌സില്‍ റിലീസ് ചെയ്തിട്ടുണ്ട്. ഇതില്‍ നയന്‍സിന്റെ ജീവിതത്തിലെ പല അനുഭവങ്ങളും പുറത്തുപറഞ്ഞിട്ടുണ്ട്. പ്രഭുദേവയുമായുള്ള പ്രണയത്ത കുറിച്ചും നയന്‍സ് മനസ്സു തുറന്നിരുന്നു. ഇതിനൊപ്പം ഇപ്പോഴത്തെ ജീവിത പങ്കാളി വിഘ്‌നേഷ് ശിവന്‍ നയന്‍സുമായുള്ള പ്രണയത്തെ കുറിച്ചും തുറന്നു പറഞ്ഞിട്ടുണ്ട്. അതില്‍ വേദനാജനകമായ തുറന്നുപറച്ചിലുമുണ്ട്.

നയന്‍താരയുമായുള്ള പ്രണയത്തിന്റെ പേരില്‍ ഒരുപാട് അവഹേളനം നേരിട്ടുവെന്ന് വിഘ്‌നേഷ് ശിവന്‍ ഡോക്യുമെന്ററിയില്‍ തുറന്നു പറയുന്നു. 'ഉളുന്തൂര്‍പേട്ടൈ നായയ്ക്ക് കിട്ടിയ നാഗൂര്‍ ബിരിയാണി' എന്നായിരുന്നു ലോകം തങ്ങളുടെ പ്രണയബന്ധത്തെ വിശേഷിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. തനിക്ക് എന്തുകൊണ്ട് നയന്‍താരയെ പ്രണയിച്ചുകൂടാ എന്നും വിഘ്നേഷ് ചോദിക്കുന്നു. ജീവിതത്തില്‍ കഷ്ടപ്പെട്ടാണ് താന്‍ വളര്‍ന്നതെന്നും നയന്‍താര പറയുന്നു.

താന്‍ പ്ലസ് ടുവില്‍ പഠിക്കുമ്പോഴാണ് അച്ഛന്റെ മരണമെന്നും കുടുംബഭാരം ചുമപ്പിക്കുന്നതിന് പകരം തന്റെ സ്വപ്നമായിരുന്ന സിനിമയിലേക്ക് വഴിതെളിച്ചത് അമ്മയാണെന്നും വിഘ്‌നേഷ് വ്യക്തമാക്കി. അമ്മയുടെ അനുഭവങ്ങള്‍ നാനും റൗഡി താന്‍ എന്ന ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നാനും റൗഡി താന്‍ എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുമ്പോള്‍ തനിക്ക് ഒട്ടും ആത്മവിശ്വാസം ഉണ്ടായിരുന്നില്ല. അന്ന് നയന്‍താരയെ മാഡം എന്നാണ് വിളിച്ചിരുന്നത്. എന്നാല്‍ എത്ര ടേക്ക് പോകാനും മടിയില്ലെന്നുപറഞ്ഞ് ആത്മവിശ്വാസം തന്നത് അവരാണ്. ഷൂട്ടിങ് കഴിഞ്ഞപ്പോള്‍ വിഘ്‌നേഷിന്റെ സെറ്റ് മിസ് ചെയ്യുന്നുവെന്നാണ് അവര്‍ പറഞ്ഞതെന്നും നയന്‍താരയെ മിസ് ചെയ്യുന്നുണ്ടെന്ന് താനും മറുപടി പറഞ്ഞെന്നും വിഘ്‌നേഷ് പറഞ്ഞു.

'സുന്ദരികളായ പെണ്‍കുട്ടികളെ കണ്ടാല്‍ ആരായാലും നോക്കിപ്പോകും. പക്ഷേ നയന്‍ മാമിനെ കാണുമ്പോള്‍ ഞാന്‍ മറ്റു പെണ്‍കുട്ടികളെ നോക്കുന്നത് പോലെ നോക്കിയിട്ടില്ല. ഒരു ദിവസം നയന്‍ തന്നെയാണ് എന്നോട് ഇഷ്ടമുണ്ടെന്ന് പറഞ്ഞത്. എന്നെ കളിയാക്കുന്നതാണോ എന്നാണ് അപ്പോള്‍ തോന്നിയത്. ഞങ്ങള്‍ ഒരു ദിവസം കുറേനേരം ഫോണില്‍ സംസാരിച്ചു. അതിനു ശേഷമാണ് പ്രണയത്തിലായത്. സെറ്റില്‍ ഉണ്ടായിരുന്നവര്‍ക്ക് ആര്‍ക്കും ഞങ്ങള്‍ തമ്മില്‍ അടുപ്പത്തില്‍ ആണെന്ന് അറിയിക്കുന്ന ഒരു സൂചനയും നല്‍കിയിരുന്നില്ല.

മാഡം എന്ന് വിളിച്ചിട്ട് പെട്ടെന്ന് നയന്‍ എന്ന് വിളിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടായിരുന്നു. ഞങ്ങളുടെ പ്രണയത്തെപ്പറ്റി ആദ്യം പുറത്തറിഞ്ഞപ്പോള്‍ അതിനെപ്പറ്റി ഒരു പ്രശസ്തമായ മീം ഇറങ്ങി, 'ഉളുന്തൂര്‍പേട്ടൈ നായയ്ക്ക് കിട്ടിയ നാഗൂര്‍ ബിരിയാണി' എന്നെഴുതി ഞങ്ങളുടെ രണ്ടുപേരുടെയും ചിത്രങ്ങളുപയോഗിച്ച് പ്രചരിപ്പിച്ചു. സുന്ദരി പ്രണയിച്ച ഭൂതത്തിന്റെ കഥയുള്ളപ്പോള്‍, സിനിമയില്‍ ബസ് കണ്ടക്ടര്‍ ആയിരുന്ന ആള്‍ നായകനായ ചരിത്രമുള്ളപ്പോള്‍ ഇതൊക്കെ ഒരു വിഷയമാണോ? എനിക്ക് എന്തുകൊണ്ട് നയനെ പ്രണയിക്കാന്‍ പാടില്ല?' വിഘ്‌നേഷ് ചോദിച്ചു.

നയന്‍ വന്നതിനു ശേഷം തന്റെ ജീവിതം മാറിമറിഞ്ഞെന്ന് അദ്ദേഹം പറഞ്ഞു. ജീവിതത്തില്‍ ഒരുപാട് നല്ല കാര്യങ്ങള്‍ സംഭവിച്ചു. തന്റെ ജീവിതത്തിനു ഒരു അര്‍ഥം വന്നതുതന്നെ നയന്‍ വന്നതിന് ശേഷമാണെന്നും വിഘ്‌നേഷ് ശിവന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം തന്റെ ജീവതത്തില്‍ സംഭവിച്ചിരിക്കുന്ന ഇതുവരെ പറയാത്ത കാര്യങ്ങള്‍ ഈ ഡോക്യുമെന്ററിയിലൂടെ നയന്‍താരയും പറയുന്നുണ്ട്. പ്രഭുദേവയുമായുള്ള ബന്ധത്തെ കുറിച്ചും താരം ഡോക്യുമെന്റിയില്‍ പങ്കുവെക്കുന്നുണ്ട്.

പ്രഭുദേവയുമായുള്ള പ്രണയവും പ്രണയത്തകര്‍ച്ചയുമാണ് നയന്‍താരയുടെ ജീവിതത്തെ മാറ്റി മറിക്കുന്നത്. പ്രഭുദേവയെ വിവാഹം ചെയ്ത് ജീവിക്കാന്‍ തീരുമാനിച്ച നയന്‍താര സിനിമാ കരിയര്‍ വിടാനും തയ്യാറായി. സീത രാമ രാജ്യം എന്ന തെലുങ്ക് ചിത്രം തന്റെ അവസാന സിനിമയാണെന്ന് നയന്‍താര പ്രഖ്യാപിച്ചതുമാണ്. എന്നാല്‍ പ്രഭുദേവയുമായുള്ള ബന്ധം മുന്നോട്ട് പോയില്ല. മാനസികമായി തകര്‍ന്ന നയന്‍താര കുറച്ച് കാലം കരിയറില്‍ നിന്നും മാറി നിന്നു. പിന്നീട് ശക്തമായ തിരിച്ച് വരവും നടത്തി.

ഇപ്പോഴിതാ പ്രഭുദേവയുമായുള്ള ബന്ധത്തില്‍ സംഭവിച്ചതിനെക്കുറിച്ച് വെളിപ്പെടുത്തുകയാണ് നയന്‍താര. ബന്ധത്തിലായ ശേഷം തന്നോട് കരിയര്‍ വിടാന്‍ പ്രഭുദേവ ആവശ്യപ്പെട്ടെന്ന് നയന്‍താര ഡോക്യുമെന്ററിയില്‍ പറയുന്നു. ആദ്യമായാണ് നയന്‍താര ഇക്കാര്യത്തില്‍ മനസ് തുറക്കുന്നത്. അവസാന ദിവസത്തെ ഷൂട്ടിംഗ് എനിക്ക് മറക്കാനാകില്ല. ആ ഇമോഷന്‍ എനിക്ക് വിശദീകരിക്കാനാകില്ല. ഞാന്‍ വല്ലാതായി. ഞാന്‍ പോലുമറിയാതെ കരഞ്ഞു. ഞാന്‍ ഒരുപാട് സ്നേഹിച്ച്, ഇതാണ് എനിക്കെല്ലാം എന്ന് കരുതിയ പ്രൊഫഷന്‍ വിട്ട് കൊടുക്കേണ്ടി വന്നപ്പോള്‍ അതിനേക്കാള്‍ താഴ്ന്നതൊന്നുമില്ലെന്ന് തോന്നി. ഞാന്‍ ഇന്‍ഡസ്ട്രി വിട്ടതിന് കാരണം എന്നോട് ആ വ്യക്തി ആവശ്യപ്പെട്ടതാണ്. എനിക്കതൊരു ഓപ്ഷന്‍ അല്ലായിരുന്നു.

നിനക്കിനി വര്‍ക്ക് ചെയ്യാന്‍ പറ്റില്ലെന്ന് പറഞ്ഞു. എനിക്ക് വേറെ ഓപ്ഷനുണ്ടായിരുന്നില്ല. അന്ന് ജീവിതമെന്താണെന്ന് മനസിലാക്കാനുള്ള പക്വത എനിക്കില്ലായിരുന്നു. എന്ത് തരം ആളുകള്‍ക്കൊപ്പമാണ് നിങ്ങളുള്ളതെന്നും എന്താണ് ചെയ്ത് കൊണ്ടിരിക്കുന്നതെന്നും നിങ്ങള്‍ക്ക് മനസിലാകുക മോശം ഘട്ടത്തിലൂടെ കടന്ന് പോകുമ്പോഴാണ്. അതെന്നെ പൂര്‍ണമായും തകര്‍ത്തു. ഞാനല്ല പ്രശ്നമെന്ന് മനസിലാക്കുന്ന ഒരു ദിവസം വരുമെന്ന് അവര്‍ മനസിലാക്കുമെന്ന് താന്‍ ചിന്തിച്ചെന്നും നയന്‍താര വ്യക്തമാക്കി. ജീവിതത്തില്‍ പിഴവുകള്‍ പറ്റുന്നതും അതില്‍ ഖേദിക്കുന്നതും ഓക്കെയാണ്. ആ വ്യക്തിയെ വിശ്വസിച്ചില്ലായിരുന്നെങ്കില്‍ ജീവിതത്തിലെ കുറച്ച് വര്‍ഷങ്ങള്‍ നഷ്ടപെടില്ലായിരുന്നു. പക്ഷെ അതില്‍ കുഴപ്പമില്ലെന്നും നയന്‍താര വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker