തിരുവനന്തപുരം: എച്ച്.എം.പി. വൈറസ് സംബന്ധിച്ച് ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവും നിലവിലില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കേരളത്തില്‍ ഉള്‍പ്പെടെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും നേരത്തേ തന്നെ കണ്ടെത്തിയിട്ടുള്ള വൈറസാണ് ഇത്. എച്ച്.എം.പി.വി. സംബന്ധിച്ച് പ്രചരിക്കുന്ന ഭൂരിഭാഗം വാര്‍ത്തകളും തെറ്റാണെന്നും ആരോഗ്യവകുപ്പ് മന്ത്രി കൂട്ടിച്ചേര്‍ത്തു.
‘ആദ്യമായാണ് ഈ വൈറസ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് എന്ന തരത്തിലുള്ള വാര്‍ത്തകള്‍ ചില മാധ്യമങ്ങളില്‍ വന്നു. അത് തെറ്റാണ്. കേരളത്തില്‍ ഉള്‍പ്പെടെ ഇന്ത്യയില്‍ എല്ലാ സംസ്ഥാനങ്ങളിലും ഈ വൈറസ് നേരത്തേ തന്നെ കണ്ടെത്തപ്പെട്ടിട്ടുണ്ട്. ഐ.സി.എം.ആറും ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളതാണ്.’
-ആരോഗ്യമന്ത്രി പറഞ്ഞു. ‘2001-ലാണ് ലോകത്ത് ആദ്യമായി ഈ വൈറസ് കണ്ടെത്തുന്നത്. അതിനും 50 വര്‍ഷം മുമ്പ് തന്നെ ഈ വൈറസും അത് മൂലമുള്ള ജലദോഷവും പനിയുമെല്ലാമുണ്ട് എന്നതാണ് ശാസ്ത്രലോകം പറയുന്നത്. കേരളത്തില്‍ പരിശോധനാ സംവിധാനങ്ങളുണ്ട്.
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി (ഐ.എ.വി) പ്രവര്‍ത്തനം ആരംഭിച്ചശേഷം സാമ്പിളുകള്‍ പരിശോധിച്ചതില്‍ 11 കേസുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഒരുതരത്തിലും ആശങ്കപ്പെടേണ്ടതില്ല.’ -വീണാ ജോര്‍ജ് പറഞ്ഞു.