കൊച്ചി: അയോധ്യ ക്ഷേത്ര ഉദ്ഘാടനത്തിൽ ദേശീയ തലത്തിൽ കോൺഗ്രസിനു ക്ഷണം ലഭിച്ചിട്ടില്ലെന്നും പാർട്ടിയിലെ ചില നേതാക്കൾക്ക് വ്യക്തിപരമായ ക്ഷണം മാത്രമെ ലഭിച്ചിട്ടുള്ളൂയെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വിഷയത്തിൽ പാർട്ടി ചർച്ച ചെയ്തു തീരുമാനം വ്യക്തമാക്കും. വിഷയത്തെ വോട്ടിനു വേണ്ടി സി.പി.എം. രാഷ്ട്രീയവത്കരിക്കുകയാണെന്നും സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുന്ന ബി.ജെ.പി.യുടെ നിലപാട് തന്നെയാണ് സി.പി.എമ്മിൻ്റേതെന്നും പ്രതിപക്ഷനേതാവ് കൂട്ടിച്ചേർത്തു.
ദേശീയ തലത്തില്‍ കോണ്‍ഗ്രസിന് ക്ഷണം ലഭിച്ചിട്ടില്ല. വ്യക്തിപരമായി ചില കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. അതവര്‍ പാര്‍ട്ടിയുമായി ആലോചിച്ച് തീരുമാനമെടുക്കും. ജനുവരി 22-ന് നടക്കാനിരിക്കുന്ന കാര്യത്തില്‍ പാര്‍ട്ടി ഒരു തീരുമാനം എടുക്കുന്നതിനു മുമ്പേ വിവാദമാക്കുകയാണ്. സി.പി.എം. വോട്ടുകിട്ടാന്‍ വേണ്ടി എല്ലാ വിഷയങ്ങളെയും രാഷ്ട്രീയവത്കരിക്കുകയാണ്.
ഏകസിവില്‍ കോഡ് വന്ന സമയത്തും പലസ്തീന്‍ വിഷയത്തിലും ഇപ്പോള്‍ അയോധ്യ ക്ഷേത്രവുമായി ബന്ധപ്പെട്ടും സി.പി.എം. അതിനെ രാഷ്ട്രീയവത്കരിക്കുകയാണ്. ബി.ജെ.പി. ചെയ്യുന്ന അതേ പണി ചെയ്യുകയാണ്. എന്നിട്ട് സമൂഹത്തില്‍ ഭിന്നതയുണ്ടാക്കാന്‍ നോക്കുകയാണ്. ഞങ്ങള്‍ക്ക് ബി.ജെ.പി.യെ കുറിച്ചുള്ള ആക്ഷേപമതാണ്. ജാതീയമായി, മതപരമായി എല്ലാ വിഷയങ്ങളിലും സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കി അതില്‍ നിന്നും മുതലെടുപ്പുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. അതിന്റെ വേറെയൊരു രൂപമാണ് കേരളത്തിലെ സി.പി.എം. ചെയ്യുന്നത്.
പാണക്കാട് സാദ്ദിഖലി ശിഹാബ് തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടിയും പറഞ്ഞത് കേള്‍ക്കണം. ഞാന്‍ അവരെ അഭിനന്ദിക്കുകയാണ് പരസ്യമായി. കാരണം അവരുടെ വാചകങ്ങള്‍ വളരെ സൂഷ്മതയോട് കൂടിയാണ്. സമൂഹത്തില്‍ ഇതിന്റെ പേരില്‍ ഒരു ഭിന്നിപ്പും മതപരമായി ഉണ്ടാകരുതെന്ന ആഗ്രഹത്തോടു കൂടിയാണ്. ഇങ്ങനെയല്ലേ രാഷ്ട്രീയ നേതാക്കന്മാര്‍ ചെയ്യേണ്ടത്. അവര്‍ മാതൃകയാണ്.
ഒരു ഭിന്നിപ്പ് ഇതിന്റെ പേരില്‍ ജനങ്ങള്‍ക്കിടയിലുണ്ടാകരുതെന്നാണ് ആഗ്രഹം. സുപ്രഭാതം പത്രം എഡിറ്റോറിയലെഴുതി. അത് അപക്വമായ തെറ്റായുളള ഒരു നടപടിയാണ്. ഇപ്പോള്‍ ജിഫ്രി തങ്ങള്‍ വളരെ വ്യക്തമായി പറഞ്ഞല്ലോ അത് സമസ്തയുടെ നിലപാടല്ലെന്ന്. അപ്പോള്‍ അവിടെയും വോട്ടു കിട്ടാന്‍ വേണ്ടി സമസ്തയെ കൈകാര്യം ചെയ്യാമെന്ന സി.പി.എമ്മിന്റെ ധാരണയും പാളി പോയി.
സ്പീക്കറുടെ മിത്ത് വിവാദത്തില്‍ പ്രതിപക്ഷമെന്താ നിലപാടെടുത്തത്. ഞങ്ങളത് ആളിക്കത്തിക്കാന്‍ നോക്കിയോ. ഒറ്റ ദിവസം കൊണ്ട് ആ ചര്‍ച്ച അവസാനിപ്പിക്കണമെന്ന് പറഞ്ഞു. മതപരമായ ഭിന്നിപ്പുണ്ടാക്കാന്‍ ഇത്തരം വിഷയങ്ങള്‍ ഞങ്ങള്‍ പ്രോത്സാഹിപ്പിക്കില്ലെന്ന് പറഞ്ഞു. എന്നെ ലജ്ജിപ്പിക്കുന്നത് കേരളം ഭരിക്കുന്ന സിപിഎം ഇത്തരം വിഷയങ്ങള്‍ കേവലം വോട്ടു രാഷ്ട്രീയത്തിനു വേണ്ടി മാത്രം ദുരുപയോഗം ചെയ്യുന്നു എന്നതാണ്.
ഞങ്ങള്‍ക്ക് ഒരുപാട് കാര്യങ്ങള്‍ വേറെയുണ്ട്. ചര്‍ച്ച നടത്തിയതിനു ശേഷമല്ലേ തീരുമാനമെടുക്കേണ്ടത്. ഇത്തരം വിഷയം വരുമ്പോള്‍ സൂഷ്മതയോട് കൂടിയാണ് കൈകാര്യം ചെയ്യേണ്ടത്. സി.പി.എമ്മിന് എന്താ ആലോചിക്കാനുള്ളത്. സി.പി.എമ്മിന് കേരളത്തിലെ കുറച്ച് ഇട്ടാവട്ട സ്ഥലത്തെ രാഷ്ട്രീയം മാത്രമല്ലേയുള്ളൂ.
ദേശീയ തലത്തില്‍ കോണ്‍ഗ്രസിന്റെ നേതാക്കന്മാര്‍ക്ക് ഒരു വ്യക്തിപരമായ ക്ഷണം കിട്ടുമ്പോള്‍ അവരത് പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ട്. പാര്‍ട്ടി ചര്‍ച്ച ചെയ്തു തീരുമാനമെടുക്കും. അതിനു മുമ്പ് ഇങ്ങനെയൊരു എഡിറ്റോറിയല്‍ എഴുതേണ്ട കാര്യമുണ്ടോ. അതൊക്കെ ഗുണമല്ല ചെയ്യുന്നത് ദോഷമാണ്. അതിലൊക്കെ ചില അജണ്ടയുണ്ടെന്നാണ് വ്യക്തമാകുന്നത്. കാള പെറ്റെന്ന് കേള്‍ക്കുമ്പോഴേ കയറെടുക്കേണ്ട കാര്യമുണ്ടോ.- വി.ഡി. സതീശൻ പറഞ്ഞു.