കോയമ്പത്തൂര്‍: വാല്‍പ്പാറ സര്‍ക്കാര്‍ കോളേജിലെ കൂട്ട ലൈംഗികാതിക്രമത്തില്‍ രണ്ട് അസി. പ്രൊഫസര്‍മാര്‍ ഉള്‍പ്പെടെ നാല് ജീവനക്കാര്‍ അറസ്റ്റില്‍. കോളേജിലെ അസി. പ്രൊഫസര്‍മാരായ എസ്. സതീഷ്‌കുമാര്‍(39), എം. മുരളീരാജ്(33), ലാബ് ടെക്‌നീഷ്യന്‍ എ. അന്‍പരശ്(37), സ്‌കില്‍ കോഴ്‌സ് ട്രെയിനര്‍ എന്‍. രാജപാണ്ടി(37) എന്നിവരെയാണ് വാല്‍പ്പാറ ഓള്‍ വിമന്‍ പോലീസ് അറസ്റ്റ് ചെയ്തത്.
കോളേജിലെ ആറ് വിദ്യാര്‍ഥിനികള്‍ക്കുനേരേ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിലാണ് നാല് ജീവനക്കാരെ പോലീസ് പിടികൂടിയത്. പ്രതികളില്‍നിന്ന് പലരീതിയിലുള്ള അതിക്രമങ്ങള്‍ നേരിട്ടതായി വിദ്യാര്‍ഥിനികള്‍ സംസ്ഥാന വനിതാ കമ്മീഷനാണ് ആദ്യം പരാതി നല്‍കിയത്. പിന്നാലെ ജില്ലാ സാമൂഹികക്ഷേമ ഓഫീസര്‍ ആര്‍. അംബികയും കോളേജിയേറ്റ് എജ്യൂക്കേഷന്‍ റീജണല്‍ ജോ. ഡയറക്ടര്‍ വി. കലൈസെല്‍വിയും വെള്ളിയാഴ്ച കോളേജില്‍ നേരിട്ടെത്തി അന്വേഷണം നടത്തി. ഇരുവരുടെയും മുന്നില്‍ വിദ്യാര്‍ഥിനികള്‍ പരാതി ആവര്‍ത്തിച്ചു. ഇതോടെ പരാതി പോലീസിന് കൈമാറുകയും പ്രതികളായ നാലുപേരെയും ശനിയാഴ്ച അറസ്റ്റ് ചെയ്യുകയുമായിരുന്നു.
കോളേജിലെ വിദ്യാര്‍ഥിനികള്‍ക്ക് വാട്‌സാപ്പ് വഴി അശ്ലീലസന്ദേശങ്ങള്‍ അയക്കുന്നത് പതിവാണെന്നാണ് പ്രതികള്‍ക്കെതിരായ പ്രധാന ആരോപണം. ക്ലാസ് സമയം കഴിഞ്ഞാലും പ്രതികള്‍ വിദ്യാര്‍ഥിനികളോട് ലാബില്‍ നില്‍ക്കാന്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് മോശമായി പെരുമാറുകയും ശാരീരികമായി ഉപദ്രവിക്കുകയുംചെയ്തു. ക്ലാസ് സമയത്തും ലാബിലുംവെച്ച് ശരീരത്തില്‍ മോശമായരീതിയില്‍ സ്പര്‍ശിച്ചെന്നും വിദ്യാര്‍ഥിനികളുടെ പരാതിയില്‍ ആരോപിച്ചിരുന്നു. അറസ്റ്റിലായ നാല് പ്രതികളെയും കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.