CrimeFeaturedKeralaNews

ക്വാറി ഉടമയെ ഭീഷണിപ്പെടുത്തി പണം തട്ടി;വളാഞ്ചേരി എസ് ഐ അറസ്റ്റിൽ,എസ് എച്ച് ഒ ഒളിവില്‍

മലപ്പുറം:പോലീസ് ഉദ്യോഗസ്ഥരില്‍ ചിലരുടെ ഗുണ്ടാബന്ധം സേനയെ ആകെ ക്ഷീണത്തിലാക്കുന്ന സമയത്ത്‌ ക്വാറി ഉടമയെ ജയിലിൽ അടയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയ കേസും പൊലീസ് സേനയ്ക്ക് നാണക്കേട്. ക്വാറി ഉടമയിൽ നിന്നും പൊലീസ് ഉദ്യോഗസ്ഥർ പണം തട്ടിയെന്നാണ് പരാതി. മലപ്പുറം വളാഞ്ചേരിയിൽ എസ് എച്ച് ഒയും എസ് ഐയും ചേർന്നു 18 ലക്ഷം രൂപ തട്ടിയെന്നാണ് കേസ്. നാലു ലക്ഷം ഇടനിലക്കാരനും കൊണ്ടു പോയി.

വളാഞ്ചേരി എസ് എച്ച് ഒ സുനിൽ ദാസ്, എസ് ഐ ബിന്ദുലാൽ എന്നിവർക്ക് എതിരെ തിരൂർ ഡി വൈ എസ് പി കേസ് എടുത്തു. സുനിൽ ദാസിനെതിരെ നേരത്തെയും പരാതികൾ ഉയർന്നിരുന്നു. പക്ഷേ കൃത്യമായ നടപടികൾ ഉണ്ടായിട്ടില്ല. എന്നാൽ ഇപ്പോൾ കിട്ടിയ പരാതിയിൽ അതിവേഗം നടപടികളിലേക്ക് മലപ്പുറം പൊലീസ് സൂപ്രണ്ട് കടക്കുകയായിരുന്നു. തിരൂരിലെ നിസാറാണ് പരാതിക്കാരൻ.

ഇടനിലക്കാരനായി പ്രവർത്തിച്ച ഹസൈനാർക്കെതിരെയും കേസെടുത്തു. നിസാറിനേയും പാർട്ണർമാരേയും കേസിൽ പ്രതിയാക്കുമെന്നായിരന്നു ഭീഷണി. അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്യിപ്പിക്കുമെന്നും ഭൂഉടമകളെ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തിയും പണം തട്ടിയെന്നാണ് ആരോപണം. സിഐ പത്തു ലക്ഷവും എസ് ഐ എട്ടു ലക്ഷവും കൈക്കലാക്കിയെന്നാണ് എഫ് ഐ ആർ.

മൂന്നാം പ്രതിക്ക് നാലു ലക്ഷവും കിട്ടി. ആകെ 22 ലക്ഷമാണ് പ്രതികൾ ചേർന്ന് അപഹരിച്ചതെന്നാണ് എഫ് ഐ ആറിൽ പറയുന്നത്. സിഐ പ്രതിയായതിനാൽ ഡിവൈഎഫ് ഐ നേരിട്ടാണ് കേസെടുത്തത്. 29നാണ് സംഭവം നടന്നതെന്നാണ് എഫ് ഐ ആറിൽ പറയുന്നത്. ഇന്ന് രാവിലെ പരാതി ലഭിച്ചു. എട്ടരയ്ക്ക് പരാതി കിട്ടിയതിനെ തുടർന്ന് പത്തരയോടെ കേസ് രജിസ്റ്റർ ചെയ്തു.

ഉടൻ തന്നെ പൊലീസ് ഉദ്യോഗസ്ഥരുടെ വീട്ടിലും പൊലീസ് എത്തി. എസ് ഐ ബിന്ദുലാലിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇയാളുടെ വീട്ടിൽ നിന്നും ഒരു ലക്ഷം രൂപയും പിടിച്ചെടുത്തു. വിശദ ചോദ്യം ചെയ്യലിന് ശേഷം ഇയാളെ അറസ്റ്റു ചെയ്യും. എന്നാൽ സിഐ സുനിൽദാസിനെ കണ്ടെത്താനായിട്ടില്ല.

ഇയാൾക്കായി വ്യാപക തിരച്ചിൽ പൊലീസ് തുടങ്ങിയിട്ടുണ്ട്. ഇന്നലെ രാത്രിയോടെ ഇയാൾ മുങ്ങിയെന്നാണ് പൊലീസ് നൽകുന്ന സൂചന. ഇയാളുടെ കൂട്ടുകാരും ബന്ധുക്കളും നിരീക്ഷണത്തിലാണ്. സിഐയുടെ ഭാര്യയും സർക്കാർ ജീവനക്കാരിയാണ്.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 384 , 120ബി , 34, കെ പി എ 115 എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തത്. വളാഞ്ചേരി സ്വദേശിയുടെ ക്വാറിയിൽ നിന്നും മാർച്ചിൽ സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയിരുന്നു. ഈ കേസിൽ ഇയാളെ ജയിലിൽ അടക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പൊലീസുകാർ പണം തട്ടിയത്. ഈ കേസിന്റെ അടിസ്ഥാനത്തിൽ സിഐയ്‌ക്കെതിരെ ഉടൻ വകുപ്പു തല നടപടികളും വരും.

ഇവരെ സർവ്വീസിൽ നിന്നും സസ്‌പെന്റെ ചെയ്യും. മുഖ്യമന്ത്രിയുടെ ഓഫീസ് ഇക്കാര്യത്തിൽ പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. സുനിൽ ദാസുമായി ബന്ധപ്പെട്ട മുൻ പരാതികളും പരിശോധിക്കും. അനധികൃത സ്വത്തുണ്ടോ എന്നും അന്വേഷിക്കും.

ഗുരുവായൂരിലും എയർപോർട്ടിലും പുതുക്കാടും എല്ലാ ജോലി നോക്കിയിട്ടുള്ള ഉദ്യോഗസ്ഥനാണ് സുനിൽദാസ്. ഇയാൾക്കെതിരെ ഗുരുവായൂരിൽ അടക്കം റിയൽ എസ്‌റ്റേറ്റ് മാഫിയയുമായുള്ള ആരോപണം ഉയർന്നിട്ടുണ്ട്. എസ് ഐയായ ബിന്ദുലാലും നിരവധി ആരോപണങ്ങളിൽ മുമ്പും കുടുങ്ങി. ഇതുകാരണം നിരവധി സ്റ്റേഷനുകളിലേക്ക് മാറ്റവും കിട്ടിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker