തിരുവനന്തപുരം : അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശാന്തിവിള എം.രാജേന്ദ്രന്‍ മുന്‍ മന്ത്രി വി.എസ്.ശിവകുമാറിന്റെ മുഖ്യ ബിമാനിയെന്ന് വിജിലന്‍സിന്റെ കണ്ടെത്തല്‍ ഇയാള്‍ക്കു വിദേശത്തും സാമ്പത്തിക ഇടപാടുണ്ടെന്ന് അന്വേഷണസംഘം തിരുവനന്തപുരം വിജിലന്‍സ് കോടതിയെ അറിയിച്ചു. അനധികൃത സ്വത്ത് സമ്പാദന കേസില്‍ വി.എസ്. ശിവകുമാറിന്റെയും മറ്റു പ്രതികളുടെയും വീട്ടില്‍ നടത്തിയ റെയ്ഡിന്റെ വിശദ വിവരങ്ങളും സെര്‍ച്ച് റിപ്പോര്‍ട്ടും വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു.
ശാന്തിവിള എം.രാജേന്ദ്രന്‍ 13 ഇടങ്ങളില്‍ ഭൂമി വാങ്ങിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ശാന്തിവിള എം. രാജേന്ദ്രന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ 72 രേഖകളാണ് പിടിച്ചെടുത്തത്. വിദേശത്ത് നടത്തിയ ഇടപാടുകളുടെ രേഖകളും കൂട്ടത്തിലുണ്ട്. രാജേന്ദ്രന്റെ പണമിടപാട് രേഖകള്‍, ആറ് ബാങ്ക് പാസ് ബുക്ക് തുടങ്ങിയവയും വിജിലന്‍സ് പിടിച്ചെടുത്തു.
മറ്റൊരു ബെനാമി എന്‍.എസ്. ഹരികുമാറില്‍നിന്ന് രണ്ട് ബാങ്ക് ലോക്കറിന്റെ താക്കോല്‍ പിടിച്ചെടുത്തു. ഇയാളുടെ വീട്ടില്‍നിന്ന് 25 രേഖകളും പിടിച്ചെടുത്തു. ഡ്രൈവറായ ഷൈജു ഹരന്റെ വീട്ടില്‍നിന്ന് 18 രേഖകള്‍ പിടികൂടി. ശിവകുമാറിന്റെയും ഭാര്യയുടെയും പേരിലുള്ള ബാങ്ക് ലോക്കര്‍ തുറക്കാനുള്ള അപേക്ഷ ബാങ്കിനു നല്‍കിയ കാര്യവും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
പ്രാഥമിക അന്വേഷണത്തില്‍ വി.എസ്. ശിവകുമാറിന്റെ ആസ്തികളില്‍ വര്‍ധന കണ്ടെത്താനായില്ലെങ്കിലും സുഹൃത്തുക്കളായ ശാന്തിവിള എം. രാജേന്ദ്രന്‍, എന്‍.എസ്.ഹരികുമാര്‍, ഡ്രൈവര്‍ ഷൈജു ഹരന്‍ എന്നിവരുടെ സ്വത്തില്‍ 50% വരെ വര്‍ധന കണ്ടെത്തിയിട്ടുണ്ട്. ഇത് ശിവകുമാറിന്റെ ബിനാമി സ്വത്താണെന്ന നിഗമനത്തിലാണ് ശിവകുമാറിനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തത്.