കൊച്ചി: പി വി അൻവർ എംഎല്‍എ ഉന്നയിച്ച ആരോപണങ്ങൾ ശരിയെന്നാണ് വിശ്വസിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പ്രതിപക്ഷം മുമ്പ് ഉന്നയിച്ച ആരോപണങ്ങളാണിത്. മുഖ്യമന്ത്രിക്ക് സ്ഥാനത്തിരിക്കാൻ പിണറായി വിജയന് യോഗ്യതയില്ല. മുഖ്യമന്ത്രി സ്വയം രാജി വെക്കണമെന്നും ആരോപണവിധേയരായ മുഴുവൻ ഉദ്യോഗസ്ഥരെയും സസ്പെൻഡ് ചെയ്യണമെന്നും വി ഡി സതീശൻ പറഞ്ഞു.
ഗുണ്ടാസംഘം നാണിക്കുന്ന രീതിയിലായി ഇപ്പോള്‍ മുഖ്യമന്തിയുടെ ഓഫീസ്. യുഡിഎഫ് ഉന്നയിച്ച ആരോപണം സത്യമാണെന്ന് ഇപ്പോള്‍ തെളിഞ്ഞു. സ്വർണക്കടത്ത് പൊട്ടിക്കൽ സംഘങ്ങളുമായി സിഎമ്മിന്‍റെ ഓഫീസിന് ബന്ധമുണ്ടെന്ന് തെളിഞ്ഞു. അജിത്കുമാർ തൃശൂർ പൂരം കലത്തിയത് ബിജെപിയെ സഹായിക്കാന്‍ വേണ്ടിയാണ്. ഭരണകക്ഷി എംഎൽഎ തന്നെ അത് പറയുകയാണ്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി ആ കസേരയില്‍ ഇരിക്കാന്‍ യോഗ്യനല്ലെന്നും വി ഡി സതീശൻ വിമര്‍ശിച്ചു. മുഖ്യമന്ത്രി രാജി വെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പി വി അൻവറിനെ സി പി എമ്മിന് പേടിയാണ്. അതുകൊണ്ടല്ലേ അൻവറിനെതിരെ നടപടി എടുക്കാത്തതെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു. വിഷയത്തില്‍ പാർട്ടി സെക്രട്ടറിക്ക് മൗനമാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക വൃന്ദം ആരെന്ന് ഇപ്പോൾ മനസിലായല്ലോ എന്നും സതീശൻ ചോദിച്ചു. കോൺഗ്രസിലെ വനിതാ നേതാവിൻ്റെ ആരോപണത്തിലും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു.
കോൺഗ്രസിലെ സ്ത്രീകളെയാണ് അവർ ആക്ഷേപിച്ചത്. താനല്ല ഓരോരുത്തരുടെയും സ്ഥാനമാനങ്ങൾ തീരുമാനിക്കുന്നത്. ആരോപണം ഉന്നയിച്ച വനിതക്ക് എന്തെല്ലാം പദവികൾ കിട്ടിയിരുന്നുവെന്ന് ഓർക്കണമെന്നും സതീശൻ പ്രതികരിച്ചു.