
വാഷിങ്ടൺ: വോട്ടെടുപ്പിൽ ജനങ്ങളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ബോധവത്ക്കരണത്തിന്റെ ഭാഗമായി ഇന്ത്യയ്ക്ക് നൽകിയിരുന്ന 21 മില്യൺ ഡോളറിന്റെ സഹായം നിർത്തലാക്കിയതായി അമേരിക്ക. ഡൊണാൾഡ് ട്രംപിന്റെ രണ്ടാം സർക്കാരിൽ പുതുതായി രൂപവത്കരിച്ച കാര്യക്ഷമതാവകുപ്പ് അഥവാ ഡിപ്പാർട്മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യൻസി (ഡോജ്) യുടെതാണ് നടപടി.
ഇലോൺ മസ്ക് നേതൃത്വം നൽകുന്ന ഡോജിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ട് വഴിയാണ് തീരുമാനം പുറത്തുവിട്ടിരിക്കുന്നത്. യുഎസിലെ നികുതിദായകരുടെ പണം താഴെ പറയുന്ന ആവശ്യങ്ങൾക്കായി ചെലവഴിച്ചിരുന്നു. എന്നാൽ ഇവയെല്ലാം റദ്ദാക്കിയിരിക്കുകയാണ് എന്ന തലക്കെട്ടോടെയാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ഇന്ത്യക്കുപുറമെ, നേപ്പാൾ, കംബോഡിയ, സെർബിയ, ദക്ഷിണാഫ്രിക്ക, ലൈബീരിയ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങൾക്കുള്ള സഹായവും നിർത്തലാക്കിയിട്ടുണ്ട്.
തിരഞ്ഞെടുപ്പ് പ്രക്രിയ ശക്തമാക്കുന്നതിനടക്കം കൺസോർഷ്യത്തിൽനിന്ന് വകയിരുത്തിയ 486 മില്യൺ ഡോളറിന്റെ ഭാഗമായി ഇന്ത്യക്കു നൽകിയിരുന്ന 21 മില്യന്റെ സഹായം റദ്ദാക്കുന്നുവെന്നാണ് ഡോജ് പറയുന്നത്. സർക്കാരിന്റെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും അമേരിക്കക്കാരുടെ നികുതി പണം വിദേശ രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതിന്റെയും ഭാഗമാണ് നടപടിയെന്നും പോസ്റ്റിലുണ്ട്.
യു.എസ്. സന്ദർശനത്തിനിടെ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി ദിവസങ്ങൾക്കു ശേഷമാണ് ഈ നടപടിയെന്നതും ശ്രദ്ധേയമാണ്. ഇലോൺ മസ്കുമായും മോദി കൂടിക്കാഴ്ച നടത്തിയിരുന്നു.
റദ്ദാക്കിയ ഫണ്ടിനെ ഇന്ത്യയുടെ തിരഞ്ഞെടുപ്പ് പ്രക്രിയയിലെ ബാഹ്യ ഇടപെടൽ എന്നാണ് ബി.ജെ.പിയുടെ സാമൂഹിക മാധ്യമവിഭാഗം ചുമതലയുള്ള അമിത് മാളവ്യ വിമർശിച്ചത്. വോട്ടുചെയ്യാൻ ഇന്ത്യയിലെ ജനങ്ങളെ പ്രോത്സാഹിപ്പിക്കാൻ 21 മില്യൺ ഡോളറോ, ഇത് ഇന്ത്യയുടെ തിരഞ്ഞെടുപ്പ് പ്രക്രിയയിലെ ബാഹ്യ ഇടപെടലാണ്. ആരാണ് ഇതിൽനിന്ന് നേട്ടം കൊയ്യുന്നത്. അത് ഭരിക്കുന്ന പാർട്ടിയല്ലാ എന്ന് ഉറപ്പാണ്, അദ്ദേഹം എക്സിൽ കുറിച്ചു.