സിറിയയില്‍ യുഎസ് വ്യോമാക്രമണം; ഐഎസ് ഭീകരന്‍ അബു യൂസിഫ് കൊല്ലപ്പെട്ടു
ന്യൂയോര്‍ക്ക്: ഐഎസ് നേതാവ് അബു യൂസിഫ് എന്ന മഹ്മൂദിനെ കൊലപ്പെടുത്തിയതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് സ്ഥിരീകരിച്ചു. കിഴക്കന്‍ സിറിയയിലെ ദേര്‍ എസ്സര്‍ പ്രവിശ്യയില്‍ നടത്തിയ വ്യോമാക്രമണത്തിലാണു അബു യൂസിഫിനെ വധിച്ചത്. ആക്രമണത്തില്‍ മറ്റൊരു ഐഎസ് പ്രവര്‍ത്തകനും കൂടി കൊല്ലപ്പെട്ടതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കി.
സിറിയയില്‍ അസദ് ഭരണകൂടത്തിന്റെ പതനത്തിന് ശേഷം ഐഎസ് പോലുള്ള ഭീകരവാദ സംഘടനകള്‍ അവരുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തൊട്ടു പിന്നാലെയാണ് യുഎസിന്റെ വ്യോമാക്രമണം.
സിറിയയിലെ നിലവിലെ സാഹചര്യം മുതലെടുത്ത് ഐഎസിനെ പുനഃസംഘടിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡര്‍ ജനറല്‍ മൈക്കല്‍ എറിക് കുറില്ല പറഞ്ഞു. നിലവില്‍ സിറിയയിലെ കേന്ദ്രങ്ങളില്‍ കഴിയുന്ന 8,000 ത്തിലധികം ഐഎസ് ഭീകരരെ തടങ്കലില്‍നിന്നു പുറത്തെത്തിക്കാനുള്ള നീക്കമുണ്ട്. സിറിയയ്ക്ക് പുറത്ത് പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ശ്രമിക്കുന്നവര്‍ ഉള്‍പ്പെടെയുള്ള ഐഎസ് നേതാക്കളെയും പ്രവര്‍ത്തകരെയും ലക്ഷ്യമിടുന്നുണ്ടെന്ന് മൈക്കല്‍ എറിക് കുറില്ല പറഞ്ഞു.