അതുല്യ പ്രതിഭ: ആദരാഞ്ജലികൾ ഗണേഷ് സർ; അനുശോചിച്ച് മോഹൻലാലും മമ്മൂട്ടിയും
കൊച്ചി:അന്തരിച്ച നടൻ ഡൽഹി ഗണേഷിനെ അനുശോചിച്ച് മോഹൻലാലും മമ്മൂട്ടിയും. സോഷ്യൽ മീഡിയയിലൂടെ ആയിരുന്നു ഇരുവരുടെയും അനുശോചനം. ഇന്ന് രാവിലെ ചെന്നൈയിൽ വച്ചായിരുന്നു ഗണേഷിന്റെ വിയോഗം. തെന്നിന്ത്യൻ സിനിമയിലെ പ്രമുഖർ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ച് രംഗത്തെത്തുകയാണ്.
“തെന്നിന്ത്യൻ സിനിമകളിൽ മികച്ച അഭിനയപാടവം കാഴ്ച്ചവെച്ച അതുല്യ പ്രതിഭയായിരുന്നു പ്രിയപ്പെട്ട ഡൽഹി ഗണേഷ് സർ. പതിറ്റാണ്ടുകളായി വിവിധ ഭാഷകളിൽ വ്യത്യസ്തങ്ങളായ എത്രയോ കഥാപാത്രങ്ങളെയാണ് അദ്ദേഹം അവതരിപ്പിച്ചത്. ദേവാസുരം, കാലാപാനി, കീർത്തിചക്ര, ഇരുവർ തുടങ്ങിയ നിരവധി ചിത്രങ്ങളിൽ അദ്ദേഹത്തോടൊപ്പം അഭിനയിക്കാൻ സാധിച്ചു. അദ്ദേഹത്തിൻ്റെ വേർപാടിൽ വേദനയോടെ ആദരാഞ്ജലികൾ”, എന്നാണ് മോഹൻലാൽ കുറിച്ചത്. “ഡൽഹി ഗണേഷിന് ആദരാഞ്ജലികൾ”, എന്നായിരുന്നു മമ്മൂട്ടി കുറിച്ചത്.
തിരുനെൽവേലി സ്വദേശിയാണ് ഗണേഷ്. വ്യോമ സേനയിൽ ജോലി ചെയ്യുന്നതിനിടെ നാടക സംഘത്തിൽ സജീവമായിരുന്നു. സിനിമയിൽ അഭിനയിക്കാനായി ജോലി ഉപേക്ഷിച്ചു. കെ.ബാലചന്ദർ സംവിധാനം ചെയ്ത പട്ടണപ്രവേശം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ബിഗ് സ്ക്രീനിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് സിന്ധു ഭൈരവി, നായകൻ, അപൂർവ സഹോദരർകൾ, മാക്കേൽ മദന കാമ രാജൻ, ആഹാ, തെനാലി തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങളിൽ എത്തി.
ധ്രുവം, കാലാപാനി, ദേവാസുരം, കീര്‍ത്തിചക്ര, പോക്കിരിരാജ തുടങ്ങിയ നിരവധി മലയാള സിനിമകളിൽ ഏറെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. മലയാളത്തിനും തമിഴിനും പുറമെ തെലുങ്ക്, കന്നഡ, ഹിന്ദി സിനിമകളിലും അദ്ദേഹം കഥാപാത്രങ്ങളായി എത്തി. കെ ബാലചന്ദര്‍ ആണ് ഗണേഷ് എന്ന യഥാര്‍ത്ഥ പേര് മാറ്റി ഡല്‍ഹി ഗണേഷ് എന്ന പേര് നൽകിയത്. വ്യോമസേന ഉദ്യോഗസ്ഥനായിരുന്നു. കമൽഹാസൻ നായകനായി എത്തിയ ഇന്ത്യൻ 2 ആയിരുന്നു അവസാന ചിത്രം.