തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് ഗവ.എല്‍.പി. സ്‌കൂളിന് അനധികൃതമായി അവധി നല്‍കിയ പ്രധാനാ അധ്യാപകനെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു. പണിമുടക്കിനെ തുടര്‍ന്നാണ് സ്‌കൂള്‍ അടച്ചിട്ടത്. സംഭവം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി നിര്‍ദേശം നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് നടപടി.
ശമ്പളപരിഷ്‌കരണം അനുവദിക്കുക,ഡിഎ കുടിശ്ശിക തന്നുതീര്‍ക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടായിരുന്നു പ്രതിപക്ഷ സംഘടനകളുടെയും സിപിഐയുടെയും തൊഴിലാളി സംഘടനകളുടെയും നേതൃത്വത്തില്‍ പണിമുടക്ക് നടത്തിയത്. ഇതിന്റെ ഭാഗമായാണ് ചൊവ്വാഴ്ച വട്ടിയൂര്‍ക്കാവ് എല്‍പി സ്‌കൂളിന് അവധിയായിരിക്കുമെന്ന് പ്രധാനാധ്യാപകന്‍ വാട്‌സാപ്പ് സന്ദേശമിട്ടത്. തുടര്‍ന്ന് ബുധനാഴ്ച പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സ്‌കൂളിലെത്തി അന്വേഷിച്ചപ്പോള്‍ സ്‌കൂള്‍ പൂട്ടിക്കിടക്കുന്നത് കാണുകയും റിപ്പോര്‍ട്ട് നല്‍കുകയുമായിരുന്നു.