കൊച്ചി: കൊച്ചിയിലെ അനാശാസ്യകേന്ദ്ര നടത്തിപ്പുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ രണ്ട് പോലീസുദ്യോഗസ്ഥര്‍ പിടിയില്‍. കൊച്ചി ട്രാഫിക്കിലെ എ.എസ്.ഐ രമേഷ്, പാലാരിവട്ടം പോലീസ് സ്റ്റേഷനിലെ ബ്രിജേഷ് ലാല്‍ എന്നിവരാണ് അറസ്റ്റിലായത്. കടവന്ത്രയിലെ ലോഡ്ജ് നടത്തിപ്പില്‍ ഇവര്‍ക്ക് പങ്കാളിത്തമുള്ളതായാണ് കണ്ടെത്തല്‍. തുടര്‍ന്നാണ് ഇരുവരേയും കടവന്ത്ര പോലീസ് അറസ്റ്റ് ചെയ്തത്.
എറണാകുളം കടവന്ത്രയില്‍ ഡ്രീംസ് റെസിഡന്‍സി ഹോട്ടലില്‍ പോലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ ഇക്കഴിഞ്ഞ ഒക്ടോബറില്‍ പെണ്‍വാണിഭ സംഘം പിടിയിലായത്. ഡ്രീം റെസിഡന്‍സി കേന്ദ്രമാക്കി പെണ്‍വാണിഭ സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നും വിദ്യാര്‍ഥികളടക്കമുള്ളവര്‍ പെണ്‍വാണിഭ സംഘത്തിന്റെ പിടിയിലാണെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് വ്യാപകമായ പരിശോധന നടത്തിയത്. ഹോട്ടല്‍ നടത്തിപ്പുകാരി കൊല്ലം സ്വദേശി രശ്മി, സഹായി ആലപ്പുഴ സ്വദേശി വിമല്‍, ഹോട്ടല്‍ ഉടമ എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ഒരുമാസമായി ഇവര്‍ ഈ ഹോട്ടലില്‍ താമസിച്ച് ഇടപാടുകള്‍ നടത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് രണ്ട് പോലീസുകാരുടെ പങ്ക് വ്യക്തമാകുന്നത്.
പെണ്‍വാണിഭ സംഘത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് രണ്ട് പോലീസുകാരും ബിനാമികളായി പ്രവര്‍ത്തിക്കുകയായിരുന്നു. എ.എസ്.ഐ രമേഷിന് ഒന്‍പത് ലക്ഷത്തോളം രൂപ നടത്തിപ്പുകാര്‍ നല്‍കിയതായുള്ള രേഖകളടക്കം പിടിച്ചെടുത്തിട്ടുണ്ട്. പോലീസിന്റെ സഹായം പെണ്‍വാണിഭ സംഘത്തിന് നല്‍കിയിരുന്നുവെന്നുമാണ് വ്യക്തമാകുന്നത്. അറസ്റ്റിലായ രണ്ട് ഉദ്യോഗസ്ഥരേയും കോടതിയില്‍ ഹാജരാക്കിയതിന് ശേഷം കസ്റ്റഡിയില്‍ വാങ്ങാനാണ് പോലീസ് നീക്കം.
ഇക്കഴിഞ്ഞ ഒക്ടോബറില്‍ കൊച്ചിയിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് അഞ്ച് സംഘങ്ങളെയാണ് പോലീസ് പിടികൂടിയത്. പെണ്‍വാണിഭ സംഘത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് രണ്ട് പോലീസുകാരും ബിനാമികളായി പ്രവര്‍ത്തിക്കുകയായിരുന്നു. കൊച്ചിയിലെ മറ്റ് പെണ്‍വാണിഭ സംഘങ്ങളുടെ നടത്തിപ്പിലും ഇവര്‍ക്ക് പങ്കാളിത്തമുണ്ടായിട്ടുണ്ടോയെന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കുകയാണെന്ന് കടവന്ത്ര സി.ഐ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.