വയനാട്: വയനാട് ചുണ്ടേലിൽ വാഹനാപകടത്തിൽ ഓട്ടോ ഡ്രൈവർ മരിച്ച സംഭവത്തിൽ വൻ വഴിത്തിരിവ്. ഓട്ടോറിക്ഷ ഡ്രൈവറെ വാഹനമിടിച്ച് കൊലപ്പെടുത്തിയതാണെന്ന വിവരമാണ് പുറത്തുവരുന്നത്. കേസിൽ സഹോദരങ്ങളായ പുത്തൂർ വയൽ കോഴി കാരാട്ടിൽ വീട്ടിൽ സുമിൽഷാദ്, അജിൻ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
തിങ്കളാഴ്ചയാണ് ഥാർ ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിട്ടുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവറായ നവാസ് മരിച്ചത്. വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് വ്യക്തമാക്കി. ഇരുവർക്കും എതിരെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
ഇന്നലെയാണ് ചുണ്ടേൽ വച്ച് ഥാർ ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചത് . ഓട്ടോ ഓടിച്ചിരുന്ന നവാസ് മരിക്കുകയും ജീപ്പ് ഓടിച്ചിരുന്ന സുബില്‍ ഷായ്ക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ജാമ്യമില്ലാ കുറ്റം ചുമത്തി സുബിൽ ഷായ്ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. സംഭവം ആസൂത്രിത കൊലപാതകമെന്ന ആരോപണവുമായി ഓട്ടോ ഡ്രൈവർ നവാസിന്റെ ബന്ധുക്കൾ പോലീസിനെ സമീപിച്ചിരുന്നു. ബന്ധുക്കള്‍ വൈത്തിരി പൊലീസില്‍ പരാതി നല്‍കിയിരുന്നു.
ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍ മരിച്ചസംഭവത്തില്‍ ദുരൂഹതയാരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. നവാസിന്റെ മരണത്തിനിടയാക്കിയ അപകടം വെറും വാഹനാപകടമല്ലെന്നും ആസൂത്രിതമായ കൊലപാതമാണെന്നുമാണ് ബന്ധുക്കളുടെ ആരോപണം.
അന്വേഷണമാവശ്യപ്പെട്ട് നവാസിന്റെ പിതൃസഹോദരന്‍ കെ.പി. റഷീദ് വൈത്തിരി പോലീസില്‍ പരാതിനല്‍കി. അപകടത്തിനിടയാക്കിയ ജീപ്പോടിച്ചിരുന്ന സുമില്‍ ഷാദും നവാസും തമ്മില്‍ നേരത്തേയുള്ള വൈരാഗ്യത്തിന്റെ പുറത്ത് കൊലപ്പെടുത്തിയതാണെന്നും കെ.പി. റഷീദ് പറഞ്ഞു. നവാസിനെ വിളിച്ചുവരുത്തി അപകടത്തില്‍പ്പെടുത്തിയതാണ്. സംഭവത്തില്‍ ഗൂഡാലോചനയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തിങ്കളാഴ്ച രാവിലെ എട്ടരയോടെ അമ്മാറ-ആനോത്ത് റോഡില്‍ ചുണ്ടേല്‍ എസ്റ്റേറ്റ് ഫാക്ടറിക്കുസമീപമായിരുന്നു നവാസിന്റെ മരണത്തിനിടയാക്കിയ അപകടം. ചുണ്ടേല്‍ എസ്റ്റേറ്റ് ഭാഗത്തേക്കുപോവുകയായിരുന്ന നവാസ് സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയും എതിരേവരികയായിരുന്ന ജീപ്പും കൂട്ടിയിടിച്ചായിരുന്നു അപകടം.
വാഹനത്തിരക്ക് വളരെ കുറവായ നേരേയുള്ള റോഡില്‍ അപകടസാധ്യത തീരേയില്ലെന്നും ഇത് മനഃപൂര്‍വമുണ്ടാക്കിയ അപകടമാണെന്നുമാണ് നാട്ടുകാരുടെ ആരോപണം. ഇക്കാര്യം അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്നും നാട്ടുകാരാവശ്യപ്പെട്ടു. ചൊവ്വാഴ്ച വൈകീട്ടാണ് നവാസിന്റെ കബറടക്കം നടന്നത്. അതിനുശേഷം ബൈക്കിലെത്തിയ രണ്ടുപേര്‍ സുമില്‍ ഷാദിന്റെ പിതാവ് നടത്തുന്ന ചുണ്ടേല്‍ വെള്ളംകൊല്ലിയിലെ മജ് ലിസ് റസ്റ്ററന്റിന്റെ ചില്ലുകള്‍ കല്ലെറിഞ്ഞുതകര്‍ത്തു. മുന്‍ഭാഗത്തെ രണ്ടുവശത്തെ ചില്ലുകളും തകര്‍ന്നു. ചില്ല് കൂടാതെ ഹോട്ടലിലെ കുറച്ചുമേശകളും തകര്‍ത്തിട്ടുണ്ട്.
അപ്പോഴേക്കും ചുണ്ടേല്‍, ചുണ്ടേല്‍ എസ്റ്റേറ്റ് ഭാഗത്തുള്ളവരും അവിടേക്കെത്തി. വൈത്തിരിയില്‍നിന്ന് പോലീസുമെത്തി. നവാസിന്റെ കൊലപാതകത്തില്‍ സമഗ്രാന്വേഷണം വേണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ഏറെനേരം ഹോട്ടലിനുമുന്നില്‍ തടിച്ചുകൂടി.